22 ഓഗസ്റ്റ് 2012

21 ഡിസംബര്‍ 2012

കത്തി എരിയുന്ന ഈ ഊഷരഭൂമിയുടെ വിലാപം.ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.തിളച്ചു മറിയുന്ന വെള്ളത്തിന്‌ ചോരയുടെ നിറം.പ്രകൃതി ഒരു മരണ വീട് പോലെ ആയി മാറി.കൂട്ട ആത്മഹത്യ നടന്ന ഒരു വീട് പോലെ.

ദൂരെ എവിടെയോ കൂട്ട നിലവിളി കേട്ടവള്‍ ഉണര്‍ന്നു. 
അനാവൃതമായ മാറിടത്തെ പുണര്‍ന്നു കിടന്ന അവന്‍റെ കൈകള്‍ എടുത്തു മാറ്റാനുള്ള ശ്രമം വിഫലമായി. കണ്ണുകള്‍ വീണ്ടും അവളെ ഉറക്കത്തിലാഴ്ത്തി.

ആ രാത്രിക്ക് പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.മൂന്നാം യാമത്തില്‍ കാറ്റ് വീശി അടിക്കുന്ന ആ നിമിഷം വരെ.വീശി അടിച്ച ആ ചൂട് കാറ്റിനു മരണത്തിന്റെ ഗന്ധം.

അവള്‍ ഉണര്‍ന്നപ്പോള്‍ ചുറ്റും ദുരന്തത്തിന്റെ, മഹാദുരന്തത്തിന്റെ തിരുശേഷിപ്പുകള്‍ മാത്രം. 

തന്‍റെ നഗ്ന മേനിയോടു ഒട്ടിച്ചേര്‍ന്നു കിടന്ന, തന്‍റെ യൌവ്വനം പകര്‍ന്നെടുത്ത അവന്‍, അവനെ കാണാന്‍ ഇല്ലായിരുന്നു.
ചുറ്റും തകര്‍ന്നടിഞ്ഞ അംബരച്ചുംബികളുടെ അവശിഷ്ടങ്ങള്‍.

കല്ലിലും മണ്ണിലും തീര്‍ത്ത മഹാസൌധങ്ങളുടെ തിരുശേഷിപ്പുകള്‍.

താന്‍ ഉറങ്ങാന്‍ കിടന്നിടമാണോ ഇതെന്ന് അവള്‍ സംശയിച്ചു. അവളുടെ സംശയം ശരി തന്നെ ആയിരുന്നു. അവളുടെ വീട്, അതെവിടെ ആയിരുന്നു എന്ന് ഇനി പറയാന്‍ ആര്‍ക്കും കഴിയില്ല. 

അവളുടെ ദേഹം അവിടെ ഇവിടെ ആയി പൊട്ടി ചോര ഉണങ്ങി ഒട്ടി ഇരുപ്പുണ്ടായിരുന്നു. വലതു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു.രാത്രിയില്‍ അവന്‍ അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ അവള്‍ തപ്പിയെടുത്തു വാരി ചുറ്റി എങ്കിലും, വീശി അടിച്ച ആ മരണ കാറ്റിന്റെ ഉന്മാദത്തില്‍ അവ കീറിയിരുന്നു. 

അവള്‍ അവനെ തേടി നടന്നു.
മഴ ചാറ്റല്‍ പോലും അവളെ അസ്വസ്ഥ ആക്കിയിരുന്നു. അവളുടെ ദേഹത്തേക്ക് വീണ അമ്ലാംശം ഉള്ള ആ വെള്ള തുള്ളികള്‍. മുറിവുകളെ കൂടുതല്‍ വേദനപെടുത്തി കൊണ്ട് ഇരുന്നു.

താന്‍ അനുഭവിച്ചിരുന്ന ഇടവപാതിയുടെയും തുലവര്‍ഷത്തിന്റെയും ഓര്‍മ്മകള്‍ സ്വച്ച സ്മരണകള്‍ ആയി പോലും തന്നില്‍ അവശേഷിക്കുന്നില്ല എന്ന സത്യം അവളുടെ മനസ്സിനെയും.
  
ചുറ്റും ഉള്ള കാഴ്ചകള്‍ അവളില്‍ ഭീതി നിറച്ചു. ഹരിതാഭ നിറഞ്ഞ പുല്‍മേടുകള്‍., മരങ്ങള്‍ നിറഞ്ഞ ജനവാസ യോഗ്യമായ പ്രദേശങ്ങള്‍., മൃഗങ്ങളും മനുഷ്യരും അവരുടെ ആവാസ വ്യവസ്ഥ...എല്ലാം ഒരു രാത്രിയുടെ മറവില്‍ മരണപ്പെട്ടിരിക്കുന്നു.

ചുറ്റും മരണത്തിന്‍റെ രൂക്ഷ ഗന്ധം. 

മരണം. അത് മാത്രം ആണ് ആ രാത്രി അവള്‍ക്കു നല്‍കിയത്. 

ഉടലുകള്‍ മണ്ണിനാലും, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടത്താലും മൂടപ്പെട്ടിരുന്നു.ശേഷിച്ചവ കബന്ധങ്ങളായി അവളുടെ മുന്നില്‍..
എത്ര നേരം നടന്നുവെന്നോ, എത്ര ദൂരം നടന്നുവെന്നോ അവള്‍ക്ക് ഒരു നിശ്ചയവും ഇല്ല. അവന്‍ എവിടെയെന്നു അവള്‍ക്കൊരു നിശ്ചയവും ഇല്ല.

ചുറ്റും ഉള്ള കാഴ്ചകള്‍ മനം മടുപ്പിച്ചു. 

അവളുടെ സ്മൃതികളില്‍ ആ പഴയ ഭൂമി, ആ പ്രകൃതി, അതിന്റെ ദീപ്ത സ്മരണകള്‍.....

ജീവന്‍റെ ഒരു കണിക എങ്ങും കാണാന്‍ ആകാതെ അവള്‍ തളര്‍ന്നു. 
അന്തരീക്ഷം മലീമസമായിരുന്നു. സൂര്യ രശ്മികള്‍ പൊടിപടലങ്ങള്‍ക്ക് ഇടയിലൂടെ അരിച്ചിറങ്ങിയിട്ടും അവളുടെ കാഴ്ച മങ്ങിയിരുന്നു.അഗ്നി പ്രവഹിക്കുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തെ കൂടുതല്‍ രൂക്ഷമാക്കി.

ദാഹം അവളുടെ പ്രജ്ഞയും മങ്ങിപ്പിച്ചു. വഴിയില്‍ കണ്ട നീര്‍ചോലകള്‍ ഒന്നിലും ജലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവള്‍ വീണ്ടും നടന്നു.

കാണുന്ന ചോലകള്‍ ഒന്നിലും ജലം ഇല്ലായിരുന്നു. ചിലതില്‍ രക്തം മാത്രം തലം കെട്ടി നിന്നിരുന്നു. ചിലതില്‍ കബന്ധങ്ങള്‍ പൊങ്ങി കിടന്നിരുന്നു.

മരണം. ആ രാത്രിക്ക് ശേഷം അതായിരുന്നു പ്രകൃതി.

ഒടുവില്‍ അവള്‍ രക്തം കലര്‍ന്ന ജലമോ, കബന്ധങ്ങള്‍ പൊങ്ങിയ ജലമോ കുടിക്കാം എന്ന അവസ്ഥയിലെത്തി. ദാഹം അവളെ ആ അവസ്ഥയില്‍ എത്തിച്ചു.

ആദ്യം കണ്ട നീര്‍ത്തടം ലക്ഷ്യമാക്കി അവള്‍ നടന്നു.

നടന്ന വഴികളിലെ ക്രൂരത, തന്‍റെ പാദം തണുപ്പിക്കാന്‍ കാലുകള്‍ പതുക്കെ ജലത്തില്‍ മുക്കിയപ്പോള്‍, ചൂടും അമ്ലവും കലര്‍ന്ന തിളയ്ക്കുന്ന ജലം. കനലുകളിലൂടെ നടന്ന പാദങ്ങള്‍ കൂടുതല്‍ ചൂട് ഏറ്റുവാങ്ങി.

അവളുടെ പ്രജ്ഞ മങ്ങിയിരുന്നു. കുടിക്കാന്‍ കുറച്ചു വെള്ളം. ദാഹം മാറ്റണം. അത് മാത്രം ആയിരുന്നു ചിന്ത. 

കൈകള്‍ ജലത്തില്‍ മുക്കി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരു കൈ അവളുടെ കൈകളില്‍ തട്ടി. ആ കൈ കഴിഞ്ഞ രാത്രി തന്‍റെ മാറിടം പുണര്‍ന്ന കൈ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് അവളെ തെല്ലും അല്ലട്ടിയില്ല.

ആ കൈ തട്ടി മാറ്റി, അമ്ലം കലര്‍ന്ന ഒരു കുമ്പിള്‍ ജലം അവളുടെ ദാഹം മാറ്റുമ്പോള്‍, അവന്‍റെ ഓര്‍മ്മകള്‍ തെല്ലും അവളെ അലട്ടിയില്ല.

ആ രാത്രിയും, അതിന്റെ കെടുതികളും അവളെ ഒട്ടും ദുഖിപ്പിച്ചില്ല.

കുറെ മാറി അവള്‍ കിടന്നു, തന്‍റെ പുതിയ അവകാശിക്കായുള്ള കാത്തിരുപ്പുമായി.