10 ഓഗസ്റ്റ് 2009

വികൃത മുഖങ്ങള്‍

വളരെ വൈകി ആണ് ജീവന്‍ അപ്പാര്‍ട്ട്മെന്റില്‍ മടങ്ങി എത്തിയത്‌.ആ വാരാന്ത്യം വെറുതെ ഒരു യാത്ര.ഗ്രാമങ്ങളുടെ പച്ചപ്പും മനോഹാരിതയും തരുന്ന വളരെ അമൂല്യമായ ആ ഏകാന്തതയെ അയാള്‍ വല്ലാതെ പ്രണയിച്ചിരുന്നു.തന്റെ ജോലിയെ വളരെ അധികം ഇഷ്ടപെടുന്നു എങ്കിലും വാരാന്ത്യങ്ങള്‍ ഇങ്ങനെ ഒരു അവധൂതനെ പോലെ അലഞ്ഞു നടക്കുന്നതില്‍ ഒരു തരം ആത്മസംതൃപ്തി അയാള്‍ കണ്ടെത്തിയിരുന്നു.തന്റെ അമ്മയുടെ പേരില്‍ ഉള്ള ആശുപത്രിയുടെ എം ഡിയും കൂടാതെ അവിടുത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ആണ് ജീവന്‍.ആശുപത്രിയോട്‌ ചേര്‍ന്നുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് അയാള്‍ താമസിക്കുന്നത്.പ്രായം മുപ്പതു കഴിഞ്ഞു എങ്കിലും അവിവാഹിതന്‍.

യാത്രയുടെ ക്ഷീണത്തില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയ അയാളെ ശല്യം ചെയ്യാന്‍ എന്നാ പോലെ ഒരു ഫോണ്‍ കാള്‍.

"ഹലോ ഡോക്ടര്‍ ജീവന്‍..രമേശ്‌ ആണ്...ഒരു സാഡ് ന്യൂസ്‌..ജോണ്‍ അങ്കിള്‍..ഹി ഈസ്‌ നോ മോര്‍..ഇന്നലെ രാവിലെ ആയിരുന്നു..മരിക്കുന്നതിനു തൊട്ടു മുന്‍പും നിന്നെ തിരക്കി..അവസാനം ഒരു കവര്‍ എന്റെ കയ്യില്‍ തന്നു..നിനക്ക് തരാന്‍..അത് ഞാന്‍ സെക്യുരിട്ടിയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്..വാങ്ങാന്‍ മറക്കേണ്ടാ.."

വാര്‍ത്ത കേട്ട ജീവന്‍ കുറെ നേരത്തേക്ക്‌ അവിടെ തന്നെ ഇരുന്നു.

ജോണ്‍ അങ്കിള്‍..ആരാണെന്നോ ഏത് നാട്ടുകാരന്‍ ആണെന്നോ അറിയില്ല.ഒരു മാസം ആകുന്നു അദേഹത്തെ ആശുപത്രിയില്‍ കൊണ്ട് വന്നിട്ട്.ഒരു ദിവസം പാരീസ്‌ കോര്‍ണറിലെ മാളിന്റെ മുന്‍പിലെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ കാറിനു മുന്‍പില്‍ വീണു കിടന്ന ജോണ്‍ അങ്കിളിനെ താനും രേമേശും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്‌.വന്നു രണ്ടു ദിവസം കൊണ്ട് അങ്കിള്‍ എല്ലാരുമായും ചങ്ങാത്തം കൂടി.വളരെ സരസന്‍ ആയ മനുഷ്യന്‍.കറുത്ത പാന്റ്സും,വെള്ള ഷര്‍ട്ടും,അതിനു മുകളില്‍ ഒരു കറുത്ത കോട്ടും പിന്നെ ഒരു കറുത്ത കൌ ബോയ്‌ ഹാട്ടും ആയിരുന്നു താന്‍ ആദ്യം കാണുമ്പോള്‍ അദേഹത്തിന്റെ വേഷം.കുറെ കഥകള്‍ പറഞ്ഞു തന്നു അങ്കിള്‍.പല ദേശങ്ങളിലൂടെ ഉള്ള ആ യാത്രകള്‍ ആയിരുന്നു മുഖ്യം ആയും.ഒരു നാടോടി.കാന്‍സര്‍ എന്ന മഹാരോഗം തന്നെ ഇല്ലാതാക്കുന്നു എന്ന സത്യം അദേഹം അറിഞ്ഞിരുന്നോ എന്നറിയില്ല.

