25 ഡിസംബർ 2008

ക്രിസ്തുമസ് പുതുവത്സര ചിന്തകള്‍

അങ്ങനെ 2008 വിടപറയുകയാണ്..
2009 ഇനെ സ്വാഗതം ചെയ്യാന്‍ ലോകം തയാറെടുക്കുന്നു..

ഈ അവസരത്തില്‍ എല്ലാവര്‍ക്കും ഗുലുമാല്‍ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നു..അതോടൊപ്പം ഗുലുമാലിന്റെ കുറെ ഭ്രാന്തന്‍ ചിന്തകള്‍ പങ്കു വെയ്ക്കുകയും ചെയ്യുന്നു..

വര്‍ണ്ണപ്പകിട്ടുകള്‍ ഇല്ലാത്ത ക്രിസ്തുമസ്....ആശങ്കകള്‍ നിറഞ്ഞ പുതുവത്സരം...

ലോകം മുഴുവനും ഒരു വിഷമാവസ്ഥയിലുടെ കടന്നു നീങ്ങുന്ന ഈ അവസരത്തില്‍ 2009ഇനെ വളരെ തയാറെടുപ്പോടെ വേണം നാം സ്വീകരിക്കേണ്ടത്..നാം നേരിടുന്ന പ്രശ്നങ്ങള്‍ അനവധി ആണ്...

സാമ്പത്തികമാന്ദ്യം ആര്‍ക്കും പിടികൊടുക്കാതെ വഷളാകുന്നു..
തീവ്രവാദം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു..
പ്രകൃതിയെ നാം ചൂഷണം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ നമ്മെ കാത്തിരിക്കുന്നു..
ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മോശം ആയി, ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന സംശയം...
ദാരിദ്ര്യം, ജനപ്പെരുപ്പം, തൊഴിലിലായ്മ ഇവ മൂന്നും നമ്മെ നോക്കി ഇളിച്ചു കാട്ടുന്നു...

മേല്‍ പറഞ്ഞവ എല്ലാം ഗുലുമാലിന്റെ കണ്ണില്‍ 2009ഇല് നമ്മെ കാത്തിരിക്കുന്ന വല്യ വല്യ പ്രശ്നങ്ങള്‍ ആണ്..
ഇവയെ എല്ലാം മറികടക്കാന്‍ 2009 ഇന് ആകും എന്ന് പ്രതീക്ഷിക്കുന്നു..

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു...എല്ലാ സമസ്യകളും തരണം ചെയ്തു മുന്നേറാന്‍ സര്‍വേശ്വരന്‍ എല്ലാരേം സഹായിക്കട്ടെ....

സ്നേഹപൂര്‍വ്വം
സ്വന്തം ഗുലുമാല്‍

19 ഡിസംബർ 2008

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(6)

സമയം 5.30
ഇനിയും 5 ഇഷ്യുകള്‍ ബാക്കി ഉണ്ട്...കുട്ടന്‍ ആരേം ശ്രദ്ധിക്കാതെ തന്റെ ജോലിയില്‍ മുഴുകി ഇരിക്കുന്നു...

പെട്ടന്ന് ചാറ്റ് വിന്‍ഡോയില്‍ രാഹുലിന്റെ കരയുന്ന സ്മൈലി...അവനുമുണ്ട് 5 ഇഷ്യു..

"കൊള്ളാം അപ്പോള്‍ ഇന്നും നമ്മള്‍ രണ്ടു പേരും...യെസ് വി ബോത്ത് ആര്‍ ഗോയിന്ഗ് ടു സ്റ്റേ ബാക്ക്,
പെട്ടന്ന് തീര്‍ക്കു, ഇല്ലേല്‍ വീട്ടില്‍ പോകാന്‍ പറ്റില്ല...."

റിപ്ലേ കൊടുത്തിട്ട് വീണ്ടും ജോലിയിലേക്ക്...

സമയം 6.45
എല്ലാരും പോകാനുള്ള തയാറെടുപ്പ് തുടങ്ങി..അവിടെ ഇവിടെ ആയി തന്നെ കൂട്ടുള്ള കുറെ ഹതഭാഗ്യര്‍ മാത്രം....
"പോട്ടെ എല്ലാരും പോട്ടെ.." കുട്ടന്‍ ദേഷ്യപെട്ട് പറഞ്ഞു...

"ഏതായാലും പോയി വല്ലതും കഴിക്കാം.." രാഹുലിനെ വിളിച്ച് പറഞ്ഞിട്ട് കുട്ടന്‍ പതുക്കെ എഴുന്നേറ്റു...

"വൊവ്, കുറ്റാ യു ഫിനിഷ്ഡ്‌ ദ വര്‍ക്ക്‌..ഗ്രേറ്റ്‌.."നാടന്‍ മദാമ്മ ആന്‍ റോസ് എതിരെ വരുന്നു...

"തനിക്കെന്താടോ എന്നോട് മലയാളത്തില്‍ സംസാരിച്ചാല്‍..ഒന്നുലേലും നമ്മള്‍ ഒരേ നാട്ടുകാര്‍ അല്ലെ..."കുട്ടന്‍ നീരസത്തോടെ പറഞ്ഞു..

"അതെ കുറ്റാ..നിക്ക് പെട്ടന്ന് മലയാലം വരില്ല..ന്ത് ചെയ്യാനാ..സോറി കുറ്റാ.." ആന്റെ മറുപടി

"തന്റെ പണി കഴിഞ്ഞോ...സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല..പണി ഉണ്ട്...അതിന് മുന്പ് വല്ലതും കഴിക്കണം....പോട്ടെ.." കുട്ടന്‍ പതുക്കെ അവിടുന്ന് രക്ഷപെട്ടു...

