30 ഡിസംബർ 2009

നിഴല്‍ക്കൂത്ത് - ഭാഗം 1 - ജരാനരകള്‍

ആമുഖം
ഓരോ യാത്രയും ഓരോ അനുഭവം ആണ്. ജീവിതത്തിന്റെ നേര്കാഴ്ചകളിലേക്ക് തുറന്നു വെച്ച പാഠപുസ്തകങ്ങള്‍ ആണ് യാത്രകള്‍.ഓരോ യാത്രയിലും കണ്ടുമുട്ടുന്ന കണ്ണുകളില്‍ നിന്നും കഥകള്‍ വായിച്ചെടുക്കാന്‍ നടത്തുന്ന എന്റെ ശ്രമങ്ങള്‍ പലപ്പോഴും മനസിനെ ഒരു തരം പ്രക്ഷുബ്ധതയിലേക്ക് നയിക്കാറുണ്ട്.എന്റെ യാത്രകളില്‍ പലതും ദൂരങ്ങളിലേക്ക് ആകാറില്ല,ചുറ്റുവട്ടങ്ങളില്‍ ഉള്ള മനുഷ്യ ജീവിതങ്ങള്‍ കണ്ടറിയാന്‍ ഉള്ള വളരെ ശക്തമായ ഒരു ശ്രമം മാത്രം.ജീവിതം ഒരു നിഴല്‍ നാടകം ആണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.അമ്മയുടെ ഗര്‍ഭപാത്രം ഭേദിച്ച് വെളിയില്‍ വന്നു കരഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ ഒരു ഞൊടി ഇടയില്‍ ജീവിതം ഉപേക്ഷിച്ചു പോകുന്നത് വരെ ഉള്ള ഒരു കൂത്ത്‌,അതാണ്‌ ഈ ജീവിതം എന്ന നാടകം.നമ്മള്‍ക്ക് ഇതിനെ നിഴല്‍ക്കൂത്ത് എന്ന് വിളിക്കാം. ഇതൊരു കഥയല്ല.കഥാ പരമ്പരയും അല്ല.ഒരു സാമൂഹിക ജീവിയുടെ തുറന്നു വെച്ച കണ്ണുകള്‍ സമൂഹത്തില്‍ കാണുന്ന പച്ചയായ ജീവിത കാഴ്ചകളെ അക്ഷരങ്ങളുടെ സഹായത്തോടെ ദൃശ്യവത്കരിക്കാന്‍ നടത്തുന്ന ഒരു ശ്രമം മാത്രം.

ജരാനരകള്‍
റെയില്‍വേ അറിയിപ്പ് കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം മെയില്‍ യാത്ര തുടങ്ങാന്‍ ഇനിയും ഒരു അര മണിക്കൂര്‍.

പ്ലാറ്റ്ഫോര്‍മില്‍ യാത്രികരുടെയും,അവരെ യാത്ര അയയ്ക്കാന്‍ എത്തിയവരുടെയും,പോര്ട്ടര്മാരുടെയും,കച്ചവടക്കാരുടെയും തിരക്കുണ്ട്. ഞാന്‍ പതുക്കെ നടന്നു തീവണ്ടിയിലേക്ക് കയറി.എന്റെ സീറ്റിനു അടുത്ത സീറ്റില്‍ ഒരു വൃദ്ധയും,അവരുടെ മകനും,അയാളുടെ ഭാര്യയും ഇരിക്കുന്നു.ഞാന്‍ പതിയെ എന്റെ സീറ്റ്‌ കൈയടക്കി.അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

കാണുന്ന എന്തിലും എഴുതാനുള്ള എന്തെങ്കിലും കണ്ടെത്താനുള്ള എഴുത്തുകാരന്റെ അത്യാഗ്രഹം,ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.ആ മകന്റെ ശബ്ദം വികാരഭരിതമാകുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു.

"അമ്മ വിഷമിക്കാതെ,അടുത്ത മാസം ഇങ്ങു വരാല്ലോ .അല്ലെങ്കില്‍ തന്നെ എന്താ അവിടെ ഒക്കുന്നില്ല എങ്കില്‍ അമ്മ ഇങ്ങു പോരെ,ഒന്ന് ഫോണ്‍ ചെയ്താല്‍ മതി ...ഞാന്‍ ടിക്കറ്റ്‌ എടുത്ത് അയച്ചു തരില്ലേ."

