18 ഏപ്രിൽ 2012

മരിയ മെറ്റില്‍ഡ

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

സമയം
രണ്ടു മണി. ജി.കെ വീണ്ടും ഞെട്ടി ഉണര്‍ന്നു.

"വാര്‍ധക്യത്തില്‍ ഉറക്കം കുറയുമെന്ന് വായിച്ചിട്ടുണ്ട്, എങ്കിലും ഇത് ഇപ്പോള്‍ കുറെ തവണയായി താന്‍ ഇങ്ങനെ...".

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക".

എവിടെയോ വായിച്ച വരികള്‍. പക്ഷെ വരികള്‍ എന്തിനു തന്നെ ഇങ്ങനെ ആലോസരപെടുത്തുന്നു, അതും രാത്രിയില്‍?

ഉത്തരമില്ലാത്ത ചോദ്യം.

ടാമസ് ജി.കെയെ കാണാന്‍ വന്നത് പിറ്റേന്ന് പകല്‍ ആണ്. ആരാണ് എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.

"ഒരു വിദ്യാര്‍ഥി...മിഷിഗന്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഭാഷകളെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും ഗവേഷണം നടത്തുന്നു..."

ജി.കെയെ കാണാന്‍ വരുന്ന മറ്റു വിദേശ വിദ്യാര്‍ത്ഥികളെ പോലെ ആയിരുന്നില്ല ടാമസ്.

എന്തിനാണ് തന്നെ കാണാന്‍ വന്നത് എന്ന ജികെയുടെ ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരം അയാളെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചരിപ്പിച്ചു.

"മരിയ മെറ്റില്‍ഡ മാര്‍സെല്ല"

അവള്‍ തനിക്ക് ആരായിരുന്നു...ചിന്തകള്‍ രാത്രിയെ വീണ്ടും കീഴടക്കി.

മൂന്ന് പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകണം മരിയയെ അറിയാന്‍. തന്‍റെ ചെറിയ ഒരു കാലയളവിലെ അമേരിക്കന്‍ ജീവിതം. ഗവേഷണവും, ഭാരതീയ സംസ്കാരത്തെ കുറിച്ച് ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപനവും ആയി കഴിഞ്ഞ ഒന്നര കൊല്ലത്തിന്റെ കാലയളവില്‍ തന്‍റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു അവള്‍.

ഒരു വിദ്യാര്‍ഥിനിയില്‍ നിന്നും തന്‍റെ അടുത്ത സുഹൃത്ത് ആയി മാറാന്‍ അവള്‍ക്ക് അധിക കാലം വേണ്ടി വന്നില്ല...അവളുമൊത്തുള്ള യാത്രകള്‍; അമേരിക്ക ചുറ്റി കാണാന്‍ അവള്‍ ആയിരുന്നു കൂട്ട്.

തന്നിലേക്ക് തീ പോലെ പടര്‍ന്നു കയറുകയായിരുന്നു മരിയ.

പോരുന്നതിന്റെ തലേ രാത്രിയും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു...വീണ്ടും വീണ്ടും...

ഒടുവില്‍ യാത്ര പറച്ചില്‍ എങ്ങനെ അവസാനിപ്പിച്ചു.

"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

ഒടുവില്‍ കണ്ണീരോടെ തന്നെ യാത്ര അയച്ച അവളെ കുറിച്ച് പിന്നീടൊരിക്കലും താന്‍ ചിന്തിച്ചില്ല. പിന്നീടുള്ള അമേരിക്കന്‍ യാത്രകളില്‍ അവളെ കാണാന്‍ ശ്രമിച്ചതും ഇല്ല.

തെറ്റായി പോയോ?

ടാമസ് അവളുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്നു എന്നാണ് പറഞ്ഞത്. വേറെ ഒരു ചോദ്യത്തിനും അവന്‍ ഇടം നല്‍കിയില്ല. ഒരു പുസ്തകത്തിന്റെ കോപ്പി തന്‍റെ കൈകളില്‍ ഏല്പിച്ചിട്ട് അവന്‍ യാത്ര പറഞ്ഞു.

"മരിയ മെറ്റില്‍ഡയുടെ കവിതകള്‍"

ജി.കെ ആദ്യത്തെ കവിത വായിക്കാന്‍ തുടങ്ങി.

അത് തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.
"നിന്‍റെ പ്രണയം, അത് സത്യമായിരുന്നോ..?

ഇടയ്ക്ക് ഒരു വരി ഇങ്ങനെയും...
"നിന്നില്‍ ഞാന്‍ അഗ്നിയായി, നീ എന്നില്‍ ജീവന്റെ ഹേതുവായി"

അവസാനം...
"ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക"

കവിതയ്ക്ക് ശേഷം, ജി.കെയെ അഭിസംബോധന ചെയ്ത ഒരു കുറിപ്പ് അയാള്‍ കണ്ടു. വായിച്ചു കഴിഞ്ഞതും തകര്‍ന്നു വീണ അയാളുടെ ചുണ്ടുകള്‍ വരളുന്നുണ്ടായിരുന്നു.

കിതപ്പ് കൂടി കൂടി വന്നു. കണ്ണുകളില്‍ ഇരുട്ടും. ബോധം മറയുന്ന വരെ അയാള്‍ കുറിപ്പ് തന്‍റെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു.

കുറിപ്പ് എങ്ങനെ ആയിരുന്നു.

"ടാമസ് മാര്‍സെല്ല!!!

അവന്‍ ജി.കെ ആണ്...എഴുത്തിലും, ചിന്തയിലും....പിന്നെ...രക്തത്തിലും...

ജി.കെ മാത്രം..."