ജീവന്‍ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി.കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ അയാള്‍ ചിന്തകളുടെ ആ ലോകത്ത് നിന്നും ഉണര്‍ന്നത്.സെക്യൂരിറ്റി രാമേട്ടന്‍ ആയിരുന്നു.

രാമേട്ടന്‍ തന്ന ആ കവറുമായി തിരികെ മുറിയില്‍ എത്തിയ ജീവന്‍ വളരെ അധികം ആകാംഷയോടെ അത് തുറന്നു. ഒരു ഡയറി.

ഡയറിയുടെ മുന്‍പേജില്‍ നല്ല വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു "ഇമ്മാനുവേല്‍ ജോണ്‍"

പേജുകളിലൂടെ മുന്നോട്ട് പോയ ജീവന്‍ ഒരു കഥ കാണാന്‍ കഴിഞ്ഞു.ജോണ്‍ അങ്കിള്‍ തന്റെ ആശുപത്രിയില്‍ എത്തിയതിനു ശേഷം എഴുതിയ ഒരു കഥ.ജോണ്‍ അങ്കിളിന്റെ ഡയറി കുറിപ്പുകളിലൂടെ ഒരു കഥ.

അന്ന്‍ നല്ല മഴ ഉള്ള ദിവസം ആയിരുന്നു.തന്റെ ഈമോ ഫ്ലവര്‍ മാര്‍ട്ടിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി അതില്‍ നിന്നും കടയിലേക്ക്‌ കയറി വന്ന ആ പെണ്‍കുട്ടിയെ തനിക്ക്‌ ആദ്യം മനസിലായില്ല.അവള്‍ പൂക്കള്‍ മേടിച്ചിട്ട് തന്നെ നോക്കി ചിരിച്ചു.എന്നിട്ട് ചോദിച്ചു."ഇമ്മാനുവേല്‍"

"അതെ" എന്ന ഉത്തരം പറയുന്നതിന് മുന്‍പ്‌ തന്നെ ഒരു മന്ദസ്മിതം സമ്മാനം ആയി തന്നിട്ട് അവള്‍ നടന്നു നീങ്ങി.

അടുത്ത ദിവസവും അവള്‍ കടയില്‍ വന്നു."എന്നെ മനസിലായില്ല അല്ലെ.." എന്ന അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയാന്‍ വിഷമിക്കുന്നത് കണ്ടു അവള്‍ പറഞ്ഞു."ഒരു പഴയ സഹപാഠി ആണ്...ഈമോ എന്നെ ആന്‍ വിളിച്ചിരുന്നു.."

ആന്‍...കലാലയ ജീവിതത്തിന്റെ മധുരതരമായ ഓര്‍മകളില്‍ ഒളിമങ്ങാതെ കിടന്ന ചില പേരുകളില്‍ മനപൂര്‍വ്വം ചിതലരിയിച്ചു കളഞ്ഞ ആ പേര്..ഒരു കുബേരന്റെ മകള്‍ ആയിരിന്നിട്ടു കൂടി വെറും ഒരു കപ്യാരിന്റെ മകന്റെ ഏറ്റവും അടുത്ത സുഹൃത്തായ അവള്‍..തനിക്ക്‌ അവളെ ഇഷ്ടം ആയിരുന്നു....നിര്‍വചിക്കാന്‍ കഴിയാത്ത ഇഷ്ടങ്ങളില്‍ ഒന്ന്.

പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നിന്നും രക്ഷപെടാന്‍ ഉള്ള പരക്കം പാച്ചിലില്‍ ആരോടും പറയാതെ പഠിത്തവും ഉപേക്ഷിച്ചു ഈ പട്ടണത്തില്‍ എത്തുമ്പോള്‍ ഭൂതകാലത്തിലെ ആരെയും കണ്ടുമുട്ടല്ലേ എന്ന ഒരു പ്രാര്‍ഥനയെ ഉള്ളായിരുന്നു.

"ആന്‍ എന്താ ഇവിടെ..." ഓര്‍മകളുടെ തേരോട്ടത്തില്‍ നിന്നും മുക്തന്‍ ആകാന്‍ ഞാന്‍ ഒരു ശ്രമം നടത്തി."എന്റെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ്‌ ഇവിടെ ആണ്.എന്താണ് തന്റെ വിശേഷങ്ങള്‍.അന്ന് ആരോടും പറയാതെ മുങ്ങിയതല്ലേ.."

