26 ജൂൺ 2010

ഫാദര്‍സ് ഡേ

ഒന്ന്

നേരം പുലരുന്നതേയുള്ളൂ.

നഗരം ഉറക്കത്തിന്‍റെ സുഖം വിട്ടൊഴിയാതെ ആലസ്യത്തിന്റെ മേലാപ്പും പുതച്ചു സുഖമായി ഉറങ്ങുമ്പോഴും, നഗരത്തിലെ ചേരികള്‍ ആ ദിവസത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു. നഗരജീവിതത്തില്‍, നിലനില്‍പ്പിന്റെ നിയമാവലിയിലെ അലിഖിത നിയമങ്ങളില്‍ ഒന്നാണത്.

നഗരവാസികളുടെ ജീവിതാവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനൊപ്പം, നഗരത്തിന്‍റെ മുഴുവന്‍ മാലിന്യങ്ങളും പേറുക എന്നതും ഈ ചേരികളുടെ നിയോഗങ്ങളില്‍ ഒന്നാണ്, എല്ലാ അര്‍ഥത്തിലും. പാവപെട്ടവന്റെ ജീവിതകഥ ലോകത്തെല്ലായിടത്തും ഒരേ നിറത്തില്‍ ചാലിച്ചു വരച്ചു ചേര്‍ത്തതാണ്. അവന്‍ എന്നും പണം എന്ന വാക്കിന്‍റെ പകിട്ടിനും ശക്തിക്കും മുന്‍പില്‍ പകച്ചു നിന്നിട്ടേയുള്ളൂ. അവന്റെ ജീവിതം വിലയ്ക്ക് വാങ്ങി ഹോമിച്ചിട്ടെയുള്ളൂ ബൂര്‍ഷ്വാസികള്‍ എന്നും. ജീവിതത്തിന്റെ രാവിനെയും പകലിനെയും കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ അവന്‍ ആ ശക്തികള്‍ക്കു മുന്നില്‍ വെറും ഒരു കളിപ്പാവയായി മാറി,ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചെയ്യാന്‍ നിര്‍ബന്ധിതനായി മാറുന്നു.

തന്‍റെ ജീവിതവും അങ്ങനെ ഒന്നായി മാറുമോ?.

ആ കൊച്ചു വീട്ടില്‍, കുടുസ്സുമുറിയിലെ കയറ്റുകട്ടിലില്‍ കിടന്നു രാജാ ഇങ്ങനെ ആയിരിക്കാം ഈ പ്രഭാതത്തില്‍ ചിന്തിച്ചിരിക്കുക.

വീട് എന്ന് അതിനെ പറയുന്നത് തന്നെ അതിശയോക്തി ആയിരിക്കാം. നാലു വശവും ചുവരും, പിന്നെ ഒരു മേല്‍ക്കൂരയും ഉണ്ട്. അതിന്റെ ഒരു ഭാഗത്ത്‌ തന്നെ അടുക്കള. അവിടെയാണ് അയാളും, ഭാര്യയും, രണ്ടു മക്കളും കഴിയുന്നത്‌. മഹാനഗരത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ ചേരി പ്രദേശത്താണ് ഈ വീട്. ചേരികള്‍ എല്ലാ നഗരങ്ങളുടെയും അഴുക്കുചാലുകള്‍ ആണ്. നഗരത്തിന്റെ സുഖഭോഗങ്ങളുടെ കാണാപ്പുറം.

ആ നഗരത്തെ കീറിമുറിച്ചു, കിലോമീറ്ററുകള്‍ താണ്ടി തെക്കേ അറ്റത്തെവിടെയോ ആണ് രാജാ ജോലി ചെയ്യുന്നത് എന്ന് ആ ചേരിയില്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും അയാളെ കാണാറില്ല. നേരം വെളുക്കുന്നതിനു മുന്‍പേ അയാള്‍ ജോലിക്കായി പുറപ്പെട്ടാല്‍, മടങ്ങി വരുന്നത് രാത്രിയില്‍ എപ്പോളോ ആയിരിക്കും. ആഴ്ചയില്‍ ഏഴു ദിവസവും തന്‍റെ കൊച്ചു കുടുംബത്തിനായി കഷ്ടപ്പെടുന്നവന്‍.

