23 മാർച്ച് 2011

പ്രഹേളിക

അവന്‍ അങ്ങനെ ഓര്‍മ്മയായി.

എങ്ങനെ മരിച്ചു എന്ന് ആര്‍ക്കും അറിയില്ല. ചിലര്‍ പറയുന്നു ആരോ കൊല ചെയ്തതാണ് എന്ന്. ചിലര്‍ പറയുന്നു സ്വാഭാവിക മരണം ആയിരുന്നു എന്ന്. മറ്റു ചിലര്‍  പറയുന്നു അത് ഒരു ആത്മഹത്യ ആയിരുന്നു എന്ന്.

കൊല്ലപെട്ടതാകാന്‍ ഒരു വഴിയും ഇല്ല. കാരണം അവനു ശത്രുക്കള്‍ ആരും ഇല്ല.മിത്രങ്ങള്‍ തന്നെ ഉണ്ടോ എന്ന് സംശയം ആണ്.പിന്നെ സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെങ്കിലും,അതിനും വഴി ഇല്ല.അവന്‍റെ കയ്യില്‍ ഒരു നൂറു രൂപ തികച്ചു എടുക്കാന്‍ കാണുന്നത് തന്നെ അപൂര്‍വ്വം.കിട്ടുന്ന കാശ് മുഴുവന്‍ പുസ്തങ്ങള്‍ക്കായി ചിലവഴിക്കുന്ന അവന്‍റെ കയ്യില്‍ എവിടെ സ്വര്‍ണവും പണവും?.

സ്വാഭാവിക മരണമോ?...ആകാന്‍ വഴി ഇല്ല..അകാലത്തില്‍ പൊലിഞ്ഞു പോകാന്‍ മാത്രം ദുശീലങ്ങള്‍ ഉള്ള ആള്‍ അല്ല അവന്‍.പിന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ആര്‍ക്കും അറിവും ഇല്ല.പിന്നെ അപകടമരണം ആകാനും വഴി ഇല്ല.

ആത്മഹത്യ ആയിരിക്കുമോ..? ഇല്ല അതിനു അവനു ധൈര്യം ഇല്ല. അത്രയ്ക്ക്  ധൈര്യം ഉണ്ടെങ്കില്‍ അവന്‍ എത്ര നന്നായി ജീവിച്ചു പോയിരുന്നേനെ..

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണം എന്ന് മാത്രം എഴുതി ഡോക്ടര്‍മാര്‍ ദുരൂഹതകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തി.ചിലരൊക്കെ അത് വിശ്വസിച്ചു,ചിലര്‍ അവിശ്വസിച്ചു. മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല..

അടക്കം കഴിഞ്ഞു.ദിവസങ്ങള്‍ക്ക് ശേഷം സഞ്ചയനവും.

പതുക്കെ അവനെ കുറിച്ച്  ആരും മിണ്ടാതെ ആയി. ആഴ്ചകള്‍ കടന്നു പോയി.മാസങ്ങളും..

പാവം അവന്‍റെ അമ്മയും അച്ചനും..അവര്‍ മാത്രം ഇടയ്ക്കിടെ അവനെ ഓര്‍ത്തു തേങ്ങി തേങ്ങി കരയും. മറ്റുളവര്‍ മനപ്പൂര്‍വം അല്ലെങ്കിലും അവനെ പതുക്കെ പതുക്കെ മറന്നു പോയി.

വര്‍ഷങ്ങള്‍ കടന്നു പോയി.

ഒരിക്കല്‍ അവന്‍റെ അമ്മ ഒരു ഡയറി എനിക്ക് വായിക്കാന്‍ തന്നു. അത് അവന്‍റെ ഡയറി ആയിരുന്നു. അതില്‍ ഭൂരിഭാഗം താളുകളും വെറുതെ....

എഴുതപ്പെട്ട താളുകള്‍ ഇങ്ങനെ...