നഷ്ടപെട്ട ആ സൌഹൃദം പതുക്കെ വീണ്ടും തളിരിടാന്‍ തുടങ്ങി.ആനിന്റെ ഭര്‍ത്താവ്‌ വളരെ തിരക്കുള്ള ഒരു ബിസിനസ്സുകാരന്‍.വിദേശരാജ്യങ്ങളിലും നാട്ടിലുമായി കോടി കണക്കിന് രൂപയുടെ ആസ്തി.വളരെ തിരക്കുള്ള ഒരാള്‍.

ആന്‍ മിക്കവാറും ദിവസങ്ങളില്‍ കടയില്‍ വരും.ചില ദിവസങ്ങളില്‍ അവിടെ ഇരിക്കും,കുറെ നേരം സംസാരിക്കും.അങ്ങനെ ആഴ്ചകള്‍ കടന്നു പോയി.അവള്‍ തന്നോട്‌ മനസ്സ് തുറന്നു സംസാരിക്കാന്‍ തുടങ്ങി.പുറമേ വളരെ സന്തോഷവതി ആയി കണ്ടിരുന്ന അവളുടെ ഉള്ളൊരു പുകയുന്ന അഗ്നിപര്‍വതം ആണ് എന്ന് ഞാന്‍ മനസിലാക്കിയത്‌ വളരെ വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയും ആണ്.അവളുടെ ദാമ്പത്യജീവിതം അത്ര സുഖകരം ആയ ഒന്നല്ല എന്ന സത്യം തന്നെ വളരെ അധികം വിഷമിപ്പിച്ചിരുന്നു ആ ദിവസങ്ങളില്‍.

ഒരു ദിവസം കടയില്‍ വന്ന അവള്‍ വളരെ ദുഖിതയായി കാണപെട്ടു.കാരണം തിരക്കിയപ്പോള്‍ തലേ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു എന്ന് പറഞ്ഞു.തന്നെ ചൊല്ലി ആയിരുന്നു വഴക്ക്‌ എന്നത് കേട്ടപ്പോള്‍ ഞാന്‍ അവളോട്‌ ഇനി കടയില്‍ വരരുത് എന്ന് പറഞ്ഞു.

അവള്‍ കേട്ടില്ല.അവളുടെ പതിവായുള്ള സന്ദര്‍ശനങ്ങള്‍ തന്നെ വളരെ അധികം വിഷമിപ്പിച്ചിരുന്നു.
പിന്നീട് എപ്പോളോ അവള്‍ പറഞ്ഞു.."ഈമോ,നിന്നെ എനിക്ക് നഷ്ടപ്പെട്ട് പോയില്ല എങ്കില്‍ നിന്റെ ഭാര്യയായി ഈ കടയില്‍...."അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും നഷ്ട സൌഭാഗ്യങ്ങളുടെ മുത്തുകള്‍ പൊഴിയുന്നുണ്ടായിരുന്നു.തന്റെ തോളില്‍ തല ചായിച്ചു അവള്‍ പൊട്ടി കരഞ്ഞു

ആനിന്റെ തേങ്ങലുകള്‍ ഇരുളിന്റെ മറവില്‍ എവിടെയോ അലയടിക്കുന്ന പോലെ ജീവന് തോന്നി.താളുകളിലൂടെ ജീവന്‍ ഏറെ മുന്നോട്ട് പോയി.

നാളുകള്‍ കടന്നു പോയി.ആനിന്റെ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കൂടി കൊണ്ടേ ഇരുന്നു.തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകം ആയി അവള്‍.എവിടേക്കെങ്കിലും കൂട്ടികൊണ്ട് പോയി അവളെ രക്ഷപെടുത്താന്‍ മനസ് ആഗ്രഹിച്ചിരുന്നു എങ്കിലും,ഒരു പാവം പൂ-വില്പനക്കാരന് അത് ചിന്തിക്കവുന്നതിലും അപ്പുറത്തായിരുന്നു.ഒരു താഴെക്കിടയിലുള്ള മനുഷ്യന്‍ സ്വപ്നം കാണുന്നത് പാപം ആണ് എന്ന് അപ്പച്ചന്‍ പറയാറുള്ളത്‌ സത്യം ആണ് എന്ന് മനസിലാക്കിയ ജീവിതത്തിലെ നിമിഷങ്ങള്‍.ഒരു വ്യക്തി എന്ന നിലയിലും,മനുഷ്യന്‍ എന്ന നിലയിലും ഞാന്‍ ഒരു പരാജയം ആയി എന്ന ചിന്ത തന്നെ അലട്ടികൊണ്ടേ ഇരുന്നു.

ജീവിതത്തിന്റെ താളം മാറ്റി മറിച്ച ദിനങ്ങള്‍.

