19 ജൂൺ 2010

രേണുകയുടെ ദുഃഖം

തളത്തില്‍ നിശബ്ദത തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ആരും ആരോടും ഒന്നുരിയാടാതെ, ഒരു ചിമ വെട്ടാതെ നില്‍ക്കുകയും, ഇരിക്കുകയും ചെയ്യുന്ന ഒരസഹനീയമായ കാഴ്ച.
അവളും ആരോടും മിണ്ടാന്‍ ശ്രമിച്ചില്ല.

പതുക്കെ വീടിനു പുറത്തേക്ക് ഇറങ്ങിയ അവളെ, ചുറ്റുമുള്ള പ്രകൃതിയുടെ നിശബ്ദത പോലും വല്ലാതെ ഭയപ്പെടുത്തി.

"ഈ വീട്ടിലേക്ക് താന്‍ ഇങ്ങനെയല്ലായിരുന്നു കടന്നു വരേണ്ടിയിരുന്നത്." അവള്‍ ആരോടെന്നില്ലാതെ പുലമ്പി. "തന്റെ കര്‍മ്മഫലം". അവള്‍ വിധിയെ പഴിച്ചു. ചിന്തകള്‍ ഒരു വിങ്ങലായി മാറി തുടങ്ങിയപ്പോള്‍, ആരുടേയും കണ്ണില്‍ പെടാതെ, അവള്‍ ആര്‍ക്കും വെട്ടപെടാത്ത ഒരിടത്തേക്ക് മാറിനിന്നു.

അവളില്‍ വന്ന ഈ ഭാവമാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. "എന്തായിരിക്കും അവളുടെ മനസ്സില്‍?, അറിയില്ല. അവള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് പോയാലോ.." അവളെ ഒന്നാശ്വസിപ്പിക്കണം എന്നുണ്ട് എനിക്ക്. പക്ഷെ അത് സാധിക്കുന്നില്ല.

കുറെ നേരം കഴിഞ്ഞിരുന്നു.

തളത്തില്‍ ആരൊക്കെയോ ചേര്‍ന്ന് ഒരുക്കി വെച്ചിരുന്ന വാഴയിലയിലേക്ക് അവന്റെ ചേതനയറ്റ ശരീരം കിടത്തി. ചടങ്ങുകള്‍ തുടങ്ങിയിരുന്നു.

ഞാന്‍ അവള്‍ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി. അവളെ അവിടെ കണ്ടില്ല. എന്റെ കണ്ണുകള്‍ അവള്‍ക്കായി പരതി. ഒടുവില്‍, ജനലഴികളുടെ ഇടയില്‍ ആ മിഴികള്‍ ഞാന്‍ കണ്ടെത്തി. അപ്പോഴേക്കും നഷ്ടബോധത്തിന്റെ നനവ് ആ മിഴിതടങ്ങളില്‍ പടര്‍ന്നിരുന്നു. ദുഖത്തിന്റെ നിഴല്‍ വീണ ആ മുഖം എന്നില്‍ മറ്റൊരു ദുഖമായി പടര്‍ന്നു കയറാന്‍ തുടങ്ങിയിരുന്നു.

ഉറ്റവരുടെ കൂട്ടക്കരച്ചില്‍ അവളുടെ തേങ്ങലുകളെ നിശബ്ദമാക്കിയെന്നു തോന്നി. ആ കലങ്ങിയ കണ്ണുകളിലെ ദുഃഖം ഒരു സഹപാഠിയുടെ വേര്‍പാടിന്റെ ദുഖമായി എല്ലാവരും ചിന്തിച്ചു കാണൂ. ഒരു മരണം, അവളുടെ മനസ്സില്‍ സൃഷ്‌ടിച്ച ആ നൊമ്പരം, അതിന്റെ ആഴം, വ്യാപ്തി, അതെന്റെ മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു.

