04 മാർച്ച് 2009

അന്ന് പെയ്ത മഴയില്‍

"കേശവാ, ആ കൊടികള്‍ക്ക് കൂടി ഇത്തിരി വെള്ളം ആകാം..ഇന്നും മഴ വരണ ലക്ഷണം ഇല്ലാ..".കിണറ്റിന്‍കരയിലെ അരമതിലില്‍ ഇരുന്നു മുറുക്കി കൊണ്ട് മാധവന്‍ തമ്പി പറഞ്ഞു.

രാമമംഗലം മാധവന്‍ തമ്പി.
തറവാടിന്റെ ഇപ്പോളത്തെ കാരണവര്‍.സ്വാതന്ത്ര്യ സമര സേനാനി.അതിലുപരി കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും,പാവപ്പെട്ട തൊഴിലാളികള്‍ക്ക്‌ വേണ്ടിയും നില കൊണ്ട്,വിപ്ലവ പ്രസ്ഥാനത്തിന് ഓടനാട്ടുകരയില്‍ വിത്ത് പാകിയ ആദ്യകാല തൊഴിലാളി നേതാവ്.തൊഴിലാളികള്‍ രാമമംഗലം സഖാവ് എന്ന് വിളിക്കുന്ന മാധവന്‍ തമ്പി.

"ഒരു വട്ടം മുറുക്ക് കഴിഞ്ഞിട്ടാകാം ഇനി വെള്ളം തേവല്‍..നീ ഇവിടെ വാ...".

വെറ്റഞ്ഞെടുപ്പ് ഒടിച്ചു ചെന്നിയില്‍ തേച്ചിട്ട് കേശവന്‍ ചോദിച്ചു."മാധവേട്ടാ, മഴ ഒരു അഞ്ചു നാള്‍ കൂടി മാറി നിന്നാല്‍ നല്ലതാണ് അല്ലെ.."

"അതെ, ഈ വട്ടവും കൊയ്യാന്‍ ആളെ കിട്ടുവോ എന്തോ!!!മടുത്തു കേശവാ.നമ്മള്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പോക്ക് പാവം കര്‍ഷകനെയോ തൊഴിലാളിയെയോ സഹായിക്കാന്‍ ഉതകുന്നതല്ല."തമ്പി നെടുവീര്‍പിട്ടു.

"അതെ..കഴിഞ്ഞ രണ്ടു കൊല്ലം കുറെ കഷ്ടപെട്ടു കൊയ്തെടുക്കാന്‍.അവന്മാര്‍ക്ക് കൊടുക്കണ്ട വന്നില്ലേ..ആളുകളെ കണ്ടത്തിലേക്ക്‌ ഒന്ന് ഇറങ്ങാന്‍ കൂടി വിട്ടില്ലാ കഴുവേറികള്‍.."കേശവന് ദേഷ്യം വന്നു.

"ഈ കൊല്ലവും കൊയ്തെടുക്കണേല്‍ വരവിനേക്കാള്‍ ചെലവ് ചെയ്യണം.അതിനിടെക്ക് മഴ കൂടി ചതിച്ചാല്‍..ഈ വട്ടം കൂടിയേ ഉള്ളു നെല്‍ കൃഷി..മതിയായി".തമ്പിയുടെ കണ്ണുകള്‍ നിറഞ്ഞു.

കൊയ്യാന്‍ ഉള്ള ദിവസം ആയി.തമ്പി കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.പ്രസ്ഥാനം പറയുന്നതിനപ്പുറം തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് തൊഴിലാളികള്‍."കൊയ്യാന്‍ ആള് വരണേല്‍ ഒരു തുക സംഭാവന തരിക തമ്പി സഖാവെ." ലോക്കല്‍ സെക്രട്ടറി കളിയാക്കി."അല്ല, കൊയ്തെന്ത്രം കൊണ്ട് ആണ് പരിപാടിയെങ്കില്‍ നോക്ക് കൂലി തരേണ്ടി വരും.പിന്നെ അല്ലറ ചിലറ കൈമടക്കും. ഇനി ബലം പ്രയോഗിക്കാന്‍ ആണ് പരിപാടിയെന്കില്‍ തമ്പി സഖാവിനു ആ കാലവും കഴിഞ്ഞു."

വൃദ്ധരായ മാധവന്‍ തമ്പിയും,കാര്യസ്ഥന്‍ കേശവനും,രണ്ടു പേരുടേയും കുടുംബങ്ങളിലെ ചിലരും കൂടി പിറ്റേന്ന് രാമമംഗലം വക നൂറു പറ നിലം കൊയ്യാന്‍ ഇറങ്ങി.

താന്‍ വിശ്വസിച്ച,താന്‍ വളര്‍ത്തി വലുതാക്കിയ തന്റെ പ്രസ്ഥാനം തന്നെ നോക്കി പല്ലിളിക്കുന്നതായി തമ്പിക്ക് തോന്നി.