(തുടരും)

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(5)

സമയം 4.10
എല്ലാരും മീറ്റിങ്ങ് റൂമിലേക്ക് ചെല്ലാന്‍ അറിയിപ്പ്....
"ഒരു എക്സ്ക്ലുസീവ് മീറ്റിങ്ങ് ഫോര്‍ മെയില് മെംബേര്‍സ്....!!!"

"എന്താണാവോ കാര്യം...ഒരു പക്ഷെ ടൂറിന്റെ പ്ലാന്‍സ് തീരുമാനിക്കാനുള്ളതാകും ഈ മീറ്റിങ്ങ്.."
കുട്ടന്‍ രാഹുലിന്റെ ചെവിയില്‍ പറഞ്ഞതു തെറ്റിയില്ല..

അവിടെ തലവന്‍ തൊട്ടു ടീമിലെ പൈതലാന്‍ വരെ മുഴു കുടിയന്മാര്‍..

"നമ്മള്‍ എന്തിനെടെ വന്നത്, നമ്മള്‍ ടൂറിനു ഇല്ലാല്ലോ..!!" രാഹുലിന്റെ ചോദ്യത്തിന് കുട്ടന്‍ ചിരി മറുപടി ആയി കൊടുത്തിട്ട് പറഞ്ഞു.."അവന്മാരുടെ ഒടുക്കലത്തെ മീറ്റിങ്ങ്, എന്റെ ഇഷ്യുസ് എല്ലാം വെള്ളത്തിലാകും ഇന്നു..."

ചര്‍ച്ച തുടങ്ങി..
തലവന്‍ അജണ്ട പ്രഖ്യാപിച്ചു...
"പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ ഊട്ടിക്കു പോകുന്ന വിവരം നമ്മുക്കെല്ലാം അറിവുള്ളതാണല്ലോ...ഈ അവസരം നമ്മുക്ക് വെള്ളമടിച്ചു ആര്‍മ്മാദിക്കാന്‍ ഉള്ളതാണ് എന്ന് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു..ഈ അവസരത്തില്‍ എല്ലാവര്‍ക്കും അവരവരുടെ പ്ലാനുകള്‍ പറയാവുന്നതാണ്...കുട്ടന്‍, രാഹുല്‍ തുടങ്ങി ടൂറിനു വരാത്തവരും തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ നല്കി സഹകരിക്കേണ്ടതാണ്...ആരൊക്കെ ഏതൊക്കെ ബ്രാന്‍ഡ് കഴിക്കുന്നു തുടങ്ങി എല്ലാവിധ കാര്യങ്ങളും വ്യക്തമാക്കേണ്ടതാണ്.."

"ഈശ്വരാ.. ഇത് ഒരു ഐ ടി കമ്പനിടെ മീറ്റിങ്ങ് റൂം തന്നെ??..."കുട്ടന്‍ അടുത്ത 15 നിമിഷം ഇത് തന്നെ ആലോചിച്ചു നിന്നു...

സമയം 4.40
മീറ്റിങ്ങ് കഴിഞ്ഞു ഒരു ചായയും കുടിച്ചു തന്റെ സീറ്റില്‍ മടങ്ങി എത്തിയ കുട്ടന്‍ വീണ്ടും ഇഷ്യുകളുമായി വഴക്കടിക്കാന്‍ തുടങ്ങി.

"എന്നാച്ച് കുട്ടാ, വേല മുടിയിലേയ??..." അടുത്തിരിക്കുന്ന കനകവല്ലിടെ വക ചോദ്യം..

"സമയമില്ലാത്ത സമയത്താ അവളുടെ ഒരു കിന്നാരം.."

കുട്ടന്‍ ദേഷ്യം പുറത്തു കാണിക്കാതെ മറുപടി പറഞ്ഞു.."ഇല്ല..6 ഇഷ്യു ഇരുക്ക്‌..കൊഞ്ചം ഹെല്പ് തരെയാ....!!" പറഞ്ഞു തീര്‍ന്നതും അവള്‍ മുങ്ങി കളഞ്ഞു....

"ദാ ഇത്രേ ഉള്ളു ഇതുങ്ങളുടെ സ്നേഹം..പണി ചെയത്തുമില്ല...മനുഷ്യനെ കൊണ്ട് ചെയിക്കത്തുമില്ല..."

(തുടരും)

05 ഡിസംബർ 2008

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(4)

സമയം 12.30
എല്ലാവരും ലഞ്ച് കഴിക്കാനുള്ള തയാറെടുപ്പ് തുടങ്ങി...കുട്ടന്‍ ഇവിടെ ഒരു ഇഷ്യു തീര്‍ക്കാന്‍ മൂക്ക് കൊണ്ട് ക്ഷ വരയ്ക്കുന്നു...ആര്‍ക്കും ഒരു മൈന്‍ഡ് ഇല്ല...

"അല്ലേലും അങ്ങനെയാ..എന്തേലും സഹായം വേണേല്‍ എല്ലാവരും വരും..സഹായിക്ക് കുട്ടാ എന്നും പറഞ്ഞു..." ഉണ്ണിക്കുട്ടന്‍ പിറുപിറുത്തു...

സമയം 01.30

ഒരു വിധത്തില്‍ ലഞ്ച് കഴിച്ചിട്ട് വന്നു...

"ചോറില്‍ എന്തെങ്കിലും കുഴക്കും എന്നിട്ട് ആ സാധനത്തെ റൈസ് ചേര്‍ത്ത് വിളിക്കും...എന്നും ഇതു തന്നെ...ടൊമാറ്റോ റൈസ്, ലെമണ്‍ റൈസ്..എന്താ ചെയ്ക,.."