അതെ, അയാളുടെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് അയാളുടെ ആ കുടുംബം. ചേരിയിലെ ഭേദപെട്ട കുടുംബങ്ങളില്‍ ഒന്നാണ് അത്. അയാളുടെ മക്കള്‍, അവരാണ് രാജയുടെ പ്രചോദക ശക്തിയും. അവരെ പഠിപ്പിക്കുക, നല്ല ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുക, അത് മാത്രം ആണ് അയാളുടെ ജീവിത ലക്‌ഷ്യം.

അയാള്‍ പതിവ് പോലെ പോകാന്‍ തയ്യാറെടുത്തു. ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍.

"എന്നങ്കെ,സ്കൂള്‍ ഫീസ് കെട്ടിടണം....ഞ്യാപകം വെച്ചുകൊംഗെ..."

അയാള്‍ ഇറങ്ങി നടന്നു.

വര്‍ഷങ്ങളായി രാവിലെ ഉള്ള ആ നടത്തം. അഞ്ചേകാലിന്റെ ആദ്യ ട്രെയിന്‍ പിടിച്ചാല്‍ ഏഴുമണിക്ക് മുന്‍പ് മുതലാളിയുടെ വീട്ടില്‍ എത്താം. പിന്നെ രാത്രി മുതലാളിയെ വീട്ടില്‍ കൊണ്ടു വിടുന്നവരെ,വില കൂടിയ ഒരു കാറിന്റെ ഡ്രൈവര്‍ ആണ് താന്‍. ജോലി കഴിഞ്ഞു ബസ്സിലോ, ട്രെയിനിലോ എങ്ങനെ എങ്കിലും വീട്ടില്‍ എത്തുമ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞിരിക്കും.

മാസാവസാനം കിട്ടുന്ന ശമ്പളം ഏഴായിരം രൂപ, പിന്നെ മുതലാളിയുടെ ചെറിയ സഹായവും - എന്നിട്ടും ആ നഗരത്തില്‍ രാജാ തന്‍റെ നിത്യവൃത്തിക്കായി വളരെ അധികം ബുദ്ധിമുട്ടിയിരുന്നു.നഗരത്തിന്‍റെ തെക്കേ ഭാഗം ഭരിച്ചിരുന്ന അധോലോക രാജാവായിരുന്നു രാജയുടെ മുതലാളി.വര്‍ഷങ്ങളായി അയാളുടെ ഡ്രൈവര്‍ ആണ് രാജാ.

ചുറ്റുമുള്ള ലോകം മുഴുവനും തന്‍റെ മുതലാളിയെ ദുഷ്ടന്‍ എന്ന് വിളിക്കുമ്പോഴും, തനിക്ക് അയാള്‍ പ്രിയപ്പെട്ടവനായിരുന്നു.തന്‍റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു സഹായിച്ചിരുന്നു.എന്നിട്ടും തനിക്ക് മുതലാളിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രാജാ കുറ്റബോധത്താല്‍ നീറുകയായിരുന്നു.

എതിര്‍ ഗ്രൂപ്പിന്റെ ആക്രമണത്തെ തടുക്കാതെ,മുതലാളിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇന്നലെ അയാള്‍ ഓടി മറയുമ്പോള്‍ തന്‍റെ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം മാത്രം ആയിരുന്നു രാജയുടെ മനസ്സില്‍. തന്‍റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്കാരുമിലല്ലോ എന്ന ചിന്ത അപ്പോള്‍ ഓടി രക്ഷപെടാന്‍ ആണ് അയാളെ പ്രേരിപ്പിച്ചത്.

ഇനിയെന്ത്? ആ ചോദ്യമായിരിക്കാം രാജയുടെ മനസ്സിനെ ഇപ്പോള്‍ നയിക്കുന്നത്.തന്‍റെ അത്താണിയായിരുന്ന മുതലാളി ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം.നഗരത്തിന്‍റെ തെക്കേ പ്രാന്തങ്ങളിലേക്ക് അയാള്‍ക്ക് ഇനി പോകാന്‍ സാധിക്കുമോ എന്നതും സംശയമാണ്. "ഒരു ചതിയന്റെ മേലങ്കി അണിഞ്ഞു നില്‍ക്കുന്ന ഒരാള്‍" അതായിരിക്കാം അവിടെ രാജയുടെ ചിത്രം.

രണ്ട്

രാജാ നഗര കേന്ദ്രത്തിലൂടെ ദിശാബോധം ഇല്ലാതെ നടന്നു നീങ്ങുകയായിരുന്നു. ഇനിയെന്ത് എന്ന ചോദ്യം അയാളെ അലട്ടിയിരുന്നു.