അവളെ ഞാന്‍ പരിചയപ്പെടുത്തട്ടെ. അവള്‍ രേണുക. ക്ലാസ്സില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടി. കാണാന്‍ ചന്തമുള്ള ഒരു പെണ്ണ്. അവള്‍ക്ക് അവനെ ഇഷ്ടമായിരുന്നോ? ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ലൈബ്രറിയിലോ, വരാന്തകളിലോ, വാകമരങ്ങളുടെ ചുവട്ടിലോ ആരും അവരെ ഒരുമിച്ചു കണ്ടിട്ടുമില്ല.

അവള്‍ അവനോട് മിണ്ടിയിട്ടു തന്നെ ഉണ്ടോ? സംശയമാണ്. എന്റെ ചിന്തകള്‍ കാട് കയറി തുടങ്ങിയിരുന്നു.

അവളുടെ മനസ്സിലെ ചിന്തകള്‍ അപ്പോള്‍ കൊല്ലന്റെ ആലയിലെ പഴുത്ത ഇരുമ്പു കഷ്ണം കണക്കെ ഉരുകുകയായിരുന്നു. സ്വപ്നങ്ങളുടെ പളുങ്കുപാത്രം ഇത്ര വേഗം താഴെ വീണു ചിന്നി ചിതറും എന്നവള്‍ കരുതിയില്ല.

എന്ന് മുതല്‍ക്കാണ് ഞാന്‍ അവനെ ഇഷ്ടപ്പെട്ടത്? അവള്‍ സ്വയം ചോദിച്ചു. കണ്ട നാള്‍ മുതല്‍ ആയിരിക്കാം.

ആ ദിവസം അവള്‍ ഓര്‍മിച്ചു എടുക്കാന്‍ ശ്രമിച്ചു. ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വന്ന വെളുത്ത് കൊലുന്ന ആ രൂപം അവള്‍ ഓര്‍ത്തെടുത്തു. അവന്റെ കണ്ണുകളില്‍ സ്വപ്‌നങ്ങള്‍ തുളുമ്പി നിന്നിരുന്നു.
ആ കണ്ണുകള്‍ ആയിരിക്കാം തന്നെ അവനിലേക്ക് ആദ്യം അടുപ്പിച്ചത്.

അവനാണ് തന്റെ മുന്‍പില്‍.........അവള്‍ക്കടക്കി പിടിക്കാനായില്ല. ഭിത്തിയിലേക്ക് മുഖം അമര്‍ത്തി വിതുമ്പല്‍ അടക്കിയ അവളെ ആരും കണ്ടില്ല.
ഞാനല്ലാതെ.

മനം നൊന്ത് ഞാന്‍ പതുക്കെ പുറത്തേക്ക് ഇറങ്ങി. അവന്റെ വേര്പാടിനെക്കള്‍, അവളുടെ കണ്ണുകളിലെ നഷ്ടബോധം എന്നെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു.

ഞാന്‍ വിതുമ്പാന്‍ തുടങ്ങി. ഇരുണ്ടിരുന്ന മാനം പെട്ടന്ന് പ്രകാശിച്ചത് പോലെ തോന്നി. മുറ്റത്തേക്ക് അലങ്കരിച്ച ഒരു കാര്‍ വന്നു നിന്നുവോ? അതില്‍ നിന്നും അവന്റെ കൈ പിടിച്ചു ഇറങ്ങി വരുന്ന സുമംഗലയായ അവള്‍. എന്റെ ചുണ്ടുകള്‍ പുഞ്ചിരിചിരുന്നുവോ?

ചിന്തകള്‍ക്ക് ഭ്രാന്തുപിടിച്ചിരുന്നു എങ്കിലും അവന്റെ അമ്മയുടെ കരച്ചില്‍ എന്റെ കാതുകളില്‍ അലയടിച്ചു. പ്രകൃതിയുടെ കാണാം കൂടി കൂടി വന്നു. ആ സന്ധ്യക്ക്‌ ഇരുട്ടിന്റെ നിറം ചാലിച്ചിരുന്നു. തെക്കേ തൊടിയില്‍ ചിത എരിഞ്ഞു തുടങ്ങിയിരുന്നു. ആരൊക്കെയോ കരഞ്ഞു തളര്‍ന്നു വീണു. മരണത്തിന്റെ രൂക്ഷ ഗന്ധം അവിടെ മുഴുവന്‍ വ്യാപിച്ചിരുന്നു.

