07 നവംബർ 2009

ഓര്‍മ്മകള്‍ നൊമ്പരമാകുമ്പോള്‍

ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും മനസിലാകാന്‍ കൃഷ്‌ണ.തൃഷ്‌ണ എന്ന ബ്ലോഗ്‌ വായിച്ചാല്‍ നന്നായിരിക്കും


നാട്യങ്ങളുടെ കേദാരമായ നഗരത്തിലേക്ക് ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു.ഇലകള്‍ കൊഴിയും പോലെ ഋതുക്കള്‍ കൊഴിഞ്ഞു പോയി.ഒത്തിരി മുഖങ്ങളെ കണ്ടു.ഓര്‍ത്തിരിക്കാന്‍ കഴിയുന്നവ കുറവാണ്.പക്ഷെ എന്നിലെ മനുഷ്യനെ നൊമ്പരപ്പെടുത്തിയ കുറെ മുഖങ്ങള്‍,അതില്‍ ഒന്നാണ് കല്യാണ്‍ദേവി..

കല്യാണ്‍ദേവി..പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും പെണ്ണാണ് എന്ന്.അല്ല,പെണ്ണല്ല അവന്‍.ആണായി ജനിച്ചിട്ടും പെണ്ണായി ജീവിക്കാന്‍ ഇഷ്ടപെടുന്ന അപൂര്‍വ്വം ചില ജന്മങ്ങളില്‍ ഒന്ന്.

മഹാഭാരതത്തിലെ ശിഖണ്ടിയെ പോലെ,അര്‍ജ്ജുനന്‍ അജ്നാതവാസക്കാലത്ത് കെട്ടിയാടിയ ബ്രഹന്നള വേഷം പോലെ,ഒന്നും അല്ലാത്ത അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിലര്‍.അവരെ കാണുമ്പോള്‍ ചിലപ്പോള്‍ ചിരി വരും,ചിലപ്പോള്‍ ഭയവും.
ചിലപ്പോള്‍ അവരോട്‌ ദേഷ്യം തോന്നും,ചിലപ്പോള്‍ ജീവിതസത്യങ്ങള്‍ക്ക് മുന്‍പില്‍ ഒരു ഹിജഡയെ പോലെ വേഷം കെട്ടേണ്ടി വരുന്ന മനുഷ്യരോട് പുച്ചവും.

കല്യാണ്‍...എന്നാണ് അവനെ ഞാന്‍ കണ്ടു തുടങ്ങിയത്‌ എന്നറിയില്ല.

ഭട്നഗര്‍ തെരുവോരത്തെ ആ പഴയ പോലീസ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ റോഡിനോട് ചേര്‍ന്നുള്ള ആ ജനാലയിലൂടെ പലപ്പോഴും ഹിജടകളുടെ ആ ചെറിയ കൂട്ടം പോകുന്നത് ആദ്യം ഒക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കുമായിരുന്നു.മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ നിന്നും നാഗ്പൂര്‍ പട്ടണത്തിലേക്ക് കുടിയേറിയ എനിക്ക് എല്ലാം അത്ഭുതങ്ങള്‍ മാത്രമായിരുന്നു ആ കാലഘട്ടത്തില്‍.

പിന്നീടെപ്പൊഴോ ഒരിക്കല്‍ അവര്‍ എന്നെ പിടികൂടി.ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ചായക്കടയുടെ അരികില്‍ ഒരു ചായയും ഇത്തിരി പുകയുമായി നിന്ന എന്നെ രണ്ടു പേര്‍ വളഞ്ഞു.

"പൈസ ദെ ദോ നാ..തും കിത്ത്നെ ഖൂബ്സൂരത്ത് ഹോ.."

ഇതും പറഞ്ഞു ഒരാള്‍ എന്റെ കവിളില്‍ നുള്ളി.മുഖത്തും ചുണ്ടിലും ചായം പൂശി,ശരീരത്തില്‍ ഇല്ലാത്ത വടിവുകള്‍,ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സാരിയും ചുറ്റി,തലയില്‍ സാരിത്തുമ്പും പുതച്ചു നില്‍ക്കുന്ന രണ്ടു ജന്തുക്കള്‍.പാന്‍ മസാലയുടെ മണം രൂക്ഷതയോടെ എന്റെ നാസികയില്‍ പതിച്ചു.ആ ആദ്യത്തെ അനുഭവത്തില്‍ എനിക്ക് അവരോട്‌ വെറുപ്പാണ് തോന്നിയത്‌.വയറ്റില്‍ തീപിടിക്കുന്ന അവസ്ഥ.ചുണ്ടിലിരുന്ന സിഗരട്ട് എങ്ങനെയോ എരിഞ്ഞു തീര്‍ന്നു.ചായ ഗ്ലാസ്‌ അരികില്‍ വെച്ചിട്ട് പോക്കറ്റില്‍ കൈയിട്ടു ആദ്യം കിട്ടിയ ചില്ലറ എടുത്തു കൊടുത്തു.