കാറ്റും കോളും താണ്ഡവം ആടിയ ആ രാത്രിയില്‍,പിറ്റേ ദിവസത്തേക്ക് വന്ന പൂക്കള്‍ എല്ലാം ഭദ്രമായി എടുത്തു വെച്ച് കട പൂട്ടി ഇറങ്ങി, കുറിച്ച് മാറിയുള്ള തന്റെ ഒറ്റ മുറി വീടിലേക്ക്‌ നടന്ന തന്നെ കാത്തു വഴിയരികില്‍ കാറുമായി ആന്‍.

എത്ര പറഞ്ഞിട്ടും മടങ്ങി പോകാന്‍ കൂട്ടാക്കാതെ അവള്‍ തന്നെ കാറില്‍ കയറ്റി.കുറെ നേരം എവിടെയൊക്കെയോ കറങ്ങി നടന്നു.തന്റെ വിഷമങ്ങള്‍ മുഴുവനും അവള്‍ പറഞ്ഞു തീര്‍ത്തു.കുറെ കരഞ്ഞു.കലാലയ ജീവിതത്തിലെ കുറെ തമാശകള്‍ പറഞ്ഞു ചിരിച്ചു.ഒടുവില്‍ തന്റെ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവള്‍ തന്നോടു ആവശ്യപെട്ടത്‌ വളരെ തെറ്റായ ഒരു കാര്യം ആയിരുന്നു എങ്കിലും തനിക്ക്‌ അവളെ നിഷേധിക്കാന്‍ കഴിഞ്ഞില്ല.ആ രാത്രിയുടെ ആദ്യയാമങ്ങളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.

കാലം വീണ്ടും മുന്നോട്ട് പോയി.ആനില്‍ മറ്റൊരു ജീവന്‍ കൂടെ ഉണ്ട എന്ന സത്യം വളരെ കുറ്റബോധത്തോടെ ആണ് ഞാന്‍ സ്വീകരിച്ചത്‌.പക്ഷെ ആ വാര്‍ത്ത അവളുടെ ജീവിതത്തിനു അപ്രതീക്ഷിതമായ ഒരു മാറ്റം സമ്മാനിച്ചു.അവളുടെ ഭര്‍ത്താവിന്റെ പെരുമാറ്റ രീതികളില്‍ വന്ന മാറ്റം ആര്‍ക്കും ചിന്തിക്കവുന്നതിലും അപ്പുറത്തായിരുന്നു.ഒരു ക്രൂരനില്‍ നിന്നും വളരെ സ്നേഹനിധിയായി ആ മനുഷ്യനെ ഈ സംഭവം മാറ്റി എടുത്തു.

മാപ്പ് ചോദിക്കാന്‍ ആയി അയാള്‍ കടയില്‍ വന്ന അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു.ഈ സത്യം അയാള്‍ ഒരിക്കലും അറിയരുത്‌.അതിനു താനും ആനും ഇനി കാണുകയും അരുത്‌.
വിദേശത്ത് ജോലി കിട്ടി എന്ന് കളവു പറഞ്ഞു താന്‍ അവിടെ നിന്നും യാത്രയായി.പിന്നെ ഒരു ദേശാടനം ആയിരുന്നു.പോകാത്ത ദേശങ്ങളില്ല,ഗുരുവിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കുറ്റബോധം തീര്‍ക്കാന്‍ ആയി സ്വയം ഉമിയില്‍ എരിഞ്ഞ ആ ശിഷ്യനെ പോലെ, സ്വയം ഇല്ലാതാകാന്‍ ആയി ഞാന്‍ അലഞ്ഞു നടന്നു.

ഒന്നര മാസത്തിനു മുന്‍പ്‌ തിരിച്ച് ആ നാട്ടില്‍ എത്തിയ ഞാന്‍ ആനിനെയും കുടുംബത്തെയും കാണാന്‍ ശ്രമിച്ചു.തന്നെ കാത്തിരുന്നത് വളരെ ദുഖിപ്പിക്കുന്ന വാര്‍ത്തകള്‍.

തന്റെ കുഞ്ഞിനു ജന്മം നല്‍കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആനും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു.പരിക്കേറ്റു ആശുപത്രിയില്‍ കഴിയവേ ആന്‍ കുഞ്ഞിനു ജനം നല്‍കി.തന്റെ കുഞ്ഞിനെ ഒന്ന് മാറോട്‌ അണയ്ക്കാന്‍ കഴിയുന്നതിനു മുന്‍പേ അവള്‍ ദൈവത്തിന്റെ അടുത്തേക്ക്‌ യാത്ര ആയി.ആനിന്റെ ഭര്‍ത്താവും കുഞ്ഞും മാസങ്ങള്‍ക്ക് ശേഷം വേറെ ഒരു നഗരത്തിലേക്ക് മാറി താമസിച്ചു.