അടുത്ത ഇഷ്യുവുമായി മല്‍പിടിത്തം തുടങ്ങി..സമയം ആരെയോ തോല്പിക്കാനുള്ള ഓട്ടത്തില്‍ ആണ്...കണ്ടിട്ട് 100 മീറ്റര്‍ ഫൈനല്‍ മത്സരം ആണെന്ന് തോന്നുന്നു...ഇത് ഒരു വഴിയാകുന്ന ലക്ഷണം ഉണ്ട്...

ഉണ്ണിക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.....

സമയം 03.40

മൂന്ന് ഇഷ്യു വിജയകരമായി തീര്‍ത്തു...ഇനി 7 എണ്ണം...സമയം നാലാകാറായി....
ഇന്നും രാത്രിയാകും വീട്ടില്‍ പോകാന്‍.....7 ഇഷ്യുവും കുട്ടനും...ഒരു 20-20 മത്സരം തുടങ്ങി അവിടെ

വാശിയോടെ സോള്‍വ്‌ ചെയ്ത് തുടങ്ങി ഉണ്ണിക്കുട്ടന്‍..ഇനി പണി തീര്‍ത്തിട്ടെ വേറെ കാര്യം ഉള്ളു...
അപ്പുറത്തെ ബേയിലെ മനീഷ കൊയിരാള ചായ കുടിക്കാന്‍ പോകാന്‍ വിളിക്കുന്നു..

"ഒരു പണിയും ഇല്ലാതെ ഈച്ച അടിച്ചിരിക്കുമ്പോള്‍ ഒന്നും അവള്ക്ക് വിളിക്കാന്‍ തോന്നില്ല...എന്റെ പട്ടി പോകും ഇന്നു അവള്‍ടെ കൂടെ.."

ഒരു നിരാശയോടെ മറുപടി കൊടുത്തു..."ആജ് നഹി യാര്‍..മേരാ കാം തൊ അഭി അഭി ശുരു കിയാ ഹൈ.."..

(തുടരും)

28 നവംബർ 2008

മുംബൈ ദുരന്തം....ഈ നാടിന്റെ തീരാ ശാപത്തിന്റെ പരിണിത ഫലം...

ആര്‍ക്കു പോയി?....ആരുടെ ഒക്കെ കുടുംബങ്ങള്‍ക്ക് അവരുടെ ഉറ്റവരെ നഷ്ടപെട്ടോ, അവര്‍ക്ക് പോയി....
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍..ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍‍, പൊയ് കണ്ണീരുമായ് വരുന്ന നേതാക്കന്മാരെ, പണത്തെയും അധികാരത്തെയും മാത്രം വില കല്പിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ എല്ലാരും തിരിച്ചറിഞ്ഞു എതിര്‍ത്ത് തോല്പിക്കണ്ട സമയം ആയി..
സെഡ് കാറ്റഗറി സംരക്ഷണവും കൊടുത്ത്, നമ്മള്‍ തിരഞ്ഞെടുത്ത് വിടുന്ന നമ്മുടെ സ്വന്തം നേതാക്കള്‍ നമ്മുക്കായി എന്ത് നല്കുന്നു എന്നെല്ലാരും ചിന്തിക്കണം...അവര്‍ നല്‍കുന്നതിനേക്കാള്‍ വിലപ്പെട്ടതാണ്‌, നാട്ടിന് വേണ്ടി സ്വന്തം ജീവനെ പോലും വകവെക്കാതെ രാപ്പകല്‍ നാടിനു വേണ്ടി ജീവിക്കുന്ന പട്ടാളക്കാര്‍...

നമ്മുക്ക് വേണ്ടി ജീവന്‍ ബലികഴിച്ച അവരെ നമ്മള്‍ ഒരു പരമവീര ചക്രവും കൊടുത്ത് ആദരിക്കും... അത് കഴിഞ്ഞാല്‍ അങ്ങ് മറക്കും...അവര്ക്കും ഉണ്ട് പ്രിയപ്പെട്ടവര്‍..അച്ചന്‍,അമ്മ,ഭാര്യ,സഹോദരര്‍,മക്കള്‍...അവര്‍ എങ്ങനെ ആയി എന്ന് നമ്മള്‍ ഒരിക്കലും ചിന്തിക്കുന്നില്ല...
എല്ലാ ധീര ജവാന്മാരെയും ഗുലുമാല്‍ സല്യൂട്ട് ചെയ്യുന്നു....

നിങ്ങള്‍ ആണ് ഭാരതാംബക്ക് പ്രിയപെട്ടവര്‍...


വാല്‍ കഷ്ണം

ഈ രാഷ്ട്രീയ വ്യവസ്ഥിതി മാറണം...പാര്‍ട്ടി വത്യാസം ഇല്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും ഗുലുമാല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്....നിങ്ങള്‍ ആണ് ഇതിന് കാരണം...നിങ്ങള്‍ മാത്രം...ആരോ പണ്ടു പറഞ്ഞിടുണ്ട്..."ഒരു തെമ്മാടിടെ അവസാന കളിതട്ടാണ് രാഷ്ട്രീയം എന്ന്"......നിങ്ങള്‍ അത് സത്യം ആക്കി....നിങ്ങള്ക്ക് അതില്‍ അഭിമാനിക്കാം...

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(3)

സമയം 11.00

ചായ കുടിക്കാന്‍ സമയം ആകുന്നു.....പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു....അടുത്തിരിക്കുന്ന ടീം ലീഡ് കലിപ്പിച്ച് ഒന്നു നോക്കി..