ചിലറ കണ്ടിട്ടാവണം അതില്‍ ഒരാള്‍ പറഞ്ഞു "ക്യാ രേ ഭയ്യാ,മേനെ ക്യാ പാപ് കിയാ,ക്യൂം ചെട്താ ഹേ.."

അറിയാവുന്ന മുറി ഹിന്ദിയില്‍ അവരോട്‌ ചൂടായി സംസാരിക്കാന്‍ ശ്രമിച്ചത്‌ കാര്യങ്ങള്‍ വീണ്ടും വഷളാക്കി.എന്റെ മുറി ഹിന്ദി കേട്ട് അവര്‍ക്ക് മനസിലായി ഞാന്‍ അവിടെ പുതിയതാണെന്ന്.അവരുടെ രണ്ടു പേരുടേയും കൈകള്‍ എന്റെ ശരീരത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

"ശ്രീ പദ്മനാഭ" എന്ന വിളി അറിയാതെ ഉച്ചത്തില്‍ ആയി പോയിരുന്നു.കുറച്ചു മാറി നിന്ന ഒരാള്‍ കൂടി ഓടി വരുന്നത് കണ്ട് എന്റെ പാതി ജീവന്‍ പോയി.

"കമല ഓ കമല..യെ ക്യാ ഹേ..ബന്ദാ നയാ ഹേ ഗലി മേ...ചോഡ്‌ ഉസേ.."ആ ഓടി ഓടിവന്നവന്‍ പറഞ്ഞു.ആ രണ്ടു പേര്‍ പതുക്കെ എന്നെ വിട്ടു പോയി.

അവന്‍ എന്നോട്‌ ദേഷ്യത്തോടെ പറഞ്ഞു."നീ എന്തിനാ അവരോട്‌ തര്‍ക്കിക്കാന്‍ പോകുന്നേ.ഒരു രൂപ നോട്ടു കൊടുത്താല്‍ തീരില്ലേ പ്രശ്നം."

അല്പം പേടിയോടെ ആണെങ്കിലും ഞാന്‍ ചോദിച്ചു."നിങ്ങളും ആ കൂട്ടത്തിലെ അല്ലെ..പിന്നെ എന്തിനാ അവരെ ഓടിച്ചു വിട്ടത്".

മുഖത്തേക്ക്‌ നോക്കാതെ തിരിഞ്ഞു നടന്നു അവന്‍.രണ്ടടി വെച്ചിട്ട് നിന്നു.എന്നിട്ട് പറഞ്ഞു."ഒരേ നാട്ടുകാരായി പോയില്ലേ."

എന്നിട്ട് നിര്‍ത്താതെ കൈയടിച്ചു നടന്നു നീങ്ങി.ഒപ്പം ഒരു പാട്ടും.നാല്പതിനടുത്ത് പ്രായം തോന്നുന്നുണ്ടായിരുന്നു അവനെ കണ്ടിട്ട്.

അന്ന് കണ്ട ആ മൂന്നു രൂപങ്ങള്‍ ഇപ്പോളും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.നേര്‍ത്ത പുരുഷസ്വരം.മുഖത്ത് വാരി പൂശിയ ചായങ്ങള്‍.കളഭക്കൂട്ടിന്റെയും കസ്തുരിയുടെയും ഗന്ധം.വായില്‍ പാനും ബീഡായും.വര്‍ണചിത്രങ്ങള്‍ നിറഞ്ഞ വസ്ത്രം,ഇറുകിയ ബ്ലൗസുകള്‍.ഒരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീത്വത്തിന്റെ ഒരു കോമാളി രൂപം.മഹാനഗരങ്ങളില്‍ അവര്‍ തങ്ങളുടെ ജീവിതം കണ്ടെത്തുന്നു.തിരക്കേറിയ നഗരവീധികളിലും മറ്റും അവര്‍ അരവയര്‍ നിറയ്ക്കാന്‍ വേണ്ടി ആളുകള്‍ക്ക്‌ ഭീഷണി ആകുന്നു.കൂട്ടം ആയി വരുന്ന അവരുടെ കൈയടിയുടെ താളം ഇതൊരു ചെറുപ്പക്കാരനും മനസ്സില്‍ ഭയം ഉണര്‍ത്തുന്നതാണ്.അവരോട്‌ തര്‍ക്കിക്കുന്നവരെ അവര്‍ തങ്ങളുടേതായ രീതിയില്‍ വസ്ത്രങ്ങള്‍ മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചു മാനം കെടുത്തുന്നു.

