04 ജൂൺ 2012

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്‍പത്തി ഒന്ന് വെട്ടുകള്‍... 

മൂന്നോ നാലോ മിനിട്ടുകള്‍....

ഇരുട്ടില്‍ മിന്നി മറയുന്ന കൊടുവാളുകളുടെ തിളക്കം...

ഒടുവില്‍ ഇരയെ പിടിക്കാന്‍ ഇറങ്ങിയ വേട്ട നായ്ക്കളില്‍ ആരുടെയോ കൈകളില്‍ ഒരു വെട്ടു കൊണ്ടപ്പോള്‍ അവര്‍ നിര്‍ത്തി, ദൂരെ മാറ്റി നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് ഓടി കയറി..

ഓരോ വെട്ടും തന്‍റെ മാംസത്തില്‍ തറഞ്ഞു കയറുംപോളും അയാള്‍ നിലവിളിച്ചിരുന്നില്ല, ഒന്നമര്‍ത്തി കരഞ്ഞു കൂടിയില്ല, തന്നാല്‍ ആകും വിധം ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു 

കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

അന്തരീക്ഷത്തില്‍ നാടന്‍ ബോംബിന്റെയും പച്ച മാംസത്തിന്റെയും ഗന്ധം കൂടികലര്‍ന്നിരുന്നു...കടുത്ത വേനലില്‍ ഉണങ്ങി വരണ്ട
പുല്‍നാമ്പുകള്‍ക്ക്‌ മേലെ ചുടു രക്തം കട്ട പിടിച്ചു നിന്നിരുന്നു..
 
ഓടി കൂടിയവര്‍ കണ്ടത്, ചുരുട്ടിയ മുഷ്ടി ഉയര്‍ത്തി പിടിച്ചു മരിച്ചു കിടക്കുന്ന ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കാരനെ ആണ്...തങ്ങളുടെ, ഒന്ച്ചിയത്തിന്റെ പ്രിയ നേതാവ്...
 
കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വം ആണെന്നും, മാര്‍ക്സിസം എന്നാല്‍ മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും തിരിച്ചറിയാതെ പോയ ഒരു കൂട്ടം ആളുകള്‍. അവര്‍ സഘാവിനെ കൊന്നു. 
 
ഈ വാര്‍ത്ത ഒന്ചിയത്തും പരിസര പ്രദേശങ്ങളിലും മാത്രം അല്ല, കേരളമൊട്ടാകെ പെട്ടന്ന് പടര്‍ന്നു കയറി. 
 
ഇതൊന്നും അറിയാതെ ഭര്‍ത്താവിനു അത്താഴവും വിളമ്പി വെച്ച്, അയാള്‍ വരുന്നതും കാത്തിരുന്ന ഒരു ഭാര്യ...തിരക്കുള്ള അച്ചനെ ഒരു നോക്ക് കണ്ടിട്ട്, എന്തെങ്കിലും ഒരു കുസൃതി പറഞ്ഞിട്ട്, ആ കൈകള്‍ കൊണ്ട് മുടിയിഴകള്‍ ഒന്ന് തലോടിച്ചു കഴിഞ്ഞിട്ട് ഉറങ്ങാന്‍ കാത്തിരുന്ന ഒരു പതിനഞ്ചുകാരന്‍...എത്ര വൈകിയാലും മകന്റെ വരവും കാത്തിരിക്കുന്ന ഒരു വന്ദ്യ വയോധിക...അവരുടെ സ്വപ്‌നങ്ങള്‍...

അവരുടെ സ്വപ്‌നങ്ങള്‍ ആ പണി തീരാത്ത വീട് പോലെ...
   

ദൂരെ വയസ്സ് ചെന്ന, എന്നാല്‍ മനസ്സില്‍ ഇപ്പോളും വിപ്ലവത്തിന്റെ അടങ്ങാത്ത വീര്യവും ആര്‍ജ്ജവവും കാത്തു സൂക്ഷിക്കുന്ന ആ മനുഷ്യസ്നേഹി ഇതറിഞ്ഞു രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിച്ചു. തന്‍റെ കാലശേഷം താന്‍ തുടങ്ങി വെച്ചതെല്ലാം ഏറ്റെടുക്കാന്‍ കഴിയുന്ന , താന്‍ വിശ്വസിക്കുന്ന അതേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന , ഒരേ വഴിയില്‍ സഞ്ചരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു അയാള്‍. അയാളെ അവര്‍ ഇല്ലാതാക്കിയത്, അത് തനിക്കുള്ള ഒരു മറുപടിയോ മുന്നറിയിപ്പോ ഒക്കെ ആയി ആ വൃദ്ധന്നു തോന്നി.

ധിക്കാരത്തിന്റെ; സമ്പന്നതയുടെ പ്രത്യയ ശാസ്ത്ര സംഹിതകളില്‍ വിശ്വസിക്കുന്ന മറ്റൊരാള്‍, കൊല്ലപ്പെട്ടയാള്‍ കുലംകുത്തി ആയിരുന്നു എന്ന് പറഞ്ഞതും; വൃദ്ധന്‍  അയാള്‍ക്കെതിരെ വിപ്ലവത്തിന്റെ കൊടും കാറ്റഴിച്ചു വിട്ടു. 

പാര്‍ട്ടിയെ താന്‍ ഇപ്പോള്‍ തിരുത്തിയില്ലേല്‍ ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തുന്ന ഒരു കാലം വരും എന്ന് ആ വൃദ്ധന്‍ മനസ്സിലാക്കി.

അപ്പോഴും ഒന്ചിയത്തെ ജനങ്ങള്‍ തങ്ങള്‍ക്കു വന്ന നഷ്ടത്തില്‍ പതറാതെ, തങ്ങളുടെ പ്രിയപ്പെട്ട ജനനായകന്‍ മുന്നോട്ടു വെച്ച ആശയങ്ങളില്‍ വിശ്വസിച്ചു, ആ ജന നായകന്‍റെ പത്നിയോടൊപ്പം ഉറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു 

ടി പി യെ കൊല്ലാനെ പറ്റു, പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല...

പാര്‍ട്ടിയുടെ ചട്ടകൂടുകള്‍ ഭേദിച്ച്, ഒടുവില്‍ ടി പിയുടെ വീട്ടിലെക്കെത്തിയ ആ വൃദ്ധന്‍ കണ്ടത്, പൊടിഞ്ഞ ഓരോ തുള്ളി ചോരയും ഒരു നൂറു ടി പി ആയി ഒന്ചിയത്തു പുനര്‍ജ്ജനിക്കുന്നതാണ്...ഒരായിരം മടങ്ങ്‌ വിപ്ലവ വീര്യവുമായി...

ഒന്ചിയത്തിന്റെ കൂടെ ആ വൃദ്ധനും പറഞ്ഞു...കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...

ഒരു ദിവസം, നമ്മളെല്ലാവരും അതേറ്റു പറയും..കൊല്ലാം പക്ഷെ തോല്പിക്കാന്‍ ആകില്ല...