28 ഡിസംബർ 2011

കാലശേഷം

ആശുപത്രി കിടക്കയില്‍ അയാള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉള്ള ഏതോ നടപാതയില്‍ ആയിരുന്നു.

ആ പാതയോരത്ത് കഴിഞ്ഞു പോയ കുറെ നല്ല ചിത്രങ്ങള്‍ കാണാന്‍ പറ്റും. ആ ചിത്രങ്ങള്‍ തേടി അയാള്‍ നടന്നു കൊണ്ടേ ഇരുന്നു.

ഇരുട്ട് നിറഞ്ഞ ഒരു വഴിയിലൂടെ എത്ര നേരം അങ്ങനെ നടന്നു എന്ന് അറിയില്ല; കുറെ നടന്നു കഴിഞ്ഞപ്പോള്‍ കുങ്കുമം വിതറിയിട്ട പോലെ ഒരു പ്രകാശം കണ്ടു. കൂടെ കുറെ ദേശാടന പറവകളെയും.

ഇപ്പോള്‍ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ആണ് നടന്നു കൊണ്ടിരിക്കുന്നത്. നേരം പുലരുന്നതെ ഉള്ളു . കോയാക്കയുടെ ചായ പീടികയുടെ മുന്‍പില്‍ കൂട്ടം, എപ്പോഴത്തെയും പോലെ...

നിന്നില്ല...

വായനശാലയുടെ ഇടതു വശത്ത് ഉള്ള ഇറക്കത്തില്‍ വെച്ചാണ് ആ ബാലനെ അയാള്‍ കണ്ടത്. രണ്ടു കയ്യിലും പാല് പാത്രവും തൂക്കി ആ കയറ്റം കയറി വരുന്ന ഒരു എട്ടു വയസുകാരന്‍; അവനു അയാളുടെ കുട്ടിക്കാലത്തെ മുഖം ആയിരുന്നു.

നടത്തം തുടര്‍ന്നു.

ഇലചാര്‍ത്തുകള്‍ക്ക് ഇടയിലൂടെ പുലര്‍ വെയില്‍ ആ ചെമ്മണ്‍ പാതയെ തഴുകാന്‍ തുടങ്ങിയിരുന്നു.

മേതില്‍പുരം സ്കൂളിലേക്കുള്ള വഴി തിരിയാറായി.

കുട്ടികള്‍ കൂട്ടമായി കല പില കൂട്ടി വരുന്നുണ്ടായിരുന്നു. പിന്നിലായി രാമചന്ദ്രന്‍ മാഷും. ആരും അയാളെ ശ്രദ്ധിക്കാതെ പോയതില്‍ തെല്ലു മനസ്താപപെട്ടെങ്കിലും അയാള്‍ മുന്നോട്ട് നടന്നു.

വെയിലിനു കാഠിന്യം കൂടി വരുന്നുണ്ടായിരുന്നു. അയാള്‍ ഇപ്പോള്‍ വെട്ടോലകുന്നിനു താഴെ എത്തി. അവിടെ അടിവാരത്തായി കാണുന്ന വീട്ടിലെ കാഴ്ചയിലേക്ക് അയാളുടെ ശ്രദ്ധ പതിഞ്ഞു.

അവിടെ ഒരു ചെറുപ്പക്കാരനെ എങ്ങോട്ടോ യാത്ര അയയ്ക്കുന്ന തിരക്കിലാണ് ഒരു അച്ചനും അമ്മയും. അവരുടെ കണ്ണുകളില്‍ പുത്ര വിരഹത്തിന്റെ വേദനയും, ദാരിദ്ര്യത്തിന്റെ മുറിപ്പാടുകളും ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മുഖത്ത് നിസംഗത മാത്രം നിഴലിച്ചിരുന്നു. പക്ഷെ അവന്റെ ഉള്ളിലെ വേദന അയാള്‍ക്ക്‌ മനസ്സിലായി കാണണം. കാരണം അവന്‍ അയാളായിരുന്നു.

കാറ്റ് ശക്തമായി വീശി തുടങ്ങി. പൊടിപടലങ്ങളും കരിയിലകൂട്ടങ്ങളും ആ കാറ്റിനെ ആഘോഷമാക്കി മാറ്റുന്നുണ്ടായിരുന്നു.

അയാള്‍ കണ്ണടച്ച് നിന്നു. കാറ്റിന്റെ ഹുങ്കാരധ്വനികള്‍ അവസാനിച്ചപ്പോള്‍, അയാള്‍ ഏതോ പട്ടണത്തില്‍ എത്തിയിരുന്നു.

നട്ടുച്ച നേരം. പച്ചപ്പിന്റെ തെല്ലു കണിക പോലും ഇല്ലാത്ത ആ പട്ടണം അയാളെ ചുട്ടു പൊള്ളിച്ചിരുന്നു. തിരക്കില്‍ കാണുന്ന പല മുഖങ്ങള്‍ക്കും അയാളുടെ തന്നെ മുഖച്ഛായ ഉണ്ടായിരുന്നോ?