"ഇവന്‍ ആരെടാ?..."ഉണ്ണിക്കുട്ടന്‍ മൈന്‍ഡ് ചെയ്യാതെ പതുക്കെ നടന്നു...മലയാളി സമാജത്തെ മൊത്തത്തില്‍ ഇളക്കി,എല്ലാരും കൂടി ചായ കുടിക്കാന്‍ നടന്നു....

"ഇനി ഒരു 15-20 മിനുട്ടെടുക്കും...കഥയും പറഞ്ഞു ചായേം കുടിച്ചിട്ട് എത്താന്‍...തിരിച്ച് എത്തുമ്പോള്‍ പണി ഉറപ്പാ....ഒരിക്കലും തീരാത്ത പണി....".ഉണ്ണിക്കുട്ടന്‍ മനസ്സില്‍ പറഞ്ഞു..

സമയം 11.30
പറഞ്ഞ പോലെ പണി കിട്ടി...കുന്നു പോലെ...ഇന്നു മുഴുവന്‍ ഇരുന്നാലും തീരാത്ത പണി....
എന്ത് ചെയ്യാന്‍......?

മര്യാദക്ക് പണി ചെയ്തിലേല്‍ പ്രശ്നം ആകും...ഒരു പത്ത് ഇഷ്യു തീര്‍ക്കാന്‍ തന്നിരിക്കുന്നു...സാധാരണ ആറെണ്ണം ആണ് പതിവ്...ഇന്നു തന്നോട് ഇത്തിരി സ്നേഹം കൂടി പോയില്ലേ എന്ന് സംശയം ...

ആ കാലന്റെ,സോറി ആ ലീഡിന്റെ മുഖത്ത് നോക്കി ചിരിച്ചോണ്ട് മനസില്‍ രണ്ടു ചീത്ത വിളിച്ചപ്പോ ആ വിഷമം കുറെച്ച് കുറഞ്ഞു...
(തുടരും)

22 നവംബർ 2008

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(2)

സമയം 8.50

ഓഫീസ് പരിസരത്ത് എത്തി...10 മിനിട്ട് നടക്കണം ഓഫീസിലേക്ക്....
പതിവു പോലെ കേരള ഹോട്ടലിന്റെ മുന്‍പില്‍ എത്തുമ്പോള്‍ പുട്ടിന്റെം കടലേടെം മണം മൂക്കിലേക്ക് ഇരച്ചു കയറി...."വേണ്ട, പരിസരം കാണുമ്പോള്‍ തിന്നാന്‍ തോന്നില്ല......" മനസ്സില്‍ പറഞ്ഞു..എന്നിട്ട്
ഒരു വിധത്തില്‍ നടന്നു ഓഫീസില്‍ കയറി..

സമയം 9.00

പതിവു പോലെ ഏറ്റവും ഒടുവില്‍ ആണ് ഉണ്ണിക്കുട്ടന്‍ എത്തിയത്......എല്ലാരേം നോക്കി ഒരു ഇളിഭ്യചിരിം പാസ്സാക്കി,..പതുക്കെ തന്റെ സീറ്റില്‍ എത്തി.

ലോഗ് ഇന്‍ ചെയ്ത്, തനിക്ക് വന്ന മെയില്‍ എല്ലാം വായിച്ചു...

സമയം 9.20

വിശപ്പിന്റെ വിളി...താന്‍ രാവിലെ ഒന്നും കഴിച്ചില്ല എന്ന് അപ്പോളാണ് ഉണ്ണിക്കുട്ടന്‍ ഓര്‍ത്തത്..ഉടനെ തന്നെ രാഹുലിനെ പിംഗ് ചെയ്ത് വിളിച്ചു....രണ്ടു പേരും കൂടി നേരെ കാന്ടീനിലെക്ക്....കൂപണ്‍ എടുത്ത് കൌണ്ടറില്‍ എത്തി...

ഒരു വ്യത്യാസവും ഇല്ല....പൊങ്കല്‍, ഇഡലി....എന്നും ഇതേ മെനു....

ആഹാരവും കഴിച്ചു ഒരു ചായേം കുടിച്ചിട്ട്, തിരികെ നടന്നു.

സമയം 9.45

തിരികെ സീറ്റില്‍ എത്തി...വീണ്ടും മെയില്‍ തുറന്നു വായിച്ചു...പണി കിട്ടിയില്ല ഇതുവരെ...ആ ബ്ലോക്കില്‍ ഉള്ള മലയാളി പസങ്ങളുടെ എല്ലാം അടുത്ത് പോയി കുശലം അന്വേഷിച്ചു മടങ്ങി എത്തിയപ്പോളെക്കും സമയം 10.30..

(തുടരും)

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(1)

സമയം 7.30

"ഓം നമ ശിവായ".....മൊബൈല്‍ അലാറം അലറി വിളിക്കാന്‍ തുടങ്ങി.
പതുക്കെ പുതപ്പിനടിയില്‍ നിന്നും ഉണ്ണിക്കുട്ടന്റെ കൈകള്‍ മൊബൈല്‍ ഫോണിനെ തേടി ഉള്ള യാത്ര തുടങ്ങി. ഒടുവില്‍ തലയണക്കീഴില്‍ നിന്നും മൊബൈല്‍ തപ്പിയെടുത്ത് അലാറം ഓഫാക്കി. എന്നിട്ട് ആരെയൊക്കെയോ ചീത്ത പറഞ്ഞു പതുക്കെ പുതപ്പിന് വെളിയില്‍ ഇറങ്ങി.

"നാശം..ഇന്നും നേരത്തെ നേരം പുലര്‍ന്നു....."