നഗരം പതുക്കെ ചൂട് പിടിച്ചു വരുന്നതേ ഉള്ളൂ. മോടികളോടെ സ്ക്കൂളുകളിലേക്ക് യാത്രയാകുന്ന കുട്ടികളുടെ കാഴ്ചകള്‍ അയാളുടെ സിരകള്‍ക്ക് തീ പിടിപ്പിച്ചു .വില കൂടിയ വാഹനങ്ങള്‍,മാനം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍,തിക്കി തിരക്കി വരുന്ന ആളുകള്‍ - ഈ കാഴ്ചകള്‍ എല്ലാം അയാള്‍ ആദ്യമായി അനുഭവിക്കുകയായിരിക്കാം ഇന്ന്.

ജോലിയുടെ സമ്മര്‍ദങ്ങള്‍ ഇല്ലാതെ,നഗരം അയാള്‍ നടന്നു കണ്ടു.

ഫാദര്‍സ് ഡേ ആഘോഷിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന നഗരത്തിന്‍റെ പ്രസരിപ്പ് അയാളെ വല്ലാതെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി.തന്‍റെ കുഞ്ഞുങ്ങളുടെ ഭാവി, അയാളെ വേട്ടയാടി തുടങ്ങിയിരുന്നു.ഈ നഗരത്തില്‍ താന്‍ എങ്ങനെ ഇനി മുന്നോട്ട് പോകും? അത് അയാളുടെ മുന്‍പില്‍ ഒരു പ്രഹേളികയായി അപ്പോളും നില്‍ക്കുകയായിരുന്നു.

തനിക്ക് ഈ നഗരത്തില്‍ ആരെയും പരിചയമില്ല. പരിചയമുള്ളവര്‍ക്ക് താന്‍ ഇതിനകം ഒരു ശത്രു ആയി കഴിഞ്ഞിരിക്കാം. ആരെ കാണണം? ഒരു ജോലി ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഈ സാഹചര്യത്തില്‍. തനിക്ക് ജീവിക്കണം.

തന്‍റെ കുഞ്ഞുങ്ങള്‍..ഭാര്യ...കുടുംബം

പക്ഷെ താന്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങള്‍..മുതലാളിയുടെ ആളുകള്‍, പോലീസ്, എതിര്‍ ഗ്രൂപ്പ്‌..ഇവരോടെല്ലാം ചെറുത്തു നിന്ന് ഈ നഗരത്തില്‍ ജീവിക്കുക..സാധ്യമാകുമോ?

ഈ ചിന്തകള്‍ എല്ലാം അയാളെ ഉമിത്തീയില്‍ നിര്‍ത്തി നീറ്റി കൊണ്ടിരുന്നു.നടന്നു ക്ഷീണിച്ച രാജാ, അടുത്ത് കണ്ട ഒരു പാര്‍ക്കിലേക്ക് കയറി. സൂര്യന്‍ തലയ്ക്കു മീതെ കത്തി എരിയുന്നുണ്ടായിരുന്നു. തണലില്‍ ഇരുന്ന അയാളെ, ക്ഷീണം മെല്ലെ മയക്കി കിടത്തി.

"സ്കൂളിലേക്ക് നടന്നു നീങ്ങുന്ന തന്‍റെ കുഞ്ഞുങ്ങള്‍,അവര്‍ക്ക് മീതെ കുതിച്ചു കയറുന്ന ഒരു ലോറി...പോലീസ് പിച്ചി ചീന്താന്‍ ശ്രമിക്കുന്ന തന്‍റെ ഭാര്യ..എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ അലയുന്ന താന്‍.."

ഇങ്ങനെ ദുസ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അയാളുടെ ചെറിയ ആ മയക്കതിനിടെ സംഭവിച്ചിരുന്നു.

എപ്പോളോ ഞെട്ടി എഴുന്നേറ്റ അയാള്‍ ഒന്ന് തീരുമാനിച്ചിരുന്നു.

"ഓടി ഒളിക്കുക, എങ്ങോട്ടെങ്കിലും..ഉള്ള സമ്പാദ്യങ്ങള്‍ വാരിക്കെട്ടി യാത്രയാകുക ഗ്രാമത്തിലേക്ക്..അല്ലെങ്കില്‍ മറ്റൊരു നഗരത്തിലേക്ക്...അവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കുക..നന്മയുടെ വഴിയെ സഞ്ചരിക്കുക.."

