04 ഓഗസ്റ്റ് 2009

ഹൃദയത്തില്‍ റഫി

കാറ്റ് ശക്തി ആയി വീശി തുടങ്ങിയിരുന്നു.കൂടെ മഴയും.മുറിയില്‍ ഏതോ മാസികയിലൂടെ കണ്ണുകള്‍ ഓടിച്ചു കൊണ്ടിരുന്ന തന്നെ, ജനല്‍ പാളികളിലെ കണ്ണാടിച്ചില്ലില്‍ തട്ടുന്ന മഴത്തുള്ളികള്‍ ആവേശം കൊള്ളിച്ചു.

ഒരു കപ്പു കാപ്പിയുമായി പതുക്കെ ബാല്‍ക്കണിയിലേക്ക് എത്തിയപ്പോള്‍,തന്നെ പ്രകൃതി തൂവാനം തല്ലി സ്വീകരിക്കുന്ന പോലെ തോന്നി.എത്ര നേരം അവിടെ നിന്നു എന്നറിയില്ല.മഴയും കാറ്റും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സൂചിക പോലെ കൂടിയും കുറഞ്ഞും നിന്നിരുന്നോ??.
അതും അറിഞ്ഞില്ല..

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയതാണ് ഈ തെരുവില്‍.ബോംബെ നഗരത്തിന്റെ തിരക്കുകള്‍ ഒരിക്കലും തീണ്ടിയിട്ടില്ലാത്ത തന്റെ തെരുവ്.30 കൊല്ലം കൊണ്ട് വല്യ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല ഇവിടത്തിനു..

ആള്‍ക്കാര്‍ വന്നും പോയിയും ഇരിക്കുന്നു.അല്ലാതെ എന്ത് മാറ്റം?..

എന്തൊക്കെയോ ചിന്തിച്ചു അങ്ങനെ നിന്നു.

ഭൂതകാലത്തിലേക്ക് ഒരു യാത്ര ആണോ...?അറിയില്ല....ചിലപ്പോള്‍ തോന്നാറുണ്ട് താന്‍ ഭൂതകാലത്തില്‍ ആണ് ജീവിക്കുന്നത് എന്ന്..

25 കൊല്ലങ്ങള്‍ക്ക് മുന്‍പാണ്.കത്തി എരിയുന്ന സീറോ ബള്‍ബുകളുടെ അരണ്ട വെളിച്ചത്തിലെ ഒരു സായാഹ്നം.ഏതോ രാഷ്ട്രീയ സമ്മേളനം റിപ്പോര്‍ട്ട്‌ ചെയ്തു നേരത്തെ മടങ്ങി എത്തിയ തന്നെ ഈ തെരുവോരത്തെ മരച്ചുവട്ടില്‍ ഇരുന്നു പാടുന്ന ആ അന്ധഗായകന്റെ ശബ്ദം ആണ് വരവേറ്റത്.

"ബഹാരോം ഫൂല്‍ ബര്‍സാവോ മേരാ മെഹബൂബ് ആയ ഹേ"

മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ആ ഗാനം അതി മനോഹരമായി അയാള്‍ പാടുന്നുണ്ടായിരുന്നു.പാടിയ പാട്ടുകള്‍ എല്ലാം റാഫി സാബിന്റെതായിരുന്നു.ആ ഗാനങ്ങള്‍ ആസ്വദിച്ച് അങ്ങനെ നിന്നു,സമയം പോയത്‌ അറിയാതെ.ഒടുവില്‍ ആ ഗായകനെ പരിചയപെടാനും കഴിഞ്ഞു.

"അബ്ദുല്‍ ഖാദിര്‍".ആരും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത ഒരു അന്ധഗായകന്‍.അയാളെ താന്‍ റഫി എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി.ഒരു തെരുവ് ഗായകന്‍ എന്ന നിലയില്‍ നിന്നും തന്റെ സുഹൃത്ത് എന്ന നിലയിലേക്ക്‌ അയാള്‍ പെട്ടന്ന് വളര്‍ന്നു.മുഹമ്മദ്‌ റാഫി സാബിന്റെ ഗാനങ്ങള്‍ ആ വളര്‍ച്ചക്ക് ഹേതു ആയിരിക്കാം,പക്ഷെ ആ സൗഹൃദം അത് വിലമതിക്കാനാകാത്ത ഒന്നായിരുന്നു.

തന്റെ ആ ഒറ്റ മുറി വീട് പലപ്പോളും രാവന്തിയോളം ചെല്ലുന്ന സുഹൃത്ത് സമാഗമങ്ങള്‍ക്ക്‌ വേദി ആയിത്തീര്‍ന്നു.താനും,റഫിയും,കൂടെ മുഹമ്മദ്‌ റഫി ആരാധകര്‍ ആയ കുറെ സുഹൃത്തുക്കളും ചേര്‍ന്ന് രാത്രികള്‍ പകല്‍ ആക്കിയിരുന്ന കുറെ നാളുകള്‍.

ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട,സഹോദരങ്ങളുടെ അവഗണനകള്‍ ഏറ്റുവാങ്ങി ജീവിതം മുന്നോട്ടു തള്ളി നീക്കി കൊണ്ടിരുന്ന അബ്ദുല്‍ ഖാദിര്‍.എല്ലാവരും സഹതാപത്തിന്റെയോ അവഗണനയുടെയോ കണ്ണുകളിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന ആ പാവത്തിന്,ഞങ്ങളുടെ റഫി എന്ന വിളികള്‍ അമൃത് പോലെ ആയിരുന്നു.ബന്ധങ്ങള്‍ക്ക് നോട്ടുക്കെട്ടുകളുടെ കനം നോക്കി വില ഇടുന്നവരുടെ ഈ ലോകത്ത്‌, ബന്ധങ്ങള്‍ എന്താണ് എന്ന് റാഫിയുടെ ജീവിതം തന്നെ പഠിപ്പിച്ചു.

ജൂഹൂ കടലോരങ്ങളെ തഴുകുന്ന തിരകളോട് ചേര്‍ന്ന് എത്രയോ റാഫി ഗാനങ്ങള്‍...എത്രെയോ സായാഹ്നങ്ങള്‍..ഞങ്ങളുടെ സൗഹൃദം വളര്‍ന്നു കൊണ്ടേ ഇരുന്നു.കാലം കുറെ കടന്നു പോയി. എന്നും എന്ന പോലെ നടന്നിരുന്ന സുഹൃത്ത് മേളകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ആയി മാറി,പിന്നെ മാസത്തില്‍ ഒരിക്കലും,ഒടുവില്‍ വല്ലപ്പോഴും ഒരിക്കലും.

റഫി എന്ന അബ്ദുല്‍ ഖാദിര്‍ ഒരു ചെറിയ ഗാനമേള സംഘവുമായി ജീവിതം കരുപ്പിടിപ്പിച്ചു.പതുക്കെ പ്രശസ്തിയുടെ പടവുകള്‍ നടന്നു കയറിയ റഫി,മറാത്തി സിനിമകളിലും മറ്റും സജീവമായി,ഒരു ഗായകന്‍ ആയും സംഗീത സംവിധായകന്‍ ആയും.താന്‍ ഒരു പത്ര ലേഖകന്‍ എന്ന നിലയില്‍ നിന്നും ഒരു സബ് എഡിറ്റര്‍,എഡിറ്റര്‍ തുടങ്ങിയ പദവികളിലേക്കും മാറി.തിരക്കിനിടയിലും ബോംബയില്‍ ഉണ്ടെങ്കില്‍ താനും റാഫിയും മുടങ്ങാതെ കാണുമായിരുന്നു.ജൂഹൂ കടപ്പുറത്തെ ശനിയാഴ്ച്ചകള്‍ ഞങ്ങളുടെ സൗഹൃദം കെടാതെ കാത്തു സൂക്ഷിച്ചു.

മായാത്ത ഓര്‍മ്മകളുടെ മാരിവില്ലിന്റെ വര്‍ണങ്ങളില്‍ റഫി അലിഞ്ഞു ചേര്‍ന്നത് ഒരു ജൂലൈ മാസത്തില്‍ ആയിരുന്നു.താന്‍ അന്ന് ഒരു ഡല്‍ഹി യാത്രയില്‍ ആയിരുന്നു.താമസിച്ചിരുന്ന ഹോട്ടലില്‍ ഫോണ്‍ വന്നു.റഫി യാത്ര ആയി എന്ന്.ഡല്‍ഹിയിലേക്ക്‌ പോരുന്നതിന്റെ തലേ ദിവസം താന്‍ റഫിയുടെ വീട്ടില്‍ പോയിരുന്നു.അന്ന് അവന്‍ പറഞ്ഞു.

"ദാദ,ആപ്കെ ലിയെ ഏക്‌ സര്‍പ്രൈസ് ഹേ..വാപാസ്‌ ആയിയെ ബതാതൂംഗ മേം."

എന്താണ് എന്ന് ചോദിച്ചില്ല താന്‍.ചോദിച്ചാലും പറയില്ല.കൂട്ടുകാരന്‍ ആയിട്ടല്ല അവന്‍ എന്നെ കണ്ടിരുന്നത്.ഒരു മൂത്ത സഹോദരനെ പോലെ ആണ്.

എന്താണ് റഫി തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് എന്ന് ഇന്നും അറിയില്ല. പക്ഷെ കാലം തനിക്കായി കാത്തു വെച്ചിരുന്ന ആ സര്‍പ്രൈസ് വളരെ കടുത്തതായി പോയിരുന്നു.കൂടെ പിറക്കാത്ത തന്റെ കുഞ്ഞനുജന്‍, തന്റെ പ്രിയ സുഹൃത്ത്‌....