ഇതില്‍ എല്ലാമുപരി നമ്മള്‍ കാണാന്‍ ശ്രമിക്കാത്ത വല്യ ഒരു സത്യം ഉണ്ട്.ഒരു പുരുഷബീജം സ്ത്രീയില്‍ ഉത്ഭവിപ്പിച്ച വേറൊരു പുരുഷ ജന്മം,തന്നിലെ സ്ത്രീ സത്വത്തെ തേടിയുള്ള ആ യാത്രയില്‍,മഹാനഗരങ്ങളിലെ വഴിയോരങ്ങളില്‍ ഭിക്ഷയെടുത്തും,തന്നിലെ സ്ത്രീയെ വ്യഭിചരിച്ചും,നൃത്തം ആടിയും,ജീവിക്കാന്‍ ആയി വേഷം കെട്ടിയും സ്വയം വേദന തിന്നുന്ന വിധിയുടെ വേട്ടമൃഗം ആയി മാറുന്നു.

കുറെ ദിവസങ്ങള്‍ക്കു ശേഷം ആ കൂട്ടത്തെ വീണ്ടും കണ്ടു മുട്ടി.എന്തോ അവര്‍ക്ക്‌ എന്നെ ആക്രമിക്കാന്‍ അന്ന് തോന്നിയില്ല.പരുങ്ങി നിന്ന എന്നെ അവര്‍ നോക്കാതെ കടന്നു പോയി.അന്ന് എന്നെ രക്ഷപെടുത്തിയ ആ ഹിജഡ ഏറ്റവും പുറകിലായി ഉണ്ടായിരുന്നു.അവന്‍ തിരിഞ്ഞു നോക്കി ചെറുതായി കൈ വീശി പരിചയം കാണിച്ചു.എന്റെ കൈകള്‍ എന്തോ പേടി കൊണ്ട് ഉയര്‍ന്നില്ല.കുറെ കഴിഞ്ഞു ശിപായി അസലാം ഷായുടെ കൈകള്‍ എന്റെ തോളത്തു പതിച്ചത് ഞെട്ടലോടെ ആണ് ഞാന്‍ അറിഞ്ഞത്."അരെ ഓ സാബ്,ക്യാ ഹോഗയ?....ഉസ്സേ മാലൂം ഹെപിന്‍ ക്യാ?..വോ ഹിജഡ മദിരാശി ഹേ..ഉന്കി കഹാനി..."അസലാം മുഴുമിപ്പിച്ചില്ല.


അസലാം പറഞ്ഞ കഥ

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ലാലപ്പൂര്‍ തെരുവിലെ മാഹിംഘര്‍ എന്ന ഹിജഡ ഭവനത്തിലേക്ക്,ഇവിടെ ഉണ്ടായിരുന്ന ഭഗവത്‌ എന്ന ഡല്‍ഹിക്കാരന്‍ സാബിനേം കൂട്ടി പോയപ്പോള്‍ ആണ് ഞാന്‍ കല്യാണ്‍ദേവിയെ ആദ്യം കാണുന്നത്.അന്ന് അവന്‍ പുരുഷ വേഷം ആയിരുന്നു.മലബാര്‍ ഭാഗത്ത് നിന്ന് വന്ന ദേവകുമാര്‍.ജോലി കിട്ടാതെ തെരുവുകള്‍ തോറും അലഞ്ഞുനടന്ന അവനെ മാഹിംഘറിന്റെ കാവല്‍ക്കാരന്‍ ആക്കി സേട്ടുസാബ്.

സേട്ടുസാബ് മാഹിംഘറിലെ ഹിജഡ ഗുരു ആണ്.പത്തു പതിനഞ്ച് ചേലകള്‍ സേട്ടുസാബിന്റെ കീഴില്‍ ഉണ്ടായിരുന്നു.ഒത്ത ഒരു പുരുഷന്‍ ആയിരുന്നിട്ടും മാംസവ്യാപാരത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടു ഒരു ഹിജഡ ആയി ജീവിച്ച ഒരാള്‍ ആയിരുന്നു അയാള്‍.മാഹിംഘര്‍ ഹിജഡ ഭവനത്തിലുപരി ഒരു വേശ്യാലയം ആയിരുന്നു.ഹിജഡകളുടെ ശരീരത്തില്‍,സ്ത്രീ ശരീരത്തില്‍ ഇല്ലാത്ത ഏതോ സ്വര്‍ഗീയ സുഖം ഉണ്ട് എന്ന് വിശ്വസിച്ച കുറെ കാമഭ്രാന്തന്മാരുടെയും സ്വവര്‍ഗപ്രേമികളുടെയും വിഹാര കേന്ദ്രം.മാഹിംഘര്‍ അടച്ചു പൂട്ടാന്‍ നടപടി എടുക്കാന്‍ പോകുന്നു എന്നറിയിക്കാന്‍ ആണ് ഞങ്ങള്‍ അന്ന് അവിടെ പോയത്‌.