വടക്ക് പടിഞ്ഞാറു കാര്‍മേഘം ഇരുണ്ട് കൂടി തുടങ്ങി.

പാതി പോലും കൊയാതെ കിടക്കുന്ന പാടം കണ്ടു തമ്പി അസ്തപ്രജ്ഞനായി നിന്നു."മാധവേട്ടാ നമ്മുടെ ഈ കൊല്ലത്തെ വിളവ്..." കേശവന്‍ നിലവിളിച്ചു.

മഴ കനത്തു. തുള്ളിക്ക് ഒരു കുടം.വിളഞ്ഞു കിടക്കുന്ന നെല്‍ ചെടിയില്‍ മഴയും കാറ്റും സംഹാര താണ്ടവം ആടി.നെല്‍കതിരുകള്‍ ചേറ്റില്‍ പുതഞ്ഞു പുതഞ്ഞു പോകുന്നത് കണ്ടു തമ്പി കണ്ണുനീര്‍ പൊഴിച്ചു.

മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.ആരോടും മിണ്ടാതെ പൂമുഖത്ത് തമ്പി ഇരുന്നു,ആ മഴയെയും നോക്കി.
വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്,തൊഴിലാളിക്കള്‍ക്ക് വേണ്ടി നിലകൊണ്ട് മറ്റുള്ള തറവാടുകളുടെ അപ്രീതി സമ്പാദിച്ച ആ പഴയ കാലഘട്ടം ഓര്‍ത്തു ആരും കാണാതെ വിതുമ്പി;ഓര്‍മ്മകള്‍ അയവിറക്കി ചാരുകസേരയില്‍ കിടന്നു.

ഓര്‍മ്മകള്‍ മഴയായി പെയ്ത രാത്രി.

മഴ പെയ്ത ഒഴിഞ്ഞു.നേരം പുലര്‍ന്നു.ഓടനാട്ടുകാര്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി.രാമമംഗലം മാധവന്‍ തമ്പി നൂറു പറ പാടത്ത് മരിച്ചു കിടക്കുന്നു.

രാത്രിയില്‍ ആരോടും പറയാതെ പാടത്തേക്ക് പോയ തമ്പി, തന്റെ നെല്‍ ചെടികള്‍ നശിക്കുന്നത് കണ്ടു ഹൃദയം തകര്‍ന്നു ആ പാടത്ത് വീണു.തൊഴിലാളിക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിച്ച സഖാവ് ചെറ്റു മണ്ണിനോടൊപ്പം അവസാനിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി.അന്ന് പെയ്ത മഴയില്‍ തീര്‍ന്നു 100 പറ കണ്ടത്തിലെ കൃഷി.ആരും ഓര്‍ക്കാറില്ല മാധവന്‍ തമ്പിയെ.പ്രസ്ഥാനം പിന്നെയും വളര്‍ന്നു.നേതാക്കളും.ആരുടേയും പ്രശ്നങ്ങള്‍ കാണാതെ മനസ്സിലാക്കാതെ നേതാക്കന്മാര്‍ തമ്മില്‍ വാക്കുകളാല്‍ യുദ്ധം നടത്തുന്നു.സമുദ്രത്തില്‍ ആണോ തിര ബക്കറ്റില്‍ ആണോ തിര എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ ആണ് അവര്‍.പ്രസ്ഥാനത്തിന് വേണ്ടി നില കൊള്ളുന്ന ആരെയും അവര്‍ കാണുന്നില്ല.പണത്തിനു മേലെ പരുന്തും പറക്കില്ല.അതാണ്‌ സത്യം.അന്ന് പെയ്ത മഴയില്‍ ആ പാടത്ത് ഒരു തിര ഉണ്ടായി.വിശ്വാസങ്ങള്‍ എന്നും മുറുകെ പിടിച്ച ഒരു സാധാരണക്കാരന്റെ ആത്മാവില്‍ ഉണ്ടായ തിര.ആ തിരയെ എന്നേലും ഈ നാട് മനസ്സിലാക്കും..

"സത്യത്തിനും ധര്‍മ്മത്തിനും സര്‍വോപരി മാനവികതയ്ക്കും വേണ്ടി നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനം ആണ് നമ്മുടെ നാടിനാവശ്യം.അല്ലാതെ പണത്തിനും അനീതിക്കും കൂട്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനം അല്ല നമ്മുക്ക് വേണ്ടത്." ആ പാട വരമ്പിലേക്ക് മരിച്ചു വീഴുന്നതിനു മുന്പ് തമ്പി ആരോടെന്നിലാതെ വിളിച്ചു പറഞ്ഞു. ആ കോരിച്ചൊരിയുന്ന പേമാരിയില്‍ ആരും അത് കേട്ടിരിക്കില്ല.

1 അഭിപ്രായം:

Radhu പറഞ്ഞു...

kollam chetta ni oru puli tanne