12 ജനുവരി 2010

നിഴല്‍ക്കൂത്ത് - ഭാഗം 2 - ആട്ടവിളക്ക്

ഒരു ധനു മാസരാത്രി.നദിക്കരയിലെ പൂഴിമണലില്‍ മലര്‍ന്നു അങ്ങനെ ആകാശം നോക്കി ഞാന്‍ കിടന്നു.

ആകാശത്ത് ചിമ്മുന്ന നക്ഷത്രങ്ങള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.മരം കോച്ചുന്ന മകരത്തിലെ മഞ്ഞിന്റെ വരവറിയിക്കുന്ന ഇളം കാറ്റും,നിലാവും മനസിനെ വളരെ ശാന്തമാക്കിയിരുന്നു,കൂടാതെ പിന്നണിയില്‍ ഉത്സവപറമ്പില്‍ നിന്നും ഉയരുന്ന കഥകളി സംഗീതവും.

ആ ശാന്തതയില്‍ നിന്നും ഞാന്‍ ഒരു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു തുടങ്ങിയിരുന്നു.എപ്പോളോ ഒരു കാല്‍പെരുമാറ്റം കേട്ട് ഞെട്ടി എഴുന്നേറ്റ ഞാന്‍ കേട്ടത് രാമേട്ടന്റെ ശബ്ദം ആണ്.

"നീ ഇവിടെ കിടന്നുറങ്ങി പോയോ?".

നിഴലില്‍ നിന്നും നിലാവിലേക്ക് നീങ്ങിയ രാമേട്ടന്റെ രൂപം കണ്ടു ഞാന്‍ വല്ലാതെ ആയി പോയി. ചടച്ചു,താടിയും മുടിയും നീട്ടി വളര്‍ത്തി വാനപ്രസ്ഥത്തില്‍ നിന്നും സന്ന്യാസത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ തയാറായി നില്‍ക്കുന്ന ഒരു ഭിക്ഷാംദേഹിയെ പോലെ....

"ഇല്ല,ഉറങ്ങിയില്ല്ല...വെറുതെ കിടന്നു.. "ഞാന്‍ മറുപടി പറഞ്ഞു.

"നീ കളി കാണാന്‍ വരണില്യേ??ഞാന്‍ ഒന്ന് തല കാട്ടിയിട്ട്..." എന്നും പറഞ്ഞു നില്‍ക്കാതെ അദ്ദേഹം നടന്നു നീങ്ങി.

രാമേട്ടന്‍...രാമനാരായണന്‍ എമ്പ്രാന്തിരി..ചോവെല്ലൂര്‍ കഥകളി സംഘത്തിന്റെ നടന്‍..പ്രധാന നടന്‍...സ്ഥിരം പച്ച വേഷങ്ങള്‍...അതില്‍ കൃഷ്ണ വേഷം പ്രസിദ്ധം..സംസ്കൃത പണ്ഡിതന്‍...സര്‍വോപരി സഹൃദയന്‍.

കുട്ടിക്കാലം മുതല്‍ക്കേ ചോവെല്ലൂര്‍ സംഘത്തിന്റെ കഥകളി കണ്ടു ഞാനും ഒരു കളിഭ്രാന്തന്‍ ആയിതീര്‍ന്നിരുന്നു.ഇത്തവണ ഉത്സവസമയത്തു തന്നെ നാട്ടില്‍ എത്തിയതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് വളരെ നാളുകള്‍ക്കു ശേഷം കഥകളി കാണുക എന്നത് തന്നെയായിരുന്നു.

പക്ഷെ രാമേട്ടന്റെ ഈ രൂപ മാറ്റം എന്നെ അമ്പരപ്പിച്ചു കളഞ്ഞു.കഴിഞ്ഞ തവണ ഈ നദിക്കരയില്‍ ഇരുന്നു കളി പറഞ്ഞ രാമേട്ടന്‍ തന്നെയാണോ അത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇപ്പോളും.

രാമേട്ടന്‍ അങ്ങനെ ആയിരുന്നു,വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും കൂട്ട് കൂടും,കളി പറയും...ഒരു പാവം മനുഷ്യന്‍..

ഞാന്‍ പതിയെ അമ്പലത്തിലേക്ക് നടന്നു,അപ്പോളും മനസ്സില്‍ രാമേട്ടന്റെ രൂപം ആയിരുന്നു.

ഗോപുരത്തില്‍ എത്തിയപ്പോളെക്കും അനന്തനെ കണ്ടു.അവനോടു ചോദിച്ചു രാമേട്ടന്റെ ഈ മാറ്റത്തെ പറ്റി..

ഒരേ ഒരു മകള്‍ ഗിരിജ...രാമേട്ടന്‍ ജീവിച്ചത് ആ മകള്‍ക്ക് വേണ്ടി...വളര്‍ത്തി വലുതാക്കി...തന്റെ കഴിവിന് അതീതമായിരുന്നു എങ്കിലും ഡോക്ടര്‍ ഭാഗത്തിന് പഠിപ്പിച്ചു..ഒരു നിലയില്‍ എത്തിച്ചു..

ആ മകള്‍...... പറക്കമുറ്റിയപ്പോള്‍ തന്റെ പിതാവിനെ കുറിച്ച് ചിന്തിച്ചില്ല...ആ പിതൃഹൃദയത്തില്‍ എന്തെല്ലാം സ്വപ്‌നങ്ങള്‍ തന്നെ കുറിച്ച് കാണും എന്ന് ഓര്‍ത്തതില്ല...തനിക്ക് ചേര്‍ന്നൊരു ജീവിത പങ്കാളിയെ സ്വയം കണ്ടെത്തിയപ്പോള്‍ അച്ച്ഛന്റെ അനുവാദത്തിനു കാത്തുനില്‍ക്കാന്‍ പോലും മനസ്ഥിതി തോന്നിയതുമില്ല....താന്‍ പറന്നകന്നു പോയപ്പോള്‍ ആ പിതാവിന്റെ ഹൃദയം തകര്‍ന്നതും കണ്ടില്ല ...

അപ്പോളും കഥകളി തുടര്‍ന്ന് കൊണ്ടേ ഇരുന്നു...ചെണ്ടതലപ്പില്‍ ചെണ്ടക്കോല്‍ വീഴുന്നത് പോലും എന്നെ അസ്വസ്ഥനാക്കിയിരുന്നു...
രാത്രിയില്‍ വളരെ വൈകി രാമേട്ടനെ ഊട്ടുപുരയ്ക്കു സമീപമുള്ള ആല്‍ത്തറയില്‍ ഇരിക്കുന്നത് കണ്ട് ഞാന്‍ അടുത്തേക്ക് ചെന്നു.

"കുഞ്ഞേ..എല്ലാം അറിവുള്ളതല്ലേ...ഇനിയും ചോദിച്ചു എന്നെ വട്ടത്തിലക്കണോ?.." എന്ന് ചോദിച്ചാണ് രാമേട്ടന്‍ എന്നെ അടുത്തേക്ക് വിളിച്ചത്.

ആ ആല്‍ത്തറ പടിമേലെ ഇരുന്നിട്ട്,അദ്ദേഹത്തിന്റെ തോളിന്മേല്‍ കൈ വെച്ചപ്പോള്‍ നിസ്സംഗനായി എന്നെ നോക്കിയിട്ട് വീണ്ടും അരങ്ങത്തേക്ക് കണ്ണ് നട്ടു രാമേട്ടന്‍.

കുറെ നേരം അവിടെ അദ്ദേഹത്തോടൊപ്പം അങ്ങനെ ഇരുന്നു...ഒടുവില്‍ അദ്ദേഹം പറഞ്ഞു..

"നീ ആ ആട്ടവിളക്ക് കണ്ടോ,അതില്‍ എരിയുന്നത് എന്റെ ഈ നെഞ്ചാണ്....നീല ചുണ്ടയുടെ പൂവ് വേണ്ട എന്റെ ഈ കണ്ണുകള്‍ ചുവപ്പിക്കാന്‍....ഇനി വേണ്ടാ ഒരു വേഷവും എന്ന് തീരുമാനം എടുത്തിരിക്കുന്നു..വയ്യ...ആടാന്‍ ഉള്ള മനസ്സില്ല..നന്മകള്‍ എല്ലാം എങ്ങോട്ടോ ഓടിപോയ പോലെ..."

ചെവിയുടേ ഭാഗത്തായി തോടയും ചെവിപ്പൂവും വെച്ച് കെട്ടി,തലയില്‍ പട്ടുവാല്‍ കെട്ടി,അതിനുമുകളിലായി കിരീടം വെച്ചു കെട്ടി ആടുന്ന രാമേട്ടന്റെ ആ കൃഷ്ണ രൂപം ഇനി കാണാന്‍ പറ്റില്ല എന്നോര്‍ത്തപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍...അതില്‍ ഉപരി സ്വപ്‌നങ്ങള്‍ തകര്‍ന്ന ഒരു പിതാവിന്റെ ദുഃഖം എന്റെ ഇടനെഞ്ചിലൂടെ എരിഞ്ഞമര്‍ന്നു...

രാമേട്ടനോട് യാത്ര പറഞ്ഞു നീങ്ങുംപോളും വേദിയില്‍ കഥകളി തുടര്‍ന്നിരുന്നു...

"ദാനവാരി മുകുന്ദനെ,സാനന്ദം കണ്ടീടുവാന്‍ വിപ്രന്‍
താനേ നടന്നീടിനാനെ ചിന്ത ചെയ്തു.."

സ്വന്തം മക്കള്‍ക്ക്‌ അരങ്ങില്‍ തകര്‍ത്താടുവാന്‍ ഒരു ആട്ടവിളക്കിനെ പോലെ കത്തിയെരിയുന്ന മാതാപിതാക്കളെ ഓര്‍ത്തു എന്റെ കണ്ണുകള്‍ നിറഞ്ഞുഒഴുകുന്നുണ്ടായിരുന്നു..