സേട്ടു സാബിന്റെ വിശ്വരൂപം അന്ന് ഞാന്‍ കണ്ടു.ആഴ്ചകള്‍ക്കുള്ളില്‍ ഭഗവത്‌ സാബ് സ്ഥലം മാറി പോയി.പുതുതായി വന്ന സാബ് അവരുടെ ആളായി മാറുകയും ചെയ്തു.ഹിജഡകളെ ചൂഷണം ചെയ്യുന്നതിന് പുറമേ സ്ത്രീകളുടെ മാംസവും അയാള്‍ വ്യാപാരം ചെയ്യാന്‍ തുടങ്ങി.

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.ഒരു ദിവസം സ്റ്റേഷനില്‍ എത്തിയ ഞാന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി പോയി.

"സേട്ടുസാബ് കൊല്ലപെട്ടിരിക്കുന്നു.കൊലയാളി ദേവകുമാര്‍."

ജയിലില്‍ കിടക്കുന്ന ദേവകുമാറിനെ കാണാന്‍ ചെന്ന ഞാന്‍ ആ രൂപം കണ്ടു ഞെട്ടി പോയി.

പുരുഷ വേഷം കൊഴിച്ചു കളഞ്ഞു ഒരു സ്ത്രീയിലേക്കുള്ള യാത്രയില്‍ പാതി വഴി പിന്നിട്ട ദേവകുമാര്‍.അന്നത്തെ അവന്റെ മാനസികാവസ്ഥ ഇന്നത്തേത്‌ പോലെ ഞാന്‍ ഓര്‍ക്കുന്നു.ഒരു തരം ഭ്രാന്ത്‌ ആയിരുന്നു ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നത്.ആ കണ്ണുകളില്‍ ആരോടോ ഉള്ള പക തീ പോലെ പാറിയിരുന്നു.അരികില്‍ കുറെ നേരം ഇരുന്നിട്ടും അവന്‍ ഒന്നും മിണ്ടിയില്ല.രാത്രിയില്‍ ഇടയ്ക്ക് എപ്പോളോ സാബ് അവനെ കുറെ തല്ലി ചതച്ചു.വെളുപ്പിനെ ഞാന്‍ അവന്റെ അരികില്‍ വീണ്ടും ചെന്നു.

"ദേവ, ക്യാ യെഹ് സബ്." എന്റെ ചോദ്യത്തിന് അവന്റെ ആര്‍ത്തനാദം ആയിരുന്നു മറുപടി.കുറെ കരഞ്ഞതിനു ശേഷം അവന്‍ അവന്റെ കഥ പറഞ്ഞു.

ദേവകുമാര്‍ അസലാമിനോട്‌ പറഞ്ഞ കഥ

ഒരു പുരുഷ ശരീരത്തില്‍ ജനിച്ച സ്ത്രീ ആയിരുന്നോ ഞാന്‍ എന്ന് ചോദിച്ചാല്‍ അറിയില്ല?

മലബാറിലെ പുതിയശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂത്ത സന്തതി ആയി ജനിച്ച ഞാന്‍ എന്നും ആ അമ്മയ്ക്കും അച്ചനും ഒരു ശാപം ആയിരുന്നു.കഴിവില്ലാത്തവന്‍,ഒന്നിനും കൊള്ളാത്തവന്‍ എന്നിങ്ങനെ ലഭിക്കാത്ത വിശേഷണങ്ങള്‍ ഇല്ല ആ കാലത്ത്‌.ഒടുവില്‍ പതിനാറാം വയസ്സില്‍ കള്ളവണ്ടി കയറി നാട് വിട്ടു.അരവയര്‍ നിറയ്ക്കാന്‍ കുറെ കഷ്ടപ്പെട്ടു.ഊരറിയാത്ത,ഭാഷയറിയാത്ത നാടുകളിലൂടെ ഉള്ള അലച്ചിലില്‍ ഒടുവില്‍ ഇവിടെ എത്തി പെട്ടു.