ഈ വാര്‍ത്തകള്‍ കേട്ട് ആ നഗരത്തിലേക്ക് ഞാന്‍ ചെന്നു.അവിടെ കുറെ ഏറെ അന്വേഷിച്ചിട്ടും തന്റെ മകനെയോ ആനിന്റെ ഭര്‍ത്താവിനെയോ തനിക്ക്‌ കണ്ടെത്താന്‍ സാധിച്ചില്ല.വാര്‍ധക്യം,വര്‍ഷങ്ങള്‍ നീണ്ട ദേശാടനത്തിന്റെ ബാക്കിപത്രങ്ങള്‍,പിന്നെ കുറെ രോഗങ്ങളും തന്നെ വളരെ ഏറെ കഷ്ടപെടുത്തി.ഒരു ദിവസം ഒരു കാറിന്റെ മുന്‍പില്‍ തളര്‍ന്നു വീണ തന്നെ ദൈവദൂതരേ പോലെ രണ്ടു ചെറുപ്പക്കാര്‍ രക്ഷപെടുത്തി

കണ്ണ് തുറക്കുമ്പോള്‍ ഏതോ ഒരു ആശുപത്രിയില്‍ ആണ് ഞാന്‍.ക്ഷീണം മാറി തുടങ്ങിയപ്പോലെക്കും മനസ്സിലായി തന്നെ രക്ഷപെടുത്തിയത് ജീവന്‍,രമേശ്‌ എന്ന രണ്ടു ഡോക്ടര്‍മാര്‍ ആണെന്നും,അതില്‍ ജീവന്റെ ആണ് ഈ ആശുപത്രി എന്നും.ജീവിതം മുഴുവനും ഒറ്റയ്ക്ക് ചിലവഴിച്ച തനിക്ക്‌ ഈ അസ്തമയസമയം വളരെ ആശ്വാസം നല്‍കുന്നതായിരുന്നു.ഒരു പറ്റം മക്കള്‍ ഉള്ള പോലെ തോന്നുന്നു ഈ നാളുകള്‍.


ഡയറിയില്‍ തീയതി കഴിഞ്ഞ വെള്ളിയാഴ്ച.ജീവന്റെ കണ്ണുകള്‍ നിറഞ്ഞു.ജോണ്‍ അങ്കിളിന്റെ അവസാന കുറിപ്പുകള്‍.

ഇന്ന് ഞാന്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വെറുതെ ജീവന്റെ മുറിയിലേക്ക്‌ ചെന്നു.നീ ഇല്ലായിരുന്നു.മുറി തുറന്നപ്പോള്‍ ചുമരില്‍ കിടക്കുന്ന ഫോട്ടോ കണ്ടു.അവിടെ നിന്നും പുറത്തിറങ്ങി കുറെ നടന്നു.ആശുപത്രിയുടെ മുഴുവന്‍ പേര് വായിച്ചപ്പോള്‍ തന്റെ തല കറങ്ങുന്ന പോലെ തോന്നി.

പൂന്തോട്ടത്തില്‍ തളര്‍ന്നു വീണ തന്നെ രമേശ്‌ പരിശോധിക്കാന്‍ വന്നപ്പോള്‍,ജീവനെ കുറിച്ചും,ജീവന്റെ വീട്ടുകാരെ കുറിച്ചും തിരക്കി.അമ്മ ചെറുപ്പത്തിലെ മരിച്ചു പോയി എന്നും,പിതാവ്‌ പിന്നെ ജീവന് വേണ്ടി മാത്രം ജീവിച്ചു എന്നും കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.ജീവന്റെ പിതാവും മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു എന്നും രമേശ്‌ പറഞ്ഞു.

ഇതെല്ലാം കേട്ടപ്പോള്‍ തനിക്ക്‌ ജീവനെ കാണണം എന്ന് തോന്നി.പക്ഷെ ജീവന്‍ എവിടേക്കോ യാത്ര പോയി എന്ന് കേട്ടപ്പോള്‍ മനസ്സ് തകരുന്ന പോലെ തോന്നി.ഈ രാത്രി ഞാന്‍ മുഴുമിപ്പിക്കുമോ എന്ന് സംശയം.

ജീവന് തരാന്‍ ആയി ഈ ഡയറി ഞാന്‍ രമേഷിനെ ഏല്പിക്കുന്നു.