പാതി തുറന്ന കണ്ണുകള്‍ മുഴുവനായി കുത്തി തുറന്നു...കുളിമുറിയിലേക്ക് ഒറ്റ ഓട്ടം....


സമയം 7.45


ഉറക്കച്ചുവടൊക്കെ മാറി കുളിച്ച് കുട്ടപ്പനായി ഉണ്ണിക്കുട്ടന്‍ ഒരു എക്സിക്യൂട്ടീവ് ലുക്കിലെത്തി...ടക്ക് ഇന്‍ ചെയ്ത് ഒരു പ്രൊഫഷണല്‍ ആയി..ഉണ്ണിക്കുട്ടന്റെ യാത്ര ഇവിടെ തുടങ്ങുകയായി....ഇനി നേരെ ബസ്സ് സ്ട്ടോപിലേക്ക് ഒരു ചെറിയ നടത്തം..ഒരു പത്ത് മിനിട്ടു....

മൂന്നാം നിലയില്‍ നിന്നും പതുക്കെ ലിഫ്റ്റ് ഇറങ്ങി താഴെ എത്തിയപ്പോള്‍ പതിവു തെറ്റാതെ താഴത്തെ വീട്ടിലെ പിള്ളേര്‍ സ്കൂളില്‍ പോകാന്‍ നില്ക്കുന്നു.....അവരുടെ വക പതിവു വിഷിംഗ്...
"ഗുഡ് മോര്‍ണിംഗ് അങ്കിള്‍"....തിരികെ വിഷ് ചെയ്തിട്ട് നടന്നു....

നടന്നു റോഡിലേക്ക് എത്തിയപ്പോള്‍ വിപ്രോയിലും,ടി.സി.എസിലും ജോലി ചെയ്യുന്ന നോര്‍ത്ത് ഇന്ത്യന്‍ ചെല്ലക്കിളികള്‍ എതിരെ വരുന്നു....എന്നും ഇവരെ തന്നെ കണി കാണുന്നലോ ഈശ്വരാ!!!,എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് വേഗം നടന്നു....ഇനി വായും നോക്കി നടന്നാല്‍ ബസ്സ് മിസ്സാകും....

സമയം 8.15

ബസ്സ് കാത്തു നില്‍ക്കാന്‍ തുടങ്ങി.....വരുന്ന ബസില്‍ എല്ലാം കാല് കുത്താന്‍ ഇടമില്ല..
ഒടുവില്‍ ഒരെണ്ണത്തില്‍ കയറി പറ്റി...തിരക്ക് തന്നെ...രണ്ടു കാലും കുത്താന്‍ ഇടം കിട്ടിയത് തന്നെ ഭാഗ്യം.....ഒരു അര മണിക്കൂര്‍ യാത്ര...ഇതിനിടയില്‍ ഇരിക്കാന്‍ സീറ്റ് കിട്ടിയാല്‍ അത് വല്യ കാര്യം...

(തുടരും)

15 നവംബർ 2008

നഗരകാഴ്ച്ചകള്‍-2

തലചായ്ക്കാന്‍ ഹൈവേയില്‍ ഇടം കണ്ടെത്തുന്ന പശുക്കള്‍.....


തിരക്കിനും ബഹളങ്ങള്‍ക്കും ഇടയില്‍ ഒറ്റപെട്ടു പോയ മാന്‍......

08 നവംബർ 2008

നഗരകാഴ്ച്ചകള്‍

ചെന്നൈ നഗരത്തിന്റെ ഒരു മുഖം വല്യ കെട്ടിട സമുച്ചയങ്ങള്‍

വേറെ ഒരു വശത്ത് മാലിന്യ കൂമ്പാരങ്ങളും അലഞ്ഞു തിരിയുന്ന പശുക്കളും

അഭിനന്ദനങ്ങള്‍ അമേരിക്ക

ഒബാമ എന്ന ആഫ്രോ-അമേരിക്കന്‍ നേതാവിനെ തങ്ങളുടെ പ്രസിഡന്റ് ആക്കാന്‍ അമേരിക്കകാര്‍ തീരുമാനിച്ചത് മാറ്റത്തിന്റെ സൂചനകള്‍ ആണ്.

അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഗുലുമാല്‍ അഭിനന്ദനങ്ങള്‍ നേരുന്നു.

ഒരു 30 കൊല്ലങ്ങള്‍ക്കു മുന്പ് ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആണ് ഒരു കറുത്ത വര്‍ഗക്കാരന്‍ അമേരിക്കയില്‍ ഏതെങ്കിലും തലത്തില്‍ ഔനിത്യങ്ങളില്‍ എത്തുക എന്നത്.വര്‍ണവിവേചനം ഇപ്പോളും നിലനില്‍ക്കുന്ന അമേരിക്കന്‍ വ്യവസ്ഥിതിയില്‍, ഈ ഒരു മാറ്റം വളരെ നല്ലതാണു, പ്രത്യേകിച്ചും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഈ അവസരത്തില്‍.

ബുഷ് ഭരിച്ചു നശിപ്പിച്ച അമേരിക്കയെ എത്രത്തോളം ഒബാമയ്ക്ക് രക്ഷിക്കാന്‍ കഴിയും എന്നത് കണ്ടറിയാം....
അദേഹത്തിന്റെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്കും വിലപ്പെട്ടതാണ്‌ ...പ്രത്യേകിച്ചും ഔട്ട് സോഴ്സിംഗ് പോലുള്ള വിഷയങ്ങളില്‍.....

ഏതായാലും ബരാക് ഹുസൈന്‍ ഒബാമ നിങ്ങള്‍ മാറ്റത്തിന്റെ ഒരു കാറ്റു കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു.....