ഇവിടെ ഈ നഗരം എനിക്ക് അത്ഭുതങ്ങളുടെ ഹിമാലയം ആയിരുന്നു.ആദ്യ നാളുകളില്‍ ഒരു ജോലി അന്വേഷിച്ചു കുറെ നടന്നു.ഭാഷ പോലും അറിയാത്ത ഒരുവനു എന്ത് ജോലി ലഭിക്കാന്‍.ഒടുവില്‍ വഴിയോരത്ത് തളര്‍ന്നു വീണ എന്നെ ഒരു ഹിജഡ എടുത്തുകൊണ്ട് പോയി.ഒരാഴ്ചയോളം പനിച്ചു കിടന്ന എന്നെ അവര്‍ ശുശ്രൂക്ഷിച്ചു.പനി മാറി എഴുന്നേറ്റ എനിക്ക് മനസിലായി അത് ഒരു ഹിജഡ താവളം ആണ് എന്ന്.നഗരത്തിന്റെ അതിര്‍ത്തിയിലെ ഒരു പഴയ കെട്ടിടം.

എന്നെ അന്ന് രക്ഷപെടുത്തിയ ആ ഹിജഡ;മണിബായി,അവര്‍ ആണ് ആ ഹിജഡ ഗൃഹത്തിലെ ഗുരു.അവര്‍ക്ക് കീഴില്‍ അഞ്ചാറു ചേലകളും ഉണ്ട്. മണിഭായി തമിഴ്നാട്ടില്‍ നിന്നും എത്തിപ്പെട്ടതായിരുന്നു.അവര്‍ നീണ്ട ഒരു മാസത്തോളം എന്നെ ഹിജഡകളുടെ ആചാര രീതികളും ചരിത്രവും മറ്റും പഠിപ്പിച്ചു.

ഒടുവില്‍ എന്നെയും ബഹുചര മാതാവിന്റെ അടുക്കല്‍ കൊണ്ടുപോണം എന്നും,പുരുഷത്വത്തിന്റെ എല്ലാ മേലാപ്പുകളും അവിടെ സമര്പിച്ചിട്ടു,ഹിജഡ ആയി ഒരു പുതു ജീവിതം ആരംഭിക്കണം എന്നുള്ള അവസ്ഥ വന്നപ്പോള്‍ ഞാന്‍ ആ ഹിജഡകളുടെ കയ്യില്‍ നിന്നും ഓടി രക്ഷപെട്ടു.

പക്ഷെ വിധി എന്നെ വെറുതെ വിടാന്‍ ഭാവിച്ചിരുന്നില്ല.

ദിവസങ്ങളോളം തെരുവുകള്‍ തോറും അലഞ്ഞു തിരിഞ്ഞു നടന്ന ഞാന്‍,ഒടുവില്‍ എത്തിപെട്ടത്‌ മാഹിംഘറിന്റെ മുന്‍പില്‍.

സേട്ടു സാഹിബ്‌ തന്നെ മാഹിംഘറിന്റെ കാവല്‍ക്കാരന്‍ ആക്കി.പലതരം ആളുകള്‍,പലതരം വേഷങ്ങള്‍,ഹിജഡകള്‍,സ്ത്രീകള്‍,പുരുഷന്മാര്‍,ഹിജഡ വേഷം കെട്ടിയ പെണ്ണുങ്ങള്‍,രാഷ്ട്രീയക്കാര്‍,വ്യാപാരികള്‍ - മാംസം മൊത്തത്തില്‍ കച്ചവടം ചെയ്യുന്ന ഒരു വാണിഭ ശാല ആയിരുന്നു അത്.

വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി.വെറും ഒരു കാവല്‍ക്കാരന്‍ എന്നതിനപ്പുറം,സേട്ടു സാഹിബിന്റെ ഏറ്റവും വിശ്വസ്തന്‍ ആയി മാറി ഞാന്‍.

സേട്ടു സാഹിബ്‌ ഒരു ഹിജഡ അല്ലെന്നും,അടുത്ത പട്ടണത്തില്‍ ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരു വ്യക്തി ആണെന്നും ഉള്ള തിരിച്ചറിവുകള്‍ എന്നെ അത്ഭുതപ്പെടുത്തി.സേട്ടു സാബിന്റെ അടുത്ത അനുയായിയും,മനസാക്ഷി സൂക്ഷിപ്പുകാരനും ആയി ഉള്ള വളര്‍ച്ച,പല സ്വാതന്ത്ര്യങ്ങളും എനിക്ക് തന്നു.