അവസാനം ആയി ഒരു സത്യം കൂടി.. "ആനീറ്റ ജോസഫിന്‍" അതാണ്‌ എന്റെ ആന്‍...നിന്റെ അമ്മ...

നിനക്കായി പ്രാര്‍ഥനയോടെ

വലിയ ഒരു സത്യം തിരിച്ചറിഞ്ഞ ജീവന്‍ കുറെ അധികം സമയം നിശബ്ദനായി ഇരുന്നു.ആ കണ്ണുകളില്‍ നിന്നും ചുടുനീര്‍ പതുക്കെ പതുക്കെ പുറത്തുവന്നു.എഴുന്നേറ്റു ഫ്രിഡ്ജില്‍ നിന്നും അല്‍പ്പം വെള്ളം എടുത്തു കുടിച്ചു ജീവന്‍ പതുക്കെ ഫോണ്‍ എടുത്തു രമേഷിനെ വിളിച്ചു..

"രമേശ്‌, നാളെ ഒരു യാത്ര ഉണ്ട്.നീ കൂടി വരണം.അമ്മേടെയും പപ്പയുടേയും ജോണ്‍ അങ്കിളിന്റെയും കുഴിമാടങ്ങളില്‍ പോകണം.."

"ജീവന്‍, എന്താ പറ്റിയത്‌..?" എന്ന രമേഷിന്റെ ചോദ്യം ജീവന്‍ കേട്ടില്ല...അയാള്‍ അപ്പോഴും ആ സത്യം തിരിച്ചറിഞ്ഞതിന്റെ അന്ധാളിപ്പില്‍ ആയിരുന്നു.

04 ഓഗസ്റ്റ് 2009

ഹൃദയത്തില്‍ റഫി

കാറ്റ് ശക്തി ആയി വീശി തുടങ്ങിയിരുന്നു.കൂടെ മഴയും.മുറിയില്‍ ഏതോ മാസികയിലൂടെ കണ്ണുകള്‍ ഓടിച്ചു കൊണ്ടിരുന്ന തന്നെ, ജനല്‍ പാളികളിലെ കണ്ണാടിച്ചില്ലില്‍ തട്ടുന്ന മഴത്തുള്ളികള്‍ ആവേശം കൊള്ളിച്ചു.

ഒരു കപ്പു കാപ്പിയുമായി പതുക്കെ ബാല്‍ക്കണിയിലേക്ക് എത്തിയപ്പോള്‍,തന്നെ പ്രകൃതി തൂവാനം തല്ലി സ്വീകരിക്കുന്ന പോലെ തോന്നി.എത്ര നേരം അവിടെ നിന്നു എന്നറിയില്ല.മഴയും കാറ്റും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സൂചിക പോലെ കൂടിയും കുറഞ്ഞും നിന്നിരുന്നോ??.
അതും അറിഞ്ഞില്ല..

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയതാണ് ഈ തെരുവില്‍.ബോംബെ നഗരത്തിന്റെ തിരക്കുകള്‍ ഒരിക്കലും തീണ്ടിയിട്ടില്ലാത്ത തന്റെ തെരുവ്.30 കൊല്ലം കൊണ്ട് വല്യ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല ഇവിടത്തിനു..

ആള്‍ക്കാര്‍ വന്നും പോയിയും ഇരിക്കുന്നു.അല്ലാതെ എന്ത് മാറ്റം?..

എന്തൊക്കെയോ ചിന്തിച്ചു അങ്ങനെ നിന്നു.

ഭൂതകാലത്തിലേക്ക് ഒരു യാത്ര ആണോ...?അറിയില്ല....ചിലപ്പോള്‍ തോന്നാറുണ്ട് താന്‍ ഭൂതകാലത്തില്‍ ആണ് ജീവിക്കുന്നത് എന്ന്..

25 കൊല്ലങ്ങള്‍ക്ക് മുന്‍പാണ്.കത്തി എരിയുന്ന സീറോ ബള്‍ബുകളുടെ അരണ്ട വെളിച്ചത്തിലെ ഒരു സായാഹ്നം.ഏതോ രാഷ്ട്രീയ സമ്മേളനം റിപ്പോര്‍ട്ട്‌ ചെയ്തു നേരത്തെ മടങ്ങി എത്തിയ തന്നെ ഈ തെരുവോരത്തെ മരച്ചുവട്ടില്‍ ഇരുന്നു പാടുന്ന ആ അന്ധഗായകന്റെ ശബ്ദം ആണ് വരവേറ്റത്.