അയാള്‍ക്ക്‌ ഒട്ടും സംശയം ഉണ്ടായിരുന്നില്ല. അയാള്‍ തന്നെ ആയിരുന്നു അത്.

ഊണ് കഴിച്ചെന്നു വരുത്തി ഒരു ചാര്‍മിനാറില്‍ തിരി കൊളുത്തി, പുക ഊതി വിട്ടു ഓഫീസിലേക്ക് ഓടിക്കയറുന്ന ഒരു യുവാവ്, നഗരമധ്യത്തിലെ പാര്‍ക്കിലെവിടെയോ ഒരു യുവതിയുമായി കളി പറഞ്ഞിരിക്കുന്ന മറ്റൊരു യുവാവ്, ബൈക്കില്‍ ഭാര്യയുമായി നഗരം ചുറ്റി കറങ്ങുന്ന പുതുമോടി മാറാത്ത മറ്റൊരാള്‍, പ്രാരാബ്ധങ്ങളുടെ ഭാരം തലയില്‍ കയറിയെന്നു കാലം തെളിയിച്ച മറ്റൊരാള്‍.., പിന്നെ കുടുംബത്തോടൊപ്പം കാറില്‍ കണ്ട വേറൊരാള്‍...

അങ്ങനെ പലര്‍ക്കും അയാളുടെ മുഖച്ഛായ തന്നെ ആയിരുന്നു.

നഗരം അയാളുടെതായി മാറിയകാലം അയാള്‍ക്ക് ഓര്‍മയില്‍ തെളിഞ്ഞു.

തന്‍റെ ഇന്നത്തെ നില...അയാള്‍ക്ക് അയാളോട് തന്നെ ബഹുമാനം തോന്നി. പൂജ്യത്തില്‍ നിന്നും തുടങ്ങിയ താനിന്നു അളവറ്റ സ്വത്തുക്കള്‍ക്ക് ഉടമയാണ്. ബന്ധുബലത്തിലും മോശമല്ല. ഭാര്യ മരിച്ചു പോയി എങ്കിലും മക്കളും മരുമക്കളും എല്ലാം തന്നെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പരിചരിക്കുന്നത്. ഇങ്ങനെ ഏതൊക്കെയോ ചിന്ത അയാളുടെ മനസിലൂടെ അങ്ങനെ പോയികൊണ്ടേ ഇരുന്നു.

വെയില്‍ താണിരുന്നു. തനിക്ക് പോകാനുള്ള സമയം അടുത്തു എന്നയാള്‍ക്ക് തോന്നി.

നടത്തത്തിനു വേഗത കൂട്ടി.

വഴിയില്‍ കണ്ട മുന്തിയ ആ ആശുപത്രിയില്‍ ആണ് താന്‍ ഇപ്പോള്‍ കിടക്കുന്നത്. അവിടെ എല്ലാരും ഉണ്ട്. മക്കളും, മരുമക്കളും, അനന്തിരവരും, മറ്റു ബന്ധുക്കളും എല്ലാം. അവരുടെ എല്ലാം പ്രിയപ്പെട്ട കാരണവര്‍ ആണ് താന്‍... അവരുടെ സ്നേഹം, അതാണ്‌ തന്നെ ഇത്രയും കാലം ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
അയാള്‍ ഇടനാഴിയില്‍ എത്തി. മകനും,മരുമകനും, വേറെ കുറെ പേരും അവിടെ കൂടി നില്‍പ്പുണ്ട്. അവര്‍ കാര്യമായ എന്തോ ആലോചനയിലാണ്.

മകന്‍:"സംസ്ക്കാരത്തിനു വട്ടപാറ അച്ചന്‍ പോര, ബിഷപ്പിനെ കൊണ്ട് വരണം.നമ്മുടെ ഒരു സ്റ്റാറ്റസ് നമ്മുക്ക് നോക്കണ്ടായോ"

മരുമകന്‍: "അത് ശരി ആണ്. പക്ഷെ മോളിയും അവളുടെ കെട്ടിയോനും വരണ്ടായോ?"

മകന്‍: "പിന്നേ, കാശ് മുടക്കി അവള് വരുവോ? എന്നാ ചിലവാന്നെ! അപ്പച്ചന്‍ മരിച്ചു എന്ന് കരുതി അവള്‍ക്കും അളിയനും എല്ലാം ഇട്ടെറിഞ്ഞു ഇങ്ങു പോരാന്‍ പറ്റുമോ?"