ഒടുവില്‍ അങ്ങനെ മാഹിംഘറിന്റെ അകത്തളങ്ങളിലേക്ക് എനിക്ക് പ്രവേശനം ലഭിച്ചു.

അകത്തളങ്ങളില്‍ വെച്ചാണ് റിഹാനയെ ഞാന്‍ കാണുന്നത്.

റിഹാന..ജീവിതത്തിനും ഹിജഡകള്‍ക്കും ഇടയില്‍ നരകിച്ച എന്റെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ മലരിതളുകള്‍ വാരി വിതറിയ പെണ്‍കുട്ടി.

ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു,മാതാപിതാക്കളാല്‍ തിരസ്കരിക്കപെട്ടു ജീവിതം മുന്നോട്ട് നീക്കാന്‍ സ്വന്തം ശരീരത്തിന് അശുദ്ധി കല്പിക്കാന്‍ സ്വയം വിധിക്കപെട്ടവള്‍.ഒരു സ്ത്രീ ആരും അല്ലാതെ ആയി തീരുന്ന അവസ്ഥയില്‍,ആരാലും സംരക്ഷിക്കപെടാന്‍ ഇല്ലാത്ത വരുന്ന അവസ്ഥയില്‍,വിധി അവളോട്‌ കാണിക്കുന്ന ക്രൂരത.

ആരുടേയും ശ്രദ്ധ ക്ഷണിച്ചു വരുത്താതെ,മൌനത്തിന്റെ ഭാഷയില്‍ എഴുതിയ ഞങ്ങളുടെ പ്രണയം.

ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന ആ പ്രണയം,ഒരു ദുരന്തം ആയി മാറാന്‍ നിമിഷങ്ങളെ എടുത്തുള്ളൂ.

റിഹാനയെ മാഹിംഘറില്‍ നിന്നും രക്ഷപെടുത്തി,ദൂരെ എവിടെ എങ്ങിലും പോയി ജീവിക്കുക എന്ന തീരുമാനം ഞാന്‍ എടുത്ത ആ രാത്രി.

ആ രാത്രി,സേട്ടു സാഹിബ്‌ മാഹിംഘറില്‍ ഏതെങ്കിലും ഒരു സ്ത്രീയുടെ കൂടെ ആണ് അന്തിയുറങ്ങുക എന്നത് തന്റെ ദൌത്യത്തെ വിജയിപ്പിക്കും എന്ന് ഞാന്‍ വിശ്വസിച്ചു.

മാഹിംഘറിലെ അന്നത്തെ വ്യാപാരം അവസാനിപ്പിക്കുന്നതിന്റെ സൂചനകളുമായി രാത്രി അതിന്റെ അന്ത്യയാമത്തിലേക്ക് കടന്നു.വിളക്കുകള്‍ അണഞ്ഞു തുടങ്ങി.അവിശുദ്ധ ഭോഗത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന പകല്‍ മാന്യന്മാര്‍.കുറെ നിമിഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത പകലിന്റെ പകുതി വരെ ഇവിടം ശാന്തം ആയിരിക്കും.വെളിയിലേക്കുള്ള കവാടത്തിലെ കാവല്‍ക്കാര്‍ ഒഴികെ മറ്റുളവര്‍ എല്ലാവരെയും നിദ്രാദേവി തഴുകി ഉറക്കുന്ന സമയം.ഇനി കിട്ടില്ല ഇതു പോലെ ഒരു അവസരം.

ഞാന്‍ പതുക്കെ അകത്തളങ്ങളില്‍ കടന്നു.റിഹാനയുടെ മുറിയിലേക്കുള്ള ഇടനാഴിയില്‍ പ്രവേശിച്ചു.

തെറ്റുകളിലൂടെ മാത്രം സഞ്ചരിച്ച ഈ ജീവിതം വിട്ടെറിഞ്ഞ്‌,റിഹാനയും ഒത്തു ഒരു നല്ല ജീവിതം.ആ സ്വപ്നം മാത്രമായിരുന്നു കണ്ണുകളില്‍.പക്ഷെ തന്റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു പോയി എന്നറിയാന്‍ ഒരല്പം വൈകി പോയി.

സേട്ടു സാഹിബ്‌ അന്ന് അന്തി ഉറങ്ങാന്‍ തിരഞ്ഞെടുത്തത്‌ റിഹാനയുടെ മുറി ആണെന്ന് മനസിലാക്കിയപ്പോളെക്കും,അയാള്‍ തന്നെ പിടി കൂടി കഴിഞ്ഞിരുന്നു.

ആ പകല്‍ മുഴുവന്‍ അയാളുടെ ഗുണ്ടകള്‍ തന്നെ തല്ലി ചതച്ചു.