"ബഹാരോം ഫൂല്‍ ബര്‍സാവോ മേരാ മെഹബൂബ് ആയ ഹേ"

മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ആ ഗാനം അതി മനോഹരമായി അയാള്‍ പാടുന്നുണ്ടായിരുന്നു.പാടിയ പാട്ടുകള്‍ എല്ലാം റാഫി സാബിന്റെതായിരുന്നു.ആ ഗാനങ്ങള്‍ ആസ്വദിച്ച് അങ്ങനെ നിന്നു,സമയം പോയത്‌ അറിയാതെ.ഒടുവില്‍ ആ ഗായകനെ പരിചയപെടാനും കഴിഞ്ഞു.

"അബ്ദുല്‍ ഖാദിര്‍".ആരും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത ഒരു അന്ധഗായകന്‍.അയാളെ താന്‍ റഫി എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി.ഒരു തെരുവ് ഗായകന്‍ എന്ന നിലയില്‍ നിന്നും തന്റെ സുഹൃത്ത് എന്ന നിലയിലേക്ക്‌ അയാള്‍ പെട്ടന്ന് വളര്‍ന്നു.മുഹമ്മദ്‌ റാഫി സാബിന്റെ ഗാനങ്ങള്‍ ആ വളര്‍ച്ചക്ക് ഹേതു ആയിരിക്കാം,പക്ഷെ ആ സൗഹൃദം അത് വിലമതിക്കാനാകാത്ത ഒന്നായിരുന്നു.

തന്റെ ആ ഒറ്റ മുറി വീട് പലപ്പോളും രാവന്തിയോളം ചെല്ലുന്ന സുഹൃത്ത് സമാഗമങ്ങള്‍ക്ക്‌ വേദി ആയിത്തീര്‍ന്നു.താനും,റഫിയും,കൂടെ മുഹമ്മദ്‌ റഫി ആരാധകര്‍ ആയ കുറെ സുഹൃത്തുക്കളും ചേര്‍ന്ന് രാത്രികള്‍ പകല്‍ ആക്കിയിരുന്ന കുറെ നാളുകള്‍.

ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട,സഹോദരങ്ങളുടെ അവഗണനകള്‍ ഏറ്റുവാങ്ങി ജീവിതം മുന്നോട്ടു തള്ളി നീക്കി കൊണ്ടിരുന്ന അബ്ദുല്‍ ഖാദിര്‍.എല്ലാവരും സഹതാപത്തിന്റെയോ അവഗണനയുടെയോ കണ്ണുകളിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന ആ പാവത്തിന്,ഞങ്ങളുടെ റഫി എന്ന വിളികള്‍ അമൃത് പോലെ ആയിരുന്നു.ബന്ധങ്ങള്‍ക്ക് നോട്ടുക്കെട്ടുകളുടെ കനം നോക്കി വില ഇടുന്നവരുടെ ഈ ലോകത്ത്‌, ബന്ധങ്ങള്‍ എന്താണ് എന്ന് റാഫിയുടെ ജീവിതം തന്നെ പഠിപ്പിച്ചു.

ജൂഹൂ കടലോരങ്ങളെ തഴുകുന്ന തിരകളോട് ചേര്‍ന്ന് എത്രയോ റാഫി ഗാനങ്ങള്‍...എത്രെയോ സായാഹ്നങ്ങള്‍..ഞങ്ങളുടെ സൗഹൃദം വളര്‍ന്നു കൊണ്ടേ ഇരുന്നു.കാലം കുറെ കടന്നു പോയി. എന്നും എന്ന പോലെ നടന്നിരുന്ന സുഹൃത്ത് മേളകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ആയി മാറി,പിന്നെ മാസത്തില്‍ ഒരിക്കലും,ഒടുവില്‍ വല്ലപ്പോഴും ഒരിക്കലും.

റഫി എന്ന അബ്ദുല്‍ ഖാദിര്‍ ഒരു ചെറിയ ഗാനമേള സംഘവുമായി ജീവിതം കരുപ്പിടിപ്പിച്ചു.പതുക്കെ പ്രശസ്തിയുടെ പടവുകള്‍ നടന്നു കയറിയ റഫി,മറാത്തി സിനിമകളിലും മറ്റും സജീവമായി,ഒരു ഗായകന്‍ ആയും സംഗീത സംവിധായകന്‍ ആയും.താന്‍ ഒരു പത്ര ലേഖകന്‍ എന്ന നിലയില്‍ നിന്നും ഒരു സബ് എഡിറ്റര്‍,എഡിറ്റര്‍ തുടങ്ങിയ പദവികളിലേക്കും മാറി.തിരക്കിനിടയിലും ബോംബയില്‍ ഉണ്ടെങ്കില്‍ താനും റാഫിയും മുടങ്ങാതെ കാണുമായിരുന്നു.ജൂഹൂ കടപ്പുറത്തെ ശനിയാഴ്ച്ചകള്‍ ഞങ്ങളുടെ സൗഹൃദം കെടാതെ കാത്തു സൂക്ഷിച്ചു.