നടു മുറിയാന്‍ കാത്തു നില്‍ക്കാതെ പലരും യാത്രയായി. കുറച്ചു പേര്‍ മാത്രം ബാക്കിയായി. എന്റെ ചിന്തകളില്‍ അവളുടെ കണ്ണീര്‍ മാത്രം നിറഞ്ഞു നിന്നിരുന്നു. ആരും അവളുടെ ആത്മനൊമ്പരം കണ്ടിരിക്കാന്‍ ഇടയില്ല, ഞാനൊഴികെ.

കോളേജില്‍ എല്ലാവരും പഴയത് പോലെ ആയി. പതുക്കെ അവന്‍ എല്ലാവരുടെയും ഓര്‍മ്മകളില്‍ മാത്രമായി. പിന്നെ പിന്നെ എല്ലാവരും മനപ്പൂര്‍വം അവനെ മറക്കാന്‍ മറക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ മാത്രം അവനെ മറന്നിരുന്നില്ല. ആ മരണം അവളില്‍ ഏല്‍പ്പിച്ച ആ മുറിവ്, അത് ആരും മനസിലാക്കിയിരുന്നുമില്ല. "കാലം മായ്ക്കാത്ത മുറിവുകള്‍ ഉണ്ടോ?" എന്നാണ് പഴമൊഴി. പക്ഷെ ഈ മുറിവ് കാലം മായ്ച്ചിരുന്നുവോ?..

ഇല്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ നൊമ്പരം ഞാന്‍ വീണ്ടും അനുഭവിച്ചറിഞ്ഞു.

ആശുപത്രിയില്‍, എന്റെ കുഞ്ഞിനെ അവള്‍ അഭിമാനത്തോടെ കാട്ടിതന്നപോഴും, ആ കണ്ണുകളില്‍ മാതൃത്വത്തിന്റെ അനുഭൂതികള്‍ക്കൊപ്പം ഒരു നഷ്ടബോധവും നിഴലിച്ചിരുന്നു. അത് തിരിച്ചറിഞ്ഞു ഞാന്‍ പറഞ്ഞു.

"ഇവനെ സുനില്‍ എന്ന് വിളിക്കാം".

പൊട്ടികരഞ്ഞു കൊണ്ട് അവള്‍ മുഖം എന്റെ മാറില്‍ ചേര്‍ത്തു. അന്ന് വരെ അണകെട്ടി തടഞ്ഞു നിര്‍ത്തിയ ദുഃഖം മുഴുവനും ആ കരച്ചിലില്‍ നിറഞ്ഞിരുന്നു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവളെ എന്നിലേക്ക് ഞാന്‍ ചേര്‍ത്തു പിടിച്ചു. അവളുടെ നെറുകയില്‍ പതിയെ ഞാന്‍ മുഖം അമര്‍ത്തുമ്പോള്‍, ജനാലയിലൂടെ ഒരു നക്ഷത്രം എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.

അത് അവനായിരുന്നു.

7 അഭിപ്രായങ്ങൾ:

Saya പറഞ്ഞു...

very touching...and moving...

കൂതറHashimܓ പറഞ്ഞു...

കാര്യായിട്ട് ഒന്നും മനസ്സിലായില്ലാ.. :(

നിരാശകാമുകന്‍ പറഞ്ഞു...

നന്നായി എഴുതി...
ചില മുറിവുകളെ കാലത്തിനും മായ്ക്കാനാവില്ല...
പിന്നെ ഇത് പോലൊന്ന് ഞാനും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്..കുറച്ചു മുന്‍പ്‌..

Naushu പറഞ്ഞു...

കഥ നന്നായിട്ടുണ്ട്ട്ടോ..

ഗുലുമാല്‍ (Marketing A Soul) പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

Arun പറഞ്ഞു...

hey this is one of the best u hav written so far..

Unknown പറഞ്ഞു...

If you can reduce the eng terms, story will be more attractive i feel...:)anyway gr8 going...

Ramaswamy