01 നവംബർ 2008

ചില പിറന്നാള്‍ ചിന്തകള്‍

ഇന്നു കേരള പിറവി........

കേരളത്തിന്റെ തനതായ വസ്ത്രങ്ങള്‍ ഉടുക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് ഈ ദിവസം എന്ന രീതിയില്‍ മാറുകയാണോ...?

ഗുലുമാല്‍ ചിന്തിച്ചു പോകുന്നു....

"കേരളം എന്ന് കേട്ടാല്‍ അഭിമാന പൂരിതം ആകണം അന്തരംഗം "എന്ന് മഹാകവി വള്ളത്തോള്‍ പാടിയിട്ടുണ്ട്.

എന്റെ സ്വന്തം നാട് എന്ന ഒരു വിചാരം നാട്ടില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍, ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ആണ് എന്നുള്ളത് ഗുലുമാലിന്റെ ഒരു വര്‍ഷത്തെ പ്രവാസി ജീവിതം പഠിപ്പിച്ചു...അന്യ നാടുകളിലെ സാഹചര്യങ്ങള്‍ വെച്ചു താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കൊച്ചു കേരളം എത്ര പിന്നില്‍ ആണ് എന്നുള്ളത് ഒരു സത്യം മാത്രം ആണ്...

പക്ഷെ മദിരാശിയിലെ കത്തി എരിയുന്ന ഏകാന്തതയിലും നാടിന്റെ ഓര്‍മകള്‍ ആണ് ഗുലുമാലിനെ മുന്നോട്ട് നയിക്കുന്നത്....
ആഗ്രഹിച്ചിട്ടില്ല ഈ പ്രവാസി വേഷം....മടങ്ങണം തിരികെ...എന്നെങ്കില്ലും
ദൈവത്തിന്റെ സ്വന്തം നാടിനെ കൂടുതല്‍ ഭംഗി ഉള്ളതാക്കാന്‍....

എന്നിരുന്നാലും നാട്ടില്‍ നിന്നും ഉള്ള ഓരോ വാര്‍ത്തയും കേള്‍ക്കുന്നത് വിഷമത്തോടെ ആണ്...

രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി നാട് നശിപ്പിക്കുന്നതും,ശബരീനാഥന്മാരും,സന്തോഷ് മാധവന്മാരും വാഴുന്നതും പോരാഞ്ഞിട്ട്‌ ഇപ്പോള്‍ ഭീകരവാദത്തിന്റെ കൊച്ചു തലസ്ഥാനം ആയിരിക്കുന്നു നമ്മുടെ കേരളം.

അമ്മയെ പോലെ സ്നേഹിക്കേണ്ട നമ്മുടെ ഭാരത ഭൂമിയെ കിട്ടുന്ന നക്കാപിച്ചക്ക് ഒറ്റു
കൊടുക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു മലയാളി മക്കള്‍....

മുത്തങ്ങ കഴിഞ്ഞു ഇനി ചെങ്ങറ ആകട്ടെ എന്ന് വേറെ ചിലര്‍..

ഏതായാലും സുന്ദര കേരളത്തിന് സുന്ദരമായ ഒരു ഭാവി നേരുന്നു...

28 ഒക്‌ടോബർ 2008

ക്യാപ്റ്റന്‍ വി.ആര്‍.ശര്‍മ്മ ഇന്‍ കാര്‍ഗില്‍....

എങ്ങും ഇരുട്ട് മാത്രം...എന്റെ കമാണ്ടോസും ഒത്ത് റോന്ത് ചുറ്റാന്‍ ഇറങ്ങിയതാണ് ഞാന്‍..ഹിമ കാറ്റ് വീശുന്നുണ്ട്.....മല ഇറങ്ങി അടിവാരത്തെ ഗലിയില്‍ എത്തി..അപ്പോള്‍ ആണ് ബഹദൂര്‍ സിംഗ് ഓടി വരുന്നത് കണ്ടത് ...

" സാബ്, സാബ് ...വാഹാന്‍ ചുപാ ഹെ..തീന്‍...വോ ബില്‍ഡിംഗ്‌ കെ അന്തര്‍...."

പെട്ടന്ന് ഓപ്പറേഷന്‍ നടത്താന്‍ തയാറായി...3 പേരെയും പിടിക്കണം അലേല്‍ തീര്‍ക്കണം....അതിനായി പെട്ടന്ന് പ്ലാന്‍ തയാറാക്കി..4 പേര്‍ അപ്പുറത്ത് നിന്നും,4 പേര്‍ ഇപ്പറത്തു നിന്നും വളയാന്‍ തീരുമാനിച്ചു..

ഏറ്റവും മുന്‍പില്‍ നായകന്‍ ആയ ഞാന്‍...ഒരു കൈ തോക്കും കൊണ്ട് ആ ബില്‍ഡിംഗ്‌ പരിസരത്ത് എത്തി...കൂടെ ബഹാദൂര്‍, വിനോദ്....

പതുങ്ങി അകത്തു കടന്നു....രണ്ടു മുറി കെട്ടിടം..ആരുമില്ല അവിടെ.....മൂന്ന് പേരും പൊസിഷനില്‍......

അവര്‍ അകത്തെ മുറിയില്‍ നിന്നു വെടി ഉതിര്‍ത്തു തുടങ്ങി...

പിന്നെ എല്ലാം സിനിമ സ്റ്റൈലില്‍....ഒടുവില്‍

എന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവില്‍ അവരെ കൊന്നൊടുക്കി.....

അങ്ങനെ അവിടുന്ന് തിരികെ പോരാന്‍ ഇറങ്ങിയപ്പോള്‍ ഒരു വെടിയൊച്ചയും സ്ഫോടനവും....