താന്‍ മരിച്ചോ? അയാള്‍ക്ക് ഒരു സംശയം തോന്നി. ഒരു പക്ഷെ, ഡോക്ടര്‍ സൂചന കൊടുത്തതായിരിക്കാം

ഒരു ബെഞ്ചില്‍ മകളും,മരുമകളും, ഒന്ന് രണ്ടു ബന്ധുക്കളും ഇരുന്നു കഥ പറയുന്നുണ്ട്. ആര്‍ക്കും ഒരു ദുഖവും ഇല്ല. ഒരു കൊച്ചുമകന്‍ അവന്റെ ഐ പോഡില്‍ പാട്ട് കേള്‍ക്കുന്നു. വേറൊരുത്തന്‍ മൊബൈലില്‍ ഗെയിം കളിക്കുന്നു. ഒരു കൊച്ചു മകള്‍ ഫോണില്‍ ആരോടോ കളി പറഞ്ഞു ചിരിക്കുന്നു. ആര്‍ക്കും ഒരു ദുഖവും ഇല്ല.

അയാള്‍ക്ക് സങ്കടം വന്നു.

എല്ലാവരെയും വിട്ടു പിരിയുന്നതില്‍ തനിക്ക് സങ്കടം ഉണ്ട്, പക്ഷെ താനില്ലാത്ത ഈ ലോകത്ത് ജീവിക്കാന്‍ പോകുന്ന ഇവര്‍ക്ക് തന്നെ കുറിച്ചോര്‍ത്തു ഒരു വിഷമം പോലും ഇല്ലന്നോ?

അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

വരാന്തയുടെ അറ്റത്തു നിന്ന് കൊണ്ട് അളിയന്‍ " സ്വത്തു വീതം വെച്ച് വിറ്റിട്ട് വേണം അവന്‍റെ പിള്ളാര്‍ക്ക് എല്ലാം മടങ്ങി പോകാന്‍" എന്നും മറ്റും വക്കീലിനോട് പറയുന്നത് കൂടി കേട്ടപോള്‍ അയാള്‍ പൊട്ടി കരയാന്‍ തുടങ്ങി.

തന്നെ അല്ല, തന്‍റെ സ്വത്തിനെ ആണ് എല്ലാവരും സ്നേഹിച്ചത് എന്ന് അയാള്‍ക്ക്‌ തോന്നി.

കണ്ണുനീര്‍ ഒപ്പി കളഞ്ഞിട്ടു അയാള്‍ പതുക്കെ താന്‍ കിടക്കുന്ന മുറിയിലേക്ക് കയറാന്‍ തുടങ്ങി. അപ്പോള്‍ ആണ് ആ മുറിയുടെ കതകിനരുകില്‍ തറയില്‍ ഇരുന്നു കരയുന്ന നാന്‍സിയെ കണ്ടത്.

അവള്‍ പൊട്ടി കരയുകയായിരുന്നു.

തന്നെ കഴിഞ്ഞ ഒന്നര കൊല്ലം ആയി നോക്കുന്ന അവള്‍ കരയുന്നു; അയാള്‍ക്ക് വിഷമം തോന്നി.

അപ്പന്‍ ഇല്ലാത്ത അവള്‍ക്കു താന്‍ ഒരു അപ്പന്‍ ആണ് എന്നവള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. വെറും ഒരു ഹോം നേഴ്സ് ആയിട്ടല്ല അവള്‍ തന്നെ നോക്കിയത്. മകളെ പോലെ ആണ്, അല്ല ഒരു മകള്‍ ആയി തന്നെ ആണ്

അവള്‍ക്ക് മനസറിഞ്ഞു ഒരു സമ്മാനം കൊടുക്കാന്‍ പോലും ദൈവം സമയം തന്നില്ലലോ എന്നോര്‍ത്ത് അയാള്‍ക്ക് ദുഃഖം തോന്നി.

ഒരു നിമിഷം; അയാളുടെ മനസ്സില്‍ വേറൊരു ചിന്ത വന്നു. ഇനി താന്‍ മരിച്ചാല്‍ വേറൊരു ഇടം കിട്ടുന്ന വരെ അവള്‍ക്ക് ജോലി കാണില്ലല്ലോ എന്നോര്‍ത്തിട്ടാണോ അവള്‍ കരയുന്നത്.

ആര്‍ക്കറിയാം?

അയാള്‍ മുഖം ഒന്നമര്‍ത്തി തുടച്ചിട്ടു കതകു തുറന്നു ആ മുറിക്കകത്ത് കയറി.അപ്പോളേക്കും നേരം സന്ധ്യയായി. മുന്നോട്ടുള്ള വഴി ഇനി കാണാന്‍ പറ്റുകയില്ല .

മുറിയുടെ കതകു തുറന്നു ഡോക്ടര്‍ വെളിയില്‍ വന്നിട്ട് പറഞ്ഞു

"ഹി ഈസ്‌ നോ മോര്‍ "

അവിടെ ഒരു കൂട്ട നിലവിളി ഉയര്‍ന്നു.