22 ഫെബ്രുവരി 2009

അനാമിക

മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.അത് പുലര്‍ച്ചയുടെ ഭംഗി കൂട്ടിയെന്ന് സാഗറിന് തോന്നി.അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് നോക്കി.ഇലച്ചാര്‍ത്തുകളില്‍ വെള്ളത്തുള്ളികള്‍, അതിലൂടെ കടന്നു വരുന്ന സൂര്യകിരണങ്ങള്‍.

എന്നും ചെയുന്ന പോലെ മ്യൂസിക് പ്ലെയര്‍ ഓണാക്കി.കിഷോര്‍കുമാര്‍ പാടുന്നു.."റിം ജിം ഗിരെ സാവന്‍..."
കഴിഞ്ഞു പോയ കാലം തന്നെ നോക്കി പുഞ്ചിരിക്കുന്നതായി സാഗറിന് തോന്നി.അയാള്‍ അറിയാതെ മൂളി.
"കഴിഞ്ഞു പോയ കാലം കടലിനിക്കരെ..
കൊഴിഞ്ഞു പോയ മോഹം മനസിനിക്കരെ..."

യാത്രകളും,കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി നടന്ന തന്റെ പഴയ കാലത്തെക്കുറിച്ച് അയാള്‍ ഒന്നോര്‍ത്തു.ഇതേ പോലെ ഒരു പ്രഭാതത്തില്‍ ആണ് ആദ്യമായി അവളെ കണ്ടത്.

അവസാന വര്‍ഷ ബി എ കാലഘട്ടം.

തലേന്ന് ഓതറ പടയണി കഴിഞ്ഞു, അരവിന്ദന്റെ വീട്ടില്‍ കൂടി.തിരികെ കോളേജിലേക്ക് വരുമ്പോള്‍, അങ്ങാടി കവലയില്‍ ആണ് അവളെ ആദ്യം കണ്ടത്.തലയില്‍ തുളസികതിര്‍ ചൂടി, ചന്ദന കുറിയിട്ട് ഒരു നാടന്‍ പെണ്ണ്.ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മല്ല്യവും ഉള്ള പെണ്‍കുട്ടി.

സാഗറിന്റെ സിരകളില്‍ പ്രണയം ഒഴുകി നടന്ന ദിവസങ്ങള്‍.നിശബ്ദ പ്രണയം അപകടകാരി അല്ല എന്ന് തിരിച്ചറിഞ്ഞ സാഗര്‍, പ്രണയം തന്റെ ഉള്ളിലേക്ക് ഒതുക്കി.എവിടെയെങ്കിലും മറഞ്ഞു നിന്നു അവളെ ഒരു നോക്ക് കാണും.അത്ര മാത്രം.അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞില്ല.

പ്രണയകാലത്തിന്റെ തിരശീലയില്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു യുവജനോത്സവ വേദി.

കോളേജ് ആര്‍ട്ട് സെക്രെട്ടറി ആയ തനിക്ക് നിന്നു തിരിയാന്‍ സമയം ഇല്ലായിരുന്നു.സാഗര്‍ ഓര്‍ത്തു. ഏതോ വേദിയുടെ അരികിലൂടെ കടന്നു പോയപ്പോള്‍ ആണ് ആ അറിയിപ്പ് കേട്ടത്.
"മോഹിനിയാട്ടം ചെസ്റ്റ് നമ്പര്‍ ബി 34 ഫസ്റ്റ് കാള്‍"

വേദിയില്‍ ചുവടുകള്‍ വെച്ച ആ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയം ആരാധന ആയി മാറി.സാഗര്‍ ഓര്‍ത്തു.

ദിവസങ്ങള്‍ക്കു ശേഷം പുസ്തകങ്ങളുടെ ഇടയില്‍ അവര്‍ കണ്ടു മുട്ടി,പരിചയപെട്ടു.

"അനാമിക, നൃത്തം ഗംഭീരം ആയിരുന്നു. ഞാന്‍, എന്നെ..."

സാഗര്‍ മുഴുമിപ്പിച്ചില്ല.അവള്‍ മറുപടി പറഞ്ഞു.
"അറിയാം.റൂം മേറ്റ്സ് പറഞ്ഞറിയാം."

അത് ഒരു സൌഹൃദമായി മാറി.അവര്‍ പിന്നെ പലപ്പോഴും കണ്ടു, സംസാരിച്ചു.നല്ല സുഹൃത്തുക്കള്‍ ആയി.