മൂന്ന്

അയാള്‍ വീട്ടിലേക്ക് മടങ്ങി. സന്ധ്യയായിരുന്നു അപ്പോളേക്കും. ദുസ്വപ്നങ്ങള്‍ അപ്പോഴും സ്വപ്നലോകത്തിന്റെ വാതില്‍ തള്ളി തുറന്നു യാഥാര്‍ത്ഥ്യം ആയി മാറിയിരുന്നില്ല. പതിവില്ലാതെ നേരത്തെ വന്ന അയാളെ കണ്ട് അത്ഭുതം തോന്നിയ ഭാര്യയോട്, അയാള്‍ കഥകള്‍ മുഴുവനും പറഞ്ഞു. തന്‍റെ നിസഹായവസ്ഥയില്‍ ആകെ ചെയ്യാന്‍ പറ്റുക ഓടി ഒളിക്കുക എന്നതാണെന്ന് അയാള്‍ അവളെ പറഞ്ഞു ബോധ്യപെടുത്തി. അവര്‍ രണ്ട് പേരും കൂടി കയ്യില്‍ കിട്ടിയതെല്ലാം വാരിക്കൂട്ടി കെട്ടിപ്പെറുക്കി വെച്ചു.

പിന്നെയും ആ മുറിയില്‍ എന്തോ പരതി നടന്ന അയാള്‍ക്ക്,കുട്ടികള്‍ തയാറാക്കിയ ഒരു ആശംസ കാര്‍ഡ് കട്ടിലിനടിയില്‍ നിന്നും ലഭിച്ചു.അതില്‍ എങ്ങനെ എഴുതിയിരുന്നു.

"ഹാപ്പി ഫാദര്‍സ് ഡേ അപ്പ..യൂ ആര്‍ ദി ബെസ്റ്റ് അപ്പ ഇന്‍ ദി വേള്‍ഡ്..."

പുനര്‍ജനിയുടെ ഒരു നേര്‍ത്ത ദീപം എവിടെയോ തെളിഞ്ഞ പോലെ അയാള്‍ക്ക് തോന്നി.യാത്ര പോകാന്‍ തയാറെടുത്തു നില്‍ക്കുന്ന തന്‍റെ കുട്ടികളെ വാരിപുണര്‍ന്നു രാജാ. എന്നിട്ടവരോടായി പറഞ്ഞു.

"ഇന്ത ഊര് വിട്ടു പോറെ.. .."

രാത്രിയിലെ ഏതോ ഒരു ട്രെയിനില്‍ അവര്‍ വേറെ ഏതോ ഒരു നഗരം തേടി പോയി. പ്രവാസത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി,പ്രത്യാശയുടെ ഒരു നേര്‍ത്ത തിരി നാളവുമായി...


5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ ആദ്യമാണ്. കഥ കൊള്ളാം...അവര്‍ രക്ഷപ്പെടട്ടെ ...ആരുടെയങ്കിലും പകക്കത്തികള്‍ അവരുടെ മേല്‍ പതിക്കും മുമ്പ്....ഇനിയും കാണാം.

ദീപക് പറഞ്ഞു...

പൂര്‍‌ണ്ണതയില്ലാത്ത പോലെ തോന്നുന്നു. ഒരു പക്ഷെ അതാവം അതിന്റെ ഒരെ 'ദിത്' .. അല്ലെ?

കമന്റ് മോഡറെഷന്റെയും വേഡ് വെരിഫിക്കേഷന്റെയും ആവശ്യമുണ്ടോ?

Arun പറഞ്ഞു...

man, u write as if u r a pro!!

ഗുലുമാല്‍ (Marketing A Soul) പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

@deepak - കമന്റ് മോഡറെഷന്റെയും വേഡ് വെരിഫിക്കേഷന്റെയും ആവശ്യമുണ്ടോ?

ഇല്ല....എന്നാണ് എന്റെയും അഭിപ്രായം..അത് മാറ്റാന്‍ എന്തേലും ഓപ്ഷന്‍ ഉണ്ടോ എന്ന് നോക്കട്ടെ...

@arun - thanks bro...

Alim Khan പറഞ്ഞു...

very nice one dude...made me realize some facts which i normally forget to perceive in life