"സാലെ...ഹറാമി..മാധര്‍ചോദ്ദ്‌..ധോഖ ദിയ തൂനേ..ചോടൂംഗ നഹി തുജെ...".

അയാള്‍ ഇടയ്ക്ക്‌ ഇടയ്ക്ക്‌ പുലമ്പുന്നുണ്ടായിരുന്നു.

ഒടുവില്‍ ആ വൈകുന്നേരം എന്നെ ലഷ്കര്‍വാലായ്ക്ക് മുന്നില്‍ എത്തിച്ചു.

അവര്‍ എന്നെ നിര്‍വാണത്തിനു വിധിച്ചു.

പുരുഷന്റെ മേലങ്കികള്‍ കൊഴിച്ചു കളഞ്ഞു,ഹിജഡയായി തീരുക എന്നതായിരുന്നു അവര്‍ എടുത്ത തീരുമാനം.അതിനു എന്നിലാരോപിച്ച കുറ്റമോ,ഒരു ഹിജഡയെ പ്രണയിച്ചു എന്നതായിരുന്നു.സേട്ടു സാബിന്റെ പണത്തിനു മീതെ എന്റെ സ്നേഹത്തിനു പറക്കാന്‍ കഴിഞ്ഞില്ല.റിഹാനയെ അയാള്‍ ഒരു ഹിജഡ ആയി ആണ് ലഷ്കര്‍വാലയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്‌.അവള്‍ക്കു പകരം,അവള്‍ ആയി ഭാവിച്ച് ഏതോ ഒരു ഹിജഡ മൊഴി കൊടുത്തു.

ഒരു ഹിജഡയെ പ്രണയിക്കുന്നത്‌ മറ്റൊരു ഹിജഡ ആണെന്നും,അതിനാല്‍ ഞാനും ഒരു ഹിജഡ ആകണമെന്നും ലഷ്കര്‍വാല തീരുമാനം എടുത്തു.എന്നില്‍ പ്രതികാരം മാത്രം അവശേഷിപ്പിച്ചു കൊണ്ട് അവര്‍ എന്നെ നിര്‍വാണത്തിനു വിധേയന്‍ ആക്കി.

ഹിജഡയുടെ മേലാപ്പ് എടുത്തണിഞ്ഞ എന്നെ കാത്തിരുന്നത് വളരെ ദുഖിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു.
റിഹാന ആത്മഹത്യ ചെയ്തു.പക്ഷെ എനിക്ക് ഉറപ്പായിരുന്നു അവളെ അയാള്‍ കൊന്നതായിരിക്കും എന്നത്.എനിക്ക് ചുറ്റും ഉള്ള ഹിജഡ‍കളുടെ സംസാരത്തില്‍ നിന്നും ഞാന്‍ അത ഉറപ്പിക്കുകയും ചെയ്തു.

എന്നിലെ പ്രതികാരാഗ്നി ആളിക്കത്താന്‍ തുടങ്ങി.നിര്‍വാണത്തിന്റെ കര്‍മ്മങ്ങള്‍ കഴിഞ്ഞു വിശ്രമത്തില്‍ ഇരിക്കുന്ന എന്നെ കാണാന്‍ വന്ന സേട്ടു സാഹിബ്‌ എന്ന ആ ദുഷ്ടനെ ഞാന്‍ ആക്രമിച്ചു.പീഡനങ്ങള്‍ ഏറ്റു വാങ്ങിയ എന്റെ ശരീത്തിനു അയാളെ ആക്രമിക്കാന്‍ ശക്തി ഇല്ലായിരുന്നു എങ്കില്‍ കൂടി..മനസിലെ പക..അത് ഒടുവില്‍ അയാളുടെ മരണത്തിനു കാരണഹേതു ആയി.മല്‍പ്പിടുത്തത്തിനൊടുവില്‍ അയാളുടെ ജീവന്‍...അതിനെ എന്റെ ഈ കൈകള്‍ എങ്ങനെയോ എടുത്തു..

ആരും എന്നെ പിടിച്ചു മാറ്റാന്‍ വന്നില്ല.എല്ലാവരും ആഗ്രഹിച്ച മരണം,ഞാന്‍ അതിനു എങ്ങനെയോ നിമിത്തം ആയി.

അസലാം കഥ തുടരുന്നു.
സാബ്..ആ രാത്രി മുഴുവന്‍ അവന്‍ നിര്‍ത്താതെ കരഞ്ഞു.അവനെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും എനിക്ക് അന്ന് സാധിച്ചില്ല.രാവിലെ അവന്‍ എന്നോട് ഒരു ബീഡാ ചോദിച്ചു.ഞാന്‍ അത് വാങ്ങി കൊടുത്തിട്ട് വീട്ടിലേക്ക്‌ പോയി.