ഫോണിന്റെ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നും മുക്തനാക്കി.

"സാഗര്‍, ദേവന്‍ ആണ്.നീ എന്തിനാണ് രാത്രിയില്‍ വിളിച്ചത്?".

"അത് ദേവന്‍ ഒരു ഗുഡ് ന്യൂസ് ഉണ്ട്. അനാമിക മടങ്ങി വന്നു.ഇന്നലെ രാത്രിയില്‍.അനില്‍ ഉണ്ട് കൂടെ. നീണ്ട 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി അവര്‍ മടങ്ങി എത്തി.കാറില്‍ ഇരുന്നാണ് എന്നെ വിളിച്ചത്. അനിലിന്റെ അമ്മാതെക്ക് പോകുന്ന വഴി ആയിരുന്നു. പിന്നെ വിളിക്കാം, കുറെ ബിസിനസ്സ് പ്ലാന്‍സ് ഉണ്ട് എന്നും അനില്‍ പറഞ്ഞു."

"ഇറ്റ്സ് ഗുഡ്..ഓക്കേ, നമ്മുക്ക് വൈകുന്നേരം കാണാം.."ദേവന്‍ ഫോണ്‍ കട്ട് ആക്കി.ദേവന്‍ അനാമികയുടെയും സാഗര്‍ഇന്റെയും ഏറ്റവും അടുത്ത സുഹൃത്താണ്.

അനില്‍.പ്രവാസിയായ ഒരു ബിസിനസ്സ്കാരന്‍‍.അനാമികയുടെ അമ്മായിയുടെ മകന്‍.അവര്‍ തമ്മിലുള്ള വിവാഹം ചെറുപ്പത്തിലെ ഉറപ്പിച്ചതാണ്.

തന്റെ പ്രണയം അവളോട് ഒരിക്കലും പറഞ്ഞില്ല.പറയുന്നതിന് സൌഹൃദം തടസം ആയി നിന്നു. അവള്‍ തന്നെ അനിലിനു പരിചയപെടുത്തി ഒരിക്കല്‍.അനില്‍ സാഗറിന്റെ അടുത്ത സുഹൃത്തായി.സാഗറിന്റെ പ്രണയം അങ്ങനെ ഒരിക്കലും തുറന്നു കാട്ടാത്ത ഒന്നായി ആ ഹൃദയത്തില്‍ അവശേഷിച്ചു.

കാലത്തിന്റെ വെള്ളപ്പാച്ചിലില്‍ ആ പ്രണയം എങ്ങോ പൊയ് മറഞ്ഞു.അനാമിക അനിലിനെ വിവാഹം കഴിച്ചു വെളിനാട്ടിലെക്ക് യാത്ര ആയി.വല്ലപ്പോഴും ഉള്ള വിളികള്‍ മാത്രം. സാഗര്‍ പൊതു പ്രവര്‍ത്തനവും, കല-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനവും കൊണ്ട് സമൂഹത്തില്‍ അറിയപെടുന്ന ഒരു വ്യക്തി ആയി മാറി.അനിലിന്റെ നാട്ടിലെ ബിസിനസ്സ് ഏറ്റെടുത്ത് നടത്താനായി ദേവനെ ഏല്പിച്ചു അനില്‍.

പത്രം കൊണ്ടു വരുന്ന പയ്യന്റെ സൈക്കിള്‍ ബെല്‍ കേട്ടാണ് സാഗര്‍ വീണ്ടും ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.

കതകു തുറന്നു പത്രം എടുത്തു.മുന്‍ പേജിലെ വാര്‍ത്ത കണ്ടു അസ്തപ്രജ്ഞനായി നിന്നു പോയി അയാള്‍.
ആലുവയിലെ കാറപകടം: വ്യവസായപ്രമുഖന്‍ അനില്‍ നമ്പ്യാരും കുടുംബവും കൊല്ലപെട്ടു.

ഓര്‍മ്മകള്‍ മരണത്തിന്റെ ഗന്ധം കൊണ്ടുവന്ന ആ പ്രഭാതത്തെ സാഗര്‍ മനസ്സു കൊണ്ട് ശപിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു, കൂടെ പ്രകൃതിയുടെ കണ്ണുകളും.

മഴ തകര്‍ത്തു പെയ്തു തുടങ്ങി.