ജനുവരി 3,2008

വിഷാദഭാവം...പ്രകൃതിയുടെ സ്ഥായിഭാവം ഇത് തന്നെ ആണോ?...
ഇന്ന് വീശി അടിച്ചുകൊണ്ടിരുന്ന കാറ്റിനു പോലും ശോക മൂകമായ ഒരു രാഗഭാവം കലര്‍ന്നിരുന്നു. 
രാത്രിമഴയ്ക്ക് വിരഹത്തിന്‍റെ വേദനയും,മരണത്തിന്‍റെ തണുപ്പും ഉണ്ടായിരുന്നതായി തോന്നി.
ചുട്ടു പൊള്ളുന്ന പകലില്‍ നിസ്സഹായതയുടെയും നിരാലംബതയുടെയും തേങ്ങല്‍ നിറഞ്ഞു നിന്നിരുന്നു.

മാര്‍ച്ച്‌ 12,2008

ഏകാന്തതയാകുന്ന മണ്‍ചെരാതില്‍ കത്തിയെരിയുന്ന ഒരു തിരിനാളം ആകുന്നു ഈ ഞാന്‍....ഈ ഏകാന്തത ചിലപ്പോള്‍ എന്‍റെ നെഞ്ചകം ചുട്ടു പൊള്ളിക്കുന്നുണ്ട്..
ആള്‍ക്കൂട്ടത്തിലും പലപ്പോഴും ഞാന്‍ ഒറ്റയ്ക്കായി പോകുന്നതെന്തേ...?
അറിയില്ല..
ഇനി അതിനുള്ള കാരണം അറിഞ്ഞാല്‍ തന്നെ..ഈ ഏകാന്തതയുടെ സുഖം..അത് സോമരസം പോലെ ആണ്..എന്‍റെ സിരകളെ അത് മത്തു പിടിപ്പിക്കുന്നു.
ഒരു തരാം ഭ്രാന്തായിരിക്കാം ഇത്. പക്ഷെ പലപ്പോഴും ഈ ഭ്രാന്തിനെ ഞാന്‍ ഇഷ്ടപ്പെടുന്നു.

ജൂണ്‍ 15,2008

കോടമഞ്ഞിനാല്‍ നനുത്ത പ്രാഭാതങ്ങളിലും, കോരി ചൊരിയുന്ന ഇടവപാതിയിലും,പുതു മണ്ണിന്റെ ഗന്ധം പേറി വരുന്ന കുളിര്‍ കാറ്റിലും, ലാസ്യ ഭാവം നിറഞ്ഞു നില്‍ക്കുന്ന ഈ സുവര്‍ണ സന്ധ്യയിലും അനിര്‍വചനീയമായ മനോഹാരിത ഞാന്‍ കാണുന്നുണ്ട്. പക്ഷെ പ്രകൃതിയുടെ ഈ സുന്ദര ഭാവങ്ങളെ എല്ലാം നിസംഗതയോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍.

എന്നിട്ടും ഞാന്‍ കാത്തിരിക്കുകയാണ്.

വീണ്ടും ഒരു പ്രഭാതത്തിനായി..ഒരു മഴയ്ക്കായി..പുതുമണ്ണിന്റെ ഗന്ധത്തിനായി...ഒരു സന്ധ്യക്കായി..പ്രകൃതിയുടെ എല്ലാ സുന്ദര ഭാവങ്ങള്‍ക്കുമായി..

എന്തിനോ വെറുതെ...

ഓഗസ്റ്റ്‌ 27,2008

കൈവിട്ടു പോയ ജീവിതം കാണുന്ന ഇടവഴികളിലൂടെ നടന്നു കയറുമ്പോള്‍,പിന്നിട്ട വഴികളില്‍ എല്ലാം കണ്ണുനീര്‍ ചാലുകള്‍ മാത്രം..

പൊള്ളുന്ന വേനല്‍ ചൂടെന്നോ,ആര്‍ത്തിരമ്പി പെയ്യുന്ന തുലാവര്‍ഷമെന്നോ വ്യത്യാസം ഇല്ലാതെ എന്‍റെ ഈ നെഞ്ചകം ചുട്ടെരിഞ്ഞു കൊണ്ടേ ഇരിക്കുന്നു..