ഞാന്‍ തെറിച്ചു വീണു ആ ബില്‍ഡിംഗ്‌ മുറ്റത്തേക്ക്‌....തറയില്‍ നിന്നു എഴുന്നെല്കാന്‍ വയ്യ.....വെടി പൊട്ടുന്ന ശബ്ദം മാത്രം....ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു...

ടി വി ഓടുന്നുണ്ട്.......

സോഫയില്‍ കിടന്നു കണ്ടു കൊണ്ടിരുന്ന ഞാന്‍ നിലത്തു കിടക്കുന്നു....

അപ്പോളും വെടി ഒച്ച കേള്‍ക്കാം....

തല തിരുമ്മി കൊണ്ട് ഞാന്‍ എഴുന്നേറ്റ് ഇരുന്നു...കിഴക്ക് സൂര്യന്‍ വെള്ള കീറാന്‍ നേരം ആയി.....

ശെടാ ഈ വെടി ഒച്ച....

അപ്പോളാണ് ഓര്‍ത്തെ ദീപാവലി ആണ് ഇന്നു....

തമിഴ്നാട്ടിലെ പടക്കത്തിന്റെ വീര്യവും തലേന്ന് രാത്രി കണ്ട കീര്‍ത്തിചക്ര സിനിമയും എല്ലാം മിക്സ് ചെയ്ത് ഒരു സ്വപ്നം....

ഏതായാലും തലയില്‍ ഒരു പരമവീരചക്രം മുഴച്ചു കിടപ്പുണ്ട്....

പതുക്കെ കതക്കു തുറന്നു.....ഒരു റോക്കറ്റ് മുന്‍പില്‍ കൂടി ഒറ്റ പോക്ക്....എന്റെ ഭാഗ്യം...ദേഹത്ത് കൊണ്ടില്ല...

പടിയില്‍ ഇരുന്നു പേപ്പര്‍ എടുത്തപ്പോള്‍ ഒരു വിളി...

" അണ്ണാ, ദീപാവലി വാഴ്ത്തുക്കള്‍"....1-ആം നിലയില്‍ താമസിക്കുന്ന വിനായക് ...

അവന്‍ ആണ് ആ റോക്കറ്റിന്റെ ഓണര്‍.....

ചിരിച്ചു കൊണ്ട് അവനെ മനസ്സില്‍ ചീത്ത പറഞ്ഞു...

എന്നിട്ട് ഒരു ഹാപ്പി ദിവാലി കൊടുത്തു..കണ്ട സ്വപ്നവും ഓര്‍ത്ത് വീണ്ടും സോഫയില്‍ കയറി കിടന്നു.....

കുറുക്കനെന്ത് സംക്രാന്തി.....

16 ഒക്‌ടോബർ 2008

ജന്മദിനം

ഒക്ടോബര്‍ 17

ഇന്നേക്ക് 23 വര്‍ഷങ്ങള്‍ക്കു മുന്പുള്ള ഒരു ഒക്ടോബര്‍ 17

അന്നാണ് ഒരു മഹാനുഭാവന്‍ ഭൂജാതനായത്‌. ആരാണ് അത് എന്നാരിക്കും

നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക...ഈ ഞാന്‍ തന്നെ അത്.

ഏതായാലും എനിക്ക് ഞാന്‍ തന്നെ ഒരു ജന്മദിന ആശംസകള്‍ കൊടുക്കട്ടെ ....

" സന്തോഷ ജന്മ ദിനം കുട്ടിക്ക് "...(പിന്നണിയില്‍ വാദ്യഘോഷങ്ങള്‍ .....)


ഇനി എത്രെ കൊല്ലം ഉണ്ടോ ആവോ?....അറിയില്ല...

ഏതായാലും മഹത്തായ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി..



ഒരിക്കല്‍ കൂടി ഞാന്‍ എനിക്ക് ഭാവുകങ്ങള്‍ നേരുന്നു..

09 ഒക്‌ടോബർ 2008

കുഞ്ഞിരാമന്മാരുടെ ലോകം

ഗുലുമാല്‍ തുടങ്ങിട്ട് എട്ടു ദിവസം ആയി എങ്കിലും രണ്ടാം ലക്കം ഇടാന്‍ ഇപ്പോളാണ് സാധിച്ചേ...

എന്താ ചെയ്യുക....ഭയങ്കര തിരക്കായിരുന്നു...കുറെ എഴുതി വച്ചിട്ടുണ്ട് പക്ഷെ അങ്ങോട്ട് തൃപ്തി ആയില്ല..ഒരു വല്ലാത്ത  വൈക്ലബ്യം...

ഇന്ന് എന്താ പറയ്ക  എന്ന് വെച്ചാല്‍ ഒരു ഓഫീസ് മാറ്റത്തിന്റെ കഥ പറയാം..

ചൊവ്വാഴ്ച അഞ്ച് മണിക്ക് തലൈവന്‍ (ലീഡ്) വന്നിട്ട് പറഞ്ഞു വ്യാഴാഴ്ച്ച മുതല്‍ നമ്മള്‍ എല്ലാവരും കുറെ കൂടി കാട്ടിലോട്ട് മാറിയുള്ള ഒരു ഓഫീസിലേക്ക് മാറുന്നു  എന്ന്....

"സന്തോഷം ആയി ലീഡ് ഏട്ടാ ...സന്തോഷം ആയി..." തൊട്ട് അപ്പുറത്തിരിക്കുന്ന തൊഴിലാളി സുഹൃത്ത് പറഞ്ഞു.

"ഇപ്പൊ തന്നെ ഒരു കാട്ടില്‍ ആണ്.."