മായാത്ത ഓര്‍മ്മകളുടെ മാരിവില്ലിന്റെ വര്‍ണങ്ങളില്‍ റഫി അലിഞ്ഞു ചേര്‍ന്നത് ഒരു ജൂലൈ മാസത്തില്‍ ആയിരുന്നു.താന്‍ അന്ന് ഒരു ഡല്‍ഹി യാത്രയില്‍ ആയിരുന്നു.താമസിച്ചിരുന്ന ഹോട്ടലില്‍ ഫോണ്‍ വന്നു.റഫി യാത്ര ആയി എന്ന്.ഡല്‍ഹിയിലേക്ക്‌ പോരുന്നതിന്റെ തലേ ദിവസം താന്‍ റഫിയുടെ വീട്ടില്‍ പോയിരുന്നു.അന്ന് അവന്‍ പറഞ്ഞു.

"ദാദ,ആപ്കെ ലിയെ ഏക്‌ സര്‍പ്രൈസ് ഹേ..വാപാസ്‌ ആയിയെ ബതാതൂംഗ മേം."

എന്താണ് എന്ന് ചോദിച്ചില്ല താന്‍.ചോദിച്ചാലും പറയില്ല.കൂട്ടുകാരന്‍ ആയിട്ടല്ല അവന്‍ എന്നെ കണ്ടിരുന്നത്.ഒരു മൂത്ത സഹോദരനെ പോലെ ആണ്.

എന്താണ് റഫി തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് എന്ന് ഇന്നും അറിയില്ല. പക്ഷെ കാലം തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് വളരെ കടുത്തതായി പോയിരുന്നു.കൂടെ പിറക്കാത്ത തന്റെ കുഞ്ഞനുജന്‍, തന്റെ പ്രിയ സുഹൃത്ത്‌....

പിന്നീട് എപ്പോളോ ആരോ പറഞ്ഞറിഞ്ഞു.ആ രാത്രിയിലും മഴ പെയ്യുന്നുണ്ടായിരുന്നു.വളരെ വൈകിയിട്ടും റഫി ആ ഉമ്മറത്തിരുന്നു പാടി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

"എഹ്സാന്‍ മേരെ ദില്‍ പേ തുംഹാര ഹേ ദോസ്ത്
യെ ദില്‍ തുമാരെ പ്യാര്‍ കാ മാര ഹേ ദോസ്ത്"

രാവിലെ കാണുന്നത് റഫിയുടെ ചേതനയറ്റ ശരീരം ആണ്.അപ്പോളും ഹാര്‍മോണിയം തന്റെ കൈകള്‍ കൊണ്ട് മുറുകെ പിടിച്ചിരുന്നു അവന്‍.

താന്‍ അന്ന് ഡയറിയില്‍ എഴുതിയ വാചകം ഇപ്പോളും ഓര്‍മയുണ്ട്.

"സിന്ദഗീ ഭര്‍ നഹി ഭൂലേന്കെ വോ ബര്‍സാത്‌ കി രാത് "

എങ്ങനെ മറക്കും?? അന്നത്തെ രാത്രിമഴയില്‍ ആണ് റഫിയുടെ ശബ്ദം അലിഞ്ഞു ചേര്‍ന്ന് ഇല്ലാതായത്‌.

ഓര്‍മ്മകളുടെ ലോകത്ത് നിന്നും തിരികെ വന്നപോളെക്കും മഴ മാറിയിരുന്നു.അപ്പോളും തന്റെ ഗ്രാമഫോണില്‍ മുഹമ്മദ്‌ റാഫി പാടിക്കൊണ്ടേ ഇരുന്നിരുന്നു.

"ഓ ദൂര്‍ കെ മുസാഫിര്‍ ഹും കോ ഭി സാത്‌ ലേ ലേ"

ഡയറി എടുത്ത് ഞാന്‍ എഴുതി...

"തേരെ ആനെ കി ആസ് ഹേ ദോസ്ത്
ശാം ഫിര്‍ ആജ് ഉദാസ് ഹേ ദോസ്ത്
ദില്‍ കി മെഹക്കി ഫിസ യെ കെഹ്തി ഹേ
തു കഹി ആസ് പാസ്‌ ഹേ ദോസ്ത്"