പിന്നീട് എപ്പോളോ ആരോ പറഞ്ഞറിഞ്ഞു.ആ രാത്രിയിലും മഴ പെയ്യുന്നുണ്ടായിരുന്നു.വളരെ വൈകിയിട്ടും റഫി ആ ഉമ്മറത്തിരുന്നു പാടി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

"എഹ്സാന്‍ മേരെ ദില്‍ പേ തുംഹാര ഹേ ദോസ്ത്
യെ ദില്‍ തുമാരെ പ്യാര്‍ കാ മാര ഹേ ദോസ്ത്"

രാവിലെ കാണുന്നത് റഫിയുടെ ചേതനയറ്റ ശരീരം ആണ്.അപ്പോളും ഹാര്‍മോണിയം തന്റെ കൈകള്‍ കൊണ്ട് മുറുകെ പിടിച്ചിരുന്നു അവന്‍.

താന്‍ അന്ന് ഡയറിയില്‍ എഴുതിയ വാചകം ഇപ്പോളും ഓര്‍മയുണ്ട്.

"സിന്ദഗീ ഭര്‍ നഹി ഭൂലേന്കെ വോ ബര്‍സാത്‌ കി രാത് "

എങ്ങനെ മറക്കും?? അന്നത്തെ രാത്രിമഴയില്‍ ആണ് റഫിയുടെ ശബ്ദം അലിഞ്ഞു ചേര്‍ന്ന് ഇല്ലാതായത്‌.

ഓര്‍മ്മകളുടെ ലോകത്ത് നിന്നും തിരികെ വന്നപോളെക്കും മഴ മാറിയിരുന്നു.അപ്പോളും തന്റെ ഗ്രാമഫോണില്‍ മുഹമ്മദ്‌ റാഫി പാടിക്കൊണ്ടേ ഇരുന്നിരുന്നു.

"ഓ ദൂര്‍ കെ മുസാഫിര്‍ ഹും കോ ഭി സാത്‌ ലേ ലേ"

ഡയറി എടുത്ത് ഞാന്‍ എഴുതി...

"തേരെ ആനെ കി ആസ് ഹേ ദോസ്ത്
ശാം ഫിര്‍ ആജ് ഉദാസ് ഹേ ദോസ്ത്
ദില്‍ കി മെഹക്കി ഫിസ യെ കെഹ്തി ഹേ
തു കഹി ആസ് പാസ്‌ ഹേ ദോസ്ത്"

7 അഭിപ്രായങ്ങൾ:

ഗുലുമാല്‍ (Marketing A Soul) പറഞ്ഞു...

മുഹമ്മദ്‌ റഫി എന്ന അനശ്വര ഗായകന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഈ കഥ ഞാന്‍ സമര്‍പിക്കുന്നു.

"തേരെ ആനെ കി ആസ് ഹേ ദോസ്ത്
ശാം ഫിര്‍ ആജ് ഉദാസ് ഹേ ദോസ്ത്
ദില്‍ കി മെഹക്കി ഫിസ യെ കെഹ്തി ഹേ
തു കഹി ആസ് പാസ്‌ ഹേ ദോസ്ത്"

റഫി സാബ് പാടി മുഴുമിപ്പിക്കാതെ പോയ ആ ഗാനം. അതില്‍ പറഞ്ഞിരിക്കുന്ന പോലെ ആപ് കഹി ആസ് പാസ്‌ ഹേ റഫി സാബ്..

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്ദി:)
ആ മാഹാനു വേണ്ടി സമര്‍പ്പിച്ചതിനു

Priya പറഞ്ഞു...

What really happened to the so called Rafi? How can he just give away his life like that?

ഗുലുമാല്‍ (Marketing A Soul) പറഞ്ഞു...

@ priya
പിന്നീട് എപ്പോളോ ആരോ പറഞ്ഞറിഞ്ഞു. അന്നും മഴ പെയുന്നുണ്ടായിരുന്നു. രാത്രി വളരെ വൈകിയും റഫി തന്റെ വീടിന്റെ ഉമ്മറത്തിരുന്നു പാടി കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

"എഹ്സാന്‍ മേരെ ദില്‍ പേ തുംഹാര ഹേ ദോസ്ത്
യെ ദില്‍ തുമാരെ പ്യാര്‍ കാ മാര ഹേ ദോസ്ത്"

രാവിലെ കാണുന്നത് റാഫിയുടെ ചേതനയറ്റ ശരീരം ആണ്.അപ്പോളും ആ ഹാര്‍മോണിയം തന്റെ കൈകള്‍ കൊണ്ട് മുറുകെ പിടിച്ചിരുന്നു റഫി.

Unknown പറഞ്ഞു...

niz chetta...luv u

Arjun Bhaskaran പറഞ്ഞു...

ഹൃദയത്തിന്റെ ഭാഷയില്‍ എഴുതി. എനിക്കും ഇഷ്ട്ടം ആണ് സാഹിബിനെ സാഹിബിന്റെ പാട്ടുകളെ!!

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

റാഫിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ പ്രണാമം