ആ വൈകുന്നേരം തിരികെ എത്തിയ ഞാന്‍ അറിഞ്ഞത് അവനെ റിമാന്‍ഡ്‌ ചെയ്തു എന്നതാണ്.പിന്നെ എല്ലാം നിയമത്തിന്റെ വഴിക്ക് നടന്നു.അവനെ കോടതി അഞ്ചു കൊല്ലം തടവിനു ശിക്ഷിച്ചു.അവന്‍ അനുഭവിച്ച യാതനകള്‍ കോടതി പരിഗണനക്ക് എടുത്തു.

ഏതായാലും അന്നത്തെ ആ സംഭവം അത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ഒത്തിരി സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും മറ്റും ഹിജഡകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി.അതിനു ശേഷം ഈ സേട്ടു സാഹിബിനെ പോലെ ഉള്ള ചൂഷകര്‍ ഇവിടെ ഉണ്ടായിട്ടില്ല.

നീണ്ട ആ ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ദേവന് വേറെ ജീവിത മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞിരിക്കില്ല.വിധിയുടെ ക്രൂരതകളും,നിര്‍വാണം അവനില്‍ ഏല്‍പിച്ച ആഘാതങ്ങളും പിന്നെ ജയില്‍വാസവും അവനെ ഒരു ഹിജഡ ആയി തുടരാന്‍ പ്രേരിപ്പിച്ചിരിക്കണം.പിന്നെ അവന്‍ ഒരിക്കലും എനിക്ക് മുഖം തന്നിട്ടില്ല.ഞാന്‍ പലപ്പോഴും മിണ്ടാന്‍ ശ്രമിച്ചു എങ്കിലും അവന്‍ എന്നോട് മിണ്ടാന്‍ കൂട്ടാക്കിയില്ല.പതുക്കെ പതുക്കെ ഞാനും ദേവനെ കല്യാണ്‍ദേവി എന്ന ഹിജഡയായി കാണാന്‍ തുടങ്ങി.

എപ്പോളോ ആരോ പറഞ്ഞറിഞ്ഞു അവന്‍ ജയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് പണ്ട് അവനെ രക്ഷപെടുത്തിയ മണിബായി എന്ന ആ വൃദ്ധഹിജഡയെ കാണാന്‍ ആണ്.അവര്‍ അവനെ ഹിജഡയായി തുടരാന്‍ പ്രേരിപ്പിച്ചിരിക്കാം,അല്ലെങ്കില്‍ അവരുടെ അന്നത്തെ അവസ്ഥ കണ്ടിട്ട് അവന്‍ സ്വയം തീരുമാനിച്ചതായിരിക്കാം.എന്തായാലും അവന്‍ ഇന്ന് മണിബായിയുടെ സ്ഥാനത്താണ്.അവരുടെ ഹിജഡഗൃഹത്തിനു അവന്‍ കാവലായി.അവനിപ്പോള്‍ അവിടുത്തെ ഗുരു ആണ്.കുറെ ചേലകളും ഉണ്ട് കൂടെ.



മനസ്സില്‍ കുറെ നാള്‍ ഒരു വിങ്ങലായി ദേവന്റെ കഥ കിടന്നു.പലപ്പോഴും നേരില്‍ കണ്ടപ്പോള്‍ എന്തെങ്കിലും മിണ്ടണം എന്ന് തോന്നിച്ചെങ്കിലും പേടി കാരണം മിണ്ടിയില്ല.ഒരു കൊല്ലത്തിനു ശേഷം അവിടെ നിന്നും മാറ്റം കിട്ടി ഞാന്‍ വേറെ നഗരത്തിലേക്ക് മാറി.

ഇടയ്ക്ക്‌ ഇടയ്ക്ക്‌ അസലാമിനയയ്ക്കുന്ന കത്തുകള്‍ ആയിരുന്നു ആകെ പിന്നെ ആ നഗരവുമായി എനിക്കുള്ള ബന്ധം.ആ കത്തുകളില്‍ ഒന്നില്‍ മാത്രം ഒരിക്കല്‍ ദേവന്റെ പേര് അസലാം എഴുതിയിരുന്നു.

ആരാലും നോക്കാനില്ലാതെ നരകിച്ചു നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ആ പഴയ കെട്ടിടത്തില്‍ കിടന്നു ദേവന്‍ മരിച്ചു എന്നതായിരുന്നു അത്.