"ഇനി എങ്ങോട്ട് മാറാന്‍..."

പെട്ടന്ന് എല്ലാം കെട്ടി പെറുക്കി വെച്ചു.....ബുധനാഴ്ച്ച ആയുധ പൂജടെ അവധി ആണ്...അപ്പൊ ഇനി ഒന്നര മണിക്കൂറെ ഉള്ളു എല്ലാം പണ്ടാരം അടക്കി പോകാന്‍...

ദേഷ്യം എങ്ങനെ ഇരച്ചു കയറി...എന്ത് ചെയ്യാന്‍.........അവര് തുള്ളന്‍ പറഞ്ഞാല്‍ തുള്ളണം..ചാടാന്‍ പറഞ്ഞാല്‍ ചാടണം...പോകാന്‍ പറഞ്ഞാല്‍ പോകണം...

പണ്ടെങ്ങോ വഴിയില്‍ കണ്ട കുഞ്ഞിരാമാനേം അയാള്‍ടെ മുതലാളിയേം ഓര്‍മ വന്നു...

മുതലാളി കുഞ്ഞിരാമനെ കൊണ്ട് പണി എടുപ്പിക്കും....കുഞ്ഞിരാമന്‍ പണി എടുക്കും...

മുതലാളി കുഞ്ഞു ചെണ്ട കൊട്ടി പാടും

"ചാടി കളിക്കെട കുഞ്ഞിരാമ 

ആടി കളിക്കെട കുഞ്ഞിരാമ "

അവന്‍ ആടും ചാടും...ചുറ്റും കൂടി നില്ക്കുന്ന ആളുകളെ രസിപ്പിക്കും...അവന് ഒരു നേരം, അല്ലേല്‍ രണ്ടു നേരം ആ മുതലാളി നല്കുന്ന പഴവര്‍ഗങ്ങള്‍ ആണ് അവനെ അതിന് പ്രേരിപ്പിക്കുന്ന ഒരു കാര്യം, പിന്നെ അങ്ങേരുടെ കയ്യില്‍ നിന്നു കിട്ടുന്ന നല്ല തല്ലും...

നമ്മളും ഒരു കുഞ്ഞിരാമന്‍ അല്ലെ എന്നൊരു സംശയം...

എന്താ ചെയ്ക..

പാലാരിവട്ടം ശശി പറഞ്ഞത് ഓര്‍മ വന്നു.."ചതിക്കരുത് ജീവിതം ആണ് "...

അതെ ജീവിതം ആണ് ...ജീവിക്കണ്ടേ...അതാ നമ്മുടെയൊക്കെ അവസ്ഥ .....

02 ഒക്‌ടോബർ 2008

ഗുലുമാല്‍ വീണ്ടും

ഗുലുമാല്‍

ഗുലുമാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് മാന്നാര്‍ മത്തായിച്ചനും
പിള്ളാരും തിരയില്‍ വരുമ്പോള്‍ കൂടെ എത്തുന്ന ആ പശ്ചാത്തല സംഗീതം ആണ് ...

"അവനവന്‍ കുരുക്കുന്ന കുരുക്ക് അഴിച്ച് എടുക്കുമ്പോള്‍ ഗുലുമാല്‍.."

ഈ ബ്ലോഗിനെ ഇങ്ങനെ നാമകരണം ചെയ്യാന്‍ ഒരു കാരണം ഉണ്ട്...എന്റെ കോളേജ്
ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളില്‍ ഗുലുമാല്‍ ഉണ്ട്......

ഗുലുമാല്‍ എന്ന കൈ എഴുത്ത് പത്രം.. പത്രം എന്ന് അതിനെ വിളിക്കാമോ
എന്ന് സംശയം ആണ്,
അത് ഒരു മഞ്ഞ പത്രം ആയിരുന്നു...മഞ്ഞ പത്രം എന്നാല്‍ മഞ്ഞ പേപ്പറില്‍ എഴുതുന്ന പത്രം...
ശ്രീമാന്‍ ഗോകുല്‍.പി.എസ് എന്ന സരസനായ മനുഷ്യന്റെ ഹാസ്യ വിരുന്ന് ആയിരുന്നു ആ ഗുലുമാല്‍....

ക്ലാസ്സില്‍ നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ ഹാസ്യത്തിന്റെ മേന്പൊടി ചാലിച്ചു എഴുതി ഇരുന്ന ഒറ്റ പ്രതി പത്രം..അദ്ധ്യാപകര്‍ വരെ മനസ് തുറന്നു സ്വീകരിച്ചിരുന്നു അതിനെ...

അതില്‍ ഹാസ്യമുണ്ടായിരുന്നു, പരിഹാസം ഉണ്ടായിരുന്നു, പരിഭവം ഉണ്ടായിരുന്നു....

കാലത്തിന്റെ മലവെള്ളപാച്ചിലില്‍ കോളേജ് ജീവിതം ഓര്‍മയായി, ഗുലുമാല്‍ എങ്ങോ പോയി മറഞ്ഞു..

ജീവിതം വിരസമായി തുടങ്ങിയ നിമിഷങ്ങളില്‍, ഗുലുമാല്‍ തിരിച്ച് കൊണ്ടു വരാം എന്ന് തോന്നി..

അങ്ങനെ ഈ ഗാന്ധി ജയന്തി ദിനത്തില്‍ ഗുലുമാല്‍ വീണ്ടും എത്തുകയാണ്...

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍...
ഒത്തിരി വത്യസ്തതകളോടെ ഗുലുമാല്‍ വീണ്ടും....

നിങ്ങള്‍ എല്ലാവര്കും വേണ്ടി എന്റെ ബ്ലോഗോപാഹാരം ...........