പൊള്ളുമ്പോള്‍ പോലും എന്‍റെ മുഖത്തെ ചിരി മായതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്...

നവംബര്‍ 3,2008

മരണം...നമ്മുടെ ഹൃദയസ്പന്ദനങ്ങള്‍ അവന്‍റെ കാലടികള്‍ ആണ് എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു..ശരി ആയിരിക്കാം..ഒന്ന് കാതോര്‍ത്താല്‍ ഹൃദയമിടിപ്പുകള്‍ ആരുടെയോ കാലടി ശബ്ദമായി തോന്നുന്നുണ്ട്...

ഒരാള്‍ ജനിച്ചു വീഴുമ്പോള്‍ മുതല്‍ മരണം ഒരു അദൃശ്യ സഹയാത്രികനായി അവന്‍റെ കൂടെ ഉണ്ടോ....അതോ...ഇരയെ തേടി വരുന്ന ഒരു ഹിംസ്ര ജന്തുവിനെ പോലെ അവന്‍ പതുങ്ങി പതുങ്ങി നമ്മെ തേടി വരുകയാണോ..

അറിയില്ല..

മരണം അത് ഒരു ദുരൂഹത തന്നെ ആണ്...മനുഷ്യനും ശാസ്ത്രത്തിനും എന്നും ഒരു പ്രഹേളിക തന്നെ...

ഈ അഞ്ചു താളുകള്‍ ഒഴികെ മറ്റു താളുകള്‍ ശൂന്യമായിരുന്നു....എന്തായിരിക്കാം അവനെ ഇതെല്ലാം എഴുതാന്‍ പ്രേരിപ്പിച്ചത്...അവന്‍ മരണത്തിന്‍റെ വരവ് മുന്‍ക്കൂട്ടി കണ്ടിരുന്നോ..

അവന്‍ എഴുതിയത് പോലെ "മരണം അത് ഒരു ദുരൂഹത തന്നെ ആണ്...മനുഷ്യനും ശാസ്ത്രത്തിനും എന്നും ഒരു പ്രഹേളിക തന്നെ."

അവസാനത്തെ കുറിപ്പ് എഴുതി വെച്ചിട്ട് കിടന്നതായിരിക്കാം അവന്‍, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്....

4 അഭിപ്രായങ്ങൾ:

കണ്ണന്‍ | Kannan പറഞ്ഞു...

വിഷ്ണു ചേട്ടാ നല്ല രചന..

ഈ കഥയിലെ നായകനു ഒരു പ്രണയമുണ്ടായിരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു... വിരഹദു:ഖത്താൽ ആയിരീക്കാം ഒരു പക്ഷേ ആത്മഹത്യ ചെയ്തത്... അതോ സ്വാഭാവിക മരണമോ???

ഹരിപ്രിയ പറഞ്ഞു...

നന്നായിട്ടുണ്ട് ... നല്ല ഒഴുക്കുള്ള എഴുത്ത്.... :)

ഗുലുമാല്‍(Marketing A Soul) പറഞ്ഞു...

കണ്ണാ - മരണം ശരിക്കും ഒരു കടംകഥ പോലെ ആണ് എനിക്ക്...ഇത് ആത്മഹത്യ അല്ല, പ്രണയവും ഇല്ല..തികച്ചും സ്വാഭാവികം മാത്രം...കേട്ടിടുണ്ട് ഒരാള്‍ മരിക്കുന്നതിനു മുന്പ്, മരണത്തിന്റെ വരവ് അയാള്‍ തിരിച്ചു അറിയും എന്ന്...

ഹരിപ്രിയ - നന്ദി

sabita പറഞ്ഞു...

Maranam enathu tikachum yadharchikam tane anu , epol varum enu namalku ariyila ,,pakshe varumbol namalku kude povuka tanee venam,,, agne oru neenda kathiripanu namude elam ee jeevitham enathu namal arum alochikarila.....

nanyitundu vishnu,,,maranathe kurichu oru nimisham ormipicha suhritinu nanniiiii

Sabi