ഇതൊക്കെ പറയുമ്പോള്‍ അയാള്‍ തന്റെ മുഖത്ത് കൃത്രിമം ആയി ഒരു സ്നേഹ ഭാവം വരുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ഞാന്‍ കൌതുകത്തോടെ അയാളുടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.പ്രതീക്ഷിച്ചതു പോലെ തന്നെ അവരുടെ മുഖത്ത് ദേഷ്യം വരുന്നുണ്ടായിരുന്നു.ഏതൊരു മരുമകള്‍ക്കാണ് അമ്മായിഅമ്മയെ സ്വന്തം അമ്മയെ പോലെ കാണാന്‍ കഴിയുക.വയറ്റില്‍ കുരുത്ത സ്വന്തം മക്കള്‍ തന്നെ അമ്മമാരെ തള്ളി പറയുന്ന കാലം ആണ് ഇത്.ഞാന്‍ നെടുവീര്‍പിട്ടു.അപ്പോളേക്കും മരുമകളുടെ ശബ്ദം എന്റെ കാതുകളില്‍ എത്തിയിരുന്നു.

"അന്തെന്താ ജയന്‍ അങ്ങനെ പറയുന്നത്.അമ്മ സിനി ചേച്ചിയുടെ അടുത്തേക്കല്ലേ പോകുന്നത്.അവിടെ അവര്‍ അമ്മയെ പൊന്നു പോലെ നോക്കില്ലേ."
കണ്ടില്ലേ അമ്മേ!!!ഇപ്പോഴും കൊച്ചു പിള്ളാരുടെ കൂട്ടാണ് ഈ ജയന്റെ സ്വഭാവം."

വികാര വിചാരങ്ങളുടെ വേലിയേറ്റം പ്രകടമായിരുന്ന ആ നാടകവും വാചക കസര്‍ത്തുകളും ട്രെയിന്‍ പുറപ്പെടുന്നത് വരെ ഇങ്ങനെ തുടര്‍ന്നു.കുറ്റബോധം വേട്ടയാടുന്ന ഒരു മകന്റെ മനസ്സും,നിസ്സഹായതയും ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു.ഇതൊന്നും ശ്രദ്ധിക്കാതെ ഹൃദയം തകരുന്ന വേദനയും സഹിച്ചു, വിദൂരതയിലേക്ക് കണ്ണും നട്ട് ആ പാവം അമ്മ അങ്ങനെ ഇരുന്നു.

ട്രെയിന്‍ പുറപ്പെട്ടതും,മകനും കുടുംബവും യാത്ര പറഞ്ഞതും ഒന്നും ആ പാവം അറിഞ്ഞതേ ഇല്ല.പിന്നീട് എപ്പോളോ വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദന,ചുടു കണ്ണുനീര്‍ ആയി ആ കവിള്‍ത്തടങ്ങളിലൂടെ ഒഴുകി ഇറങ്ങുന്നത് ഞാന്‍ കണ്ടു.

ജീവിതത്തിന്റെ നൂല്പാലത്തിലൂടെ ഉള്ള ഈ യാത്രയില്‍ ധനത്തിനും ആര്‍ഭാടങ്ങള്‍ക്കും മാത്രം വില കൊടുക്കന്ന ഞാന്‍ ഉള്‍പെട്ട ഈ തലമുറ,പിന്നിട്ട വഴികളെയും,ആ വഴികളില്‍ കൈതാങ്ങായവരെയും മറക്കുന്ന കാഴ്ച വളരെ ഭയാനകം ആണ്.


മനുഷ്യത്വത്തിനും രക്തബന്ധങ്ങള്‍ക്കും ജരാനരകള്‍ ബാധിക്കുന്നുവോ?
ആ അമ്മയുടെ ചുടുകണ്ണുനീര്‍ ഊര്ന്നൊഴുകി വീണത് എന്റെ നെഞ്ചിലെക്കായിരുന്നുവോ..??അറിയില്ല..

പക്ഷെ ഇപ്പോളും ആ കണ്ണുനീരിന്